- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കൾ: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
പൊടിമറ്റം: പരസ്പരം ഉത്തരവാദിത്വം പങ്കുവയ്ക്കുന്നവരായിരിക്കണം സഭാമക്കളെന്ന് സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പൊടിമറ്റം സെന്റ് മേരീസ് പള്ളിയുടെ ഇടവകപ്രഖ്യാപന സുവർണജൂബിലിയാഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കർദിനാൾ.
സഭയൊന്നായിട്ടാണ് ചിന്തിക്കേണ്ടത്, ഒന്നായിട്ടാണ് സംസാരിക്കേണ്ടത്, ഒന്നായിട്ടാണ് പ്രവർത്തിക്കേണ്ടത്. സഭയെ മറ്റൊന്നായി കണ്ട് വിമർശിക്കേണ്ടതില്ല. ആധുനിക കാലഘട്ടത്തിൽ മക്കളെ വിശ്വാസം നഷ്ടപ്പെടുത്താതെ വളർത്തുവാൻ മാതാപിതാക്കൾ ജാഗ്രത പുലർത്തുകയും അവരോടൊപ്പം സഞ്ചരിക്കുകയും വേണം. സമൂഹത്തിലെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സമൂഹത്തോടൊപ്പം മുന്നിട്ടിറങ്ങേണ്ടവരാണ് വിശ്വാസികളെന്നും മാർ ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.
സെന്റ് മേരീസ് ഓഡിറ്റോറിയത്തിൽ നടന്ന ജൂബിലി സമാപനചടങ്ങിൽ കാഞ്ഞിരപ്പള്ളി രൂപത ബിഷപ് എമിരറ്റസ് മാർ മാത്യു അറയ്ക്കൽ അധ്യക്ഷത വഹിച്ചു. രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ ജൂബിലി സന്ദേശം നൽകി. വികാരിജനറാൾ ഫാ. ജോസഫ് വെള്ളമറ്റം, വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, സഹവികാരി ഫാ. സിബി കുരിശുംമൂട്ടിൽ, എഫ്സിസി പ്രൊവിൻഷ്യൽ സിസ്റ്റർ അമല എഫ്സിസി, സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി സി. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
ഇടവക ജൂബിലിയാഘോഷത്തോടനുബന്ധിച്ച് പൗരോഹിത്യജൂബിലി ആഘോഷിക്കുന്ന വികാരി ഫാ. മാർട്ടിൻ വെള്ളിയാംകുളം, ഇടവകാംഗമായ ഫാ. മാത്യു എംബ്രായിൽ, 42 വർഷക്കാലമായി ഇടവകയിൽ അക്കൗണ്ടന്റായി സേവനം ചെയ്യുന്ന തോമസുകുട്ടി കിഴക്കേത്തലയ്ക്കൽ എന്നിവരെ മാർ ജോർജ് ആലഞ്ചേരി ആദരിച്ചു. ഇടവക ഡയറക്ടറിയുടെയും ജൂബിലി സുവനീറിന്റെയും പ്രകാശനവും നിർവഹിക്കപ്പെട്ടു.
ഉച്ചകഴിഞ്ഞ് 2.30ന് മാർ മാത്യു അറയ്ക്കലിന്റെ കാർമികത്വത്തിൽ അർപ്പിക്കപ്പെട്ട പൊന്തിഫിക്കൽ കുർബാനയോടെ ജൂബിലി സമാപന ആഘോഷങ്ങൾ ആരംഭിച്ചു. തുടർന്ന് സെന്റ് മേരീസ് പള്ളി കവാടത്തിലെത്തിച്ചേർന്ന മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇടവക വിശ്വാസിസമൂഹം ആവേശോജ്വലമായ വരവേല്പ് നൽകി സെന്റ് മേരീസ് ഓഡിറ്റോറിയത്തിലേയ്ക്ക് ആനയിച്ചു. ജൂബിലി സ്മരണയ്ക്കായി കർദ്ദിനാൾ വൃക്ഷത്തൈ നട്ടു.
ജൂബിലി വർഷാചരണത്തിന്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണ് ഇടവക ഇതിനോടകം സംഘടിപ്പിച്ചത്. തിരുസ്വരൂപപ്രയാണം, മുതിർന്നവരെ ആദരിക്കൽ, മിഷൻലീഗ് സംഗമം, യുവജനജാഗരണ പ്രാർത്ഥന, യുവജനദിനം, മെഗാമെഡിക്കൽ ക്യാമ്പ്, സമർപ്പിത സംഗമം, മാതൃസംഗമം, ഇടവകനേതൃസമ്മേളനം, വിഭവസമാഹരണം, സ്നേഹാശ്രമസന്ദർശനം, പ്രാർത്ഥനാദിനം, മരിയൻ പദയാത്ര, മരിയൻ ഗാനമത്സരം, കൃതജ്ഞതാബലി എന്നിവ അവയിൽ ചിലതുമാത്രം.
ജൂബിലിയാഘോഷ സമാപനത്തിന് കൈക്കാരന്മാരായ ജോയി കല്ലുറുമ്പേൽ, റജി കിഴക്കേത്തലയ്ക്കൽ, സാജു പടന്നമാക്കൽ, പാരീഷ് കൗൺസിൽ സെക്രട്ടറി വർഗീസ് ജോർജ് രണ്ടുപ്ലാക്കൽ, ജനറൽ കൺവീനർ ജോജി വാളിപ്ലാക്കൽ, കോർഡിനേറ്റേഴ്സ് സിസ്റ്റർ ലിൻസി സിഎംസി, സിസ്റ്റർ അർച്ചന എഫ്സിസി, ജോർജ്കുട്ടി വെട്ടിക്കൽ, ജോർജ്കുട്ടി ആഗസ്തി, സിബിച്ചൻ കിഴക്കേത്തലയ്ക്കൽ, ജെയ്സൺ ജോസഫ് ചെംബ്ലായിൽ, സിറിൾ ഇലഞ്ഞിമറ്റം, ജോസ് വെട്ടിക്കൽ, സിസ്റ്റർ വിമൽ എസ്എച്ച്, കൂട്ടായ്മാ ലീഡർമാർ, വിവിധ സംഘടനാഭാരവാഹികൾ എന്നിവരടങ്ങുന്ന 300 അംഗ സംഘാടകസമിതി നേതൃത്വം നൽകി.