കാസറഗോഡ്: സ്വന്തം അധ്വാനത്തിൽ നിന്നും രണ്ടായിരത്തോളം യുവമിഥുനങ്ങൾക്ക് മംഗല്യ ഭാഗ്യം ഒരുക്കുകയും, കൊല്ലം ജില്ലയിലെ അയത്തിൽ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന റൈസ് ബാങ്ക് ' എന്ന ആശയത്തിലൂടെ നിരവധി പാവപ്പെട്ട പെൺകുട്ടികൾക്ക് ആശ്രയമാവുകയും ചെയ്ത ജീവകാരുണ്യ പ്രവർത്തകൻ ഉടയോൻ ജമാലിന് മദർ തെരേസ പുരസ്‌കാരം നൽകി ആദരിക്കുമെന്ന് ഷെയ്ഖ് സായിദ് ഫൗണ്ടേഷൻ ഭാരവാഹികളായ ഇർഫാന ഇഖ്ബാൽ, കൂക്കൾ ബാലകൃഷ്ണൻ, കെ. വി. മധുസൂദനൻ എന്നിവർ വാർത്താ കുറിപ്പിൽ അറിയിച്ചു.

ഒരു ലക്ഷം രൂപയും, പ്രശംസിപത്രവും, പൊന്നാടയും ഒക്ടോബർ 21 ന് കാസറഗോഡ് ഉപ്പളയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സമ്മാനിക്കും. നിർധന പെൺകുട്ടികളുടെ വിവാഹം, അനാഥ സംരക്ഷണം, സൗജന്യ ഭവന പദ്ധതികൾ, നിർധന കുടുംബങ്ങൾക്കുള്ള ഭക്ഷ്യ കിറ്റുകൾ തുടങ്ങി സമൂഹത്തിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങൾക്ക് താങ്ങും തണലുമാണ് ഉടയോൻ ജമാൽ എന്ന് ഫൗണ്ടേഷൻ വിലയിരുത്തി. നിരവധി ജീവകാരുണ്യ സാമൂഹ്യ സംഘടനകളിൽ സജീവസാന്നിധ്യമാണ് കൊല്ലം അയത്തിൽ സ്വദേശി കൂടിയായ ഉടയോൻ ജമാൽ.