പെരുമ്പാവൂർ: പെരിയാർ വാലി ഇറിഗേഷൻ പദ്ധതിയുടെ പെരുമ്പാവൂർ പട്ടാലിലുള്ള സ്ഥലത്ത് എം എൽ എ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ചിൽഡ്രൻസ് പാർക്ക് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.

പെരുമ്പാവൂർ എംഎ‍ൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ ചെലവഴിച്ചാണ് പാർക്ക് പുനർനിർമ്മിച്ചത്. ആലുവ - മൂന്നാർ റോഡിനോട് ചേർന്നു മനോഹരമായി ഒരുക്കിയിരിക്കുന്ന പാർക്കിൽ കുട്ടികൾക്ക് ഉല്ലസിക്കാൻ 7 റൈഡുകളാണു ക്രമീകരിച്ചിരിക്കുന്നത്.

പുൽത്തകിടിയും നടപ്പാതയും വേണ്ടത്ര ഇരിപ്പിടങ്ങളും തണൽ മരങ്ങളും പാർക്കിലുണ്ട്. ഒപ്പം കഫെറ്റീരിയയും ശുചിമുറി സംവിധാനവും ഒരു സെക്യൂരിറ്റിമുറിയും ഒരുക്കിയിട്ടുണ്ട്. പാർക്കിൽ ഉദ്ഘാടന ദിവസം പ്രവേശനം സൗജന്യമായിരുന്നു. പാർക്കിൽ വിവിധ തരത്തിലുള്ള ഉപകരണങ്ങളിൽ കയറുന്നതിനു നിശ്ചിത ഫീസ് ഉണ്ടായിരുന്നുതും പാർക്കിൽ പ്രവേശിക്കുന്നതിനും 20 രൂപ ഫീസ് ഉണ്ടായിരിക്കുന്നതാണ്.

ഐ.പി.ടി.എം.സിയുടെ (ഇറിഗേഷൻ പ്രോജക്ട് ടൂറിസം മാനേജ്‌മെന്റ് കമ്മിറ്റി ) മേൽനോട്ടത്തിലായിരിക്കും പാർക്കിന്റെ പ്രവർത്തനം. ഐ.പി.ടി.എം.സിയുടെ ചെയർമാൻ എൽദോസ് കുന്നപ്പിള്ളിൽ എംഎ‍ൽഎയും, വൈസ് ചെയർപേഴ്‌സൺ ജില്ലാ കലക്ടറും സെക്രട്ടറി പെരിയാർവാലി എക്സിക്യൂട്ടീവ് എഞ്ചിനീയറും ആണ്.

ചിൽഡ്രൻസ് പാർക്ക് അങ്കണത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എംഎ‍ൽഎ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എംപി മുഖ്യാതിഥിയായിരുന്നു. നഗരസഭാ ചെയർമാൻ ടി.എം സക്കീർ ഹുസൈൻ, മുൻ എംഎ‍ൽഎ സാജു പോൾ, ട്രാവൻകൂർ സിമന്റ്സ് ചെയർമാൻ ബാബു ജോസഫ്, കുന്നത്ത് നാട് തഹസിൽദാർ വിനോദ് രാജ്, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ, വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻവർ അലി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, ശാരദാ മോഹൻ, വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. ബി ഹമീദ്, ഒക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മനോജ് തോട്ടപ്പിള്ളി, രായമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എൻ പി അജയകുമാർ, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി അവറാച്ചൻ, കൂവപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിനി ബാബു, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിൽ പാർക്കിന്റെ നിർമ്മാണ ഏജൻസിയായ തിരുവനന്തപുരം ആസ്ഥാനമായ സ്റ്റേറ്റ് അഗ്രി ഹോർട്ടി സൊസൈറ്റി ഉദ്യോഗസ്ഥർ, മേൽനോട്ടം നിർവ്വഹിച്ച നിർമ്മിതി കേന്ദ്ര പ്രതിനിധികൾ തുടങ്ങിയവർ സജീവ സാന്നിധ്യമായി.

വൈകീട്ട് സാംസ്‌കാരിക സമ്മേളനവും കലാസന്ധ്യയും ഇതിനോട് അനുബന്ധിച്ച് സംഘടിപ്പിച്ചു.