- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊടിമറ്റം സെന്റ് മേരീസ് പള്ളിസുവർണ്ണജൂബിലി സമാപനാഘോഷങ്ങൾക്ക് ശനിയാഴ്ച ജപമാലറാലിയോടെ തുടക്കം
പൊടിമറ്റം: പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവക പ്രഖ്യാപന സുവർണ്ണജൂബിലിയാഘോഷ സമാപനത്തിന് ശനിയാഴ്ച (24.09.2022) നടക്കുന്ന ജപമാലറാലിയോടെ തുടക്കമാകും. ഉച്ചകഴിഞ്ഞ് 3.45ന് പൊടിമറ്റം സിഎംസി പ്രൊവിൻഷ്യൽ ഹൗസ് ചാപ്പലിൽ പ്രാർത്ഥനാശുശ്രൂഷകൾക്കുശേഷം ഇടവക വിശ്വാസിസമൂഹമൊന്നാകെ പങ്കെടുക്കുന്ന ജപമാലറാലി ആരംഭിക്കും.
പേപ്പൽ പതാകയേന്തിയ 50 ബൈക്കുകളിൽ യുവജനങ്ങൾ റാലിയുടെ മുൻനിരയിൽ അണിചേരും. തുടർന്ന് 50 കൊടികളുമായി കുട്ടികളും വെള്ളക്കുടകളേന്തി വനിതകളും പങ്കെടുക്കും. മാതാവിന്റെ തിരുസ്വരൂപം അലങ്കരിച്ച വാഹനത്തിനു പിന്നാലെ ചെണ്ടമേളങ്ങളും തുടർന്ന് 32 കുടുംബക്കൂട്ടായ്മാ ലീഡർമാരുടെ നേതൃത്വത്തിൽ ഇടവകസമൂഹം ജപമാല ചൊല്ലി നീങ്ങും. സെമിനാരിയംഗങ്ങൾ, വിവിധ സന്യാസ സഭാംഗങ്ങൾ എന്നിവർക്കു പിന്നാലെ ബാൻഡുമേളവും അതിനു പിന്നിലായി മാതാവിന്റെ തിരുസ്വരൂപം കൈകളിലേന്തി പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവരും നീങ്ങും. ജപമാലറാലി പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ കുരിശടിയിൽ അവസാനിക്കുമ്പോൾ സമാപന പ്രാർത്ഥനയ്ക്ക് വികാരി ഫാ.മാർട്ടിൻ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടിൽ എന്നിവർ നേതൃത്വം നൽകും. തുടർന്ന് 5ന് ഇടവകയിൽ സേവനമനുഷ്ഠിച്ചിട്ടുള്ള മുൻവികാരിമാരുടെ കാർമ്മികത്വത്തിൽ സമൂഹബലി അർപ്പിക്കും.
25-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് കാഞ്ഞിരപ്പള്ളി രൂപതാ മുൻ അധ്യക്ഷൻ മാർ മാത്യു അറയ്ക്കലിന്റെ മുഖ്യകാർമ്മികത്വത്തിൽ പൊന്തിഫിക്കൽ കുർബാന. 4.15ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയെ പള്ളിയുടെ മുഖ്യകവാടത്തിൽ സ്വീകരിച്ച് സെന്റ് മേരീസ് ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിക്കും. മാർ മാത്യു അറയ്ക്കലിന്റെ അധ്യക്ഷതയിൽ ചേരുന്ന ജൂബിലി സമാപന സമ്മേളനം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്യും.
ബിഷപ് മാർ ജോസ് പുളിക്കൽ ജൂബിലി സന്ദേശം നൽകും. കാഞ്ഞിരപ്പള്ളി രൂപത വികാരിജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടിൽ, ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് സഭ പ്രൊവിൻഷ്യൽ സിസ്റ്റർ അമല എഫ്സിസി, സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാര് അഡ്വ.വി സി.സെബാസ്റ്റ്യൻ എന്നിവർ സംസാരിക്കും. 6.30ന് ആരംഭിക്കുന്ന ഇടവകദിനാഘോഷ സ്നേഹവിരുന്നോടെ സുവർണ്ണജൂബിലിയാഘോഷങ്ങൾ സമാപിക്കും.