- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ജീവനക്കാരുടെ കൂട്ടായ്മയായ' ഒറ്റയ്ക്കല്ല ഒരുമിച്ച്' സമര പ്രഖ്യാപന കൺവൻഷൻ നടത്തി;ഒക്ടോബർ 1 മുതൽ പണിമുടക്കാൻ ആഹ്വാനം
കെഎസ്ആർടിസി ജീവനക്കാരുടെ കൂട്ടായ്മ 'ഒറ്റയ്ക്കല്ല ഒരുമിച്ച് ' വൈറ്റില അനുഗ്രഹ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ച് കെഎസ്ആർടിസി മാനേജ്‌മെന്റും സർക്കാരും സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ സമര പ്രഖ്യാപന കൺവൻഷൻ നടത്തി. കൂട്ടായ്മയുടെ ചെയർമാൻ ബിജു അയ്യമ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ കൺവൻഷൻ കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംസ്ഥാന പ്രസിഡന്റ് പ്രൊഫ: കെ. അരവിന്ദാക്ഷൻ ഉൽഘാടനം ചെയ്തു.
'വളരെയധികം പ്രതീക്ഷകൾ നൽകിക്കൊണ്ട് ഭരണത്തിൽ വന്ന ഇടതുപക്ഷ സർക്കാർ മുന്നു മാസം കൊണ്ട് തന്നെ തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നിലപാടുകൾ കൊണ്ട് നേരായി ചിന്തിക്കുന്നവരുടെ പ്രതീക്ഷയ്ക്ക് മങ്ങലേൽപ്പിച്ചു. കെഎസ്ആർടിസി തൊഴിലാളികൾ ഒറ്റയ്ക്കല്ലെന്നും ഈ പൊതുമേഖലാ സ്ഥാപനത്തെ നിലനിർത്താൻ വേണ്ടി നടത്തുന്ന പോരാട്ടത്തോടൊപ്പം ബഹുജനങ്ങൾ ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സി.ആർ. നീലകണ്ഠൻ മുഖ്യ പ്രഭാഷണവും നടത്തി. 'പൊതു ഗതാഗത സംവിധാനം ലാഭ - നഷ്ട കണക്ക് നോക്കി പ്രവർത്തിക്കേണ്ട ഒന്നല്ല. നികുതി പിരിക്കുന്ന സർക്കാരിന്റെ ബാദ്ധ്യതയാണ് ജനങ്ങൾക്ക് യാത്രാസൗകര്യം ഏർപ്പെടുത്തികൊടുക്കുക എന്നത്. അതുകൊണ്ട് ഈ സ്ഥാപനം പൊതുമേഖലയിൽ സംരക്ഷിക്കണം. എല്ലാ തൊഴിൽനിയമങ്ങൾക്കും എതിരായ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്നതും പിൻവലിക്കണം.
കെഎസ്ആർടിസി നഷ്ടത്തിലാണ് എന്ന കള്ള പ്രചരണം എന്തിന് വേണ്ടിയാണെന്ന് ചിന്തിക്കണം. കെഎസ്ആർടിസിയുടെ ആസ്തി തിട്ടപ്പെടുത്തിയിട്ടില്ല. വരവുചെലവു കണക്കുകൾ 2016 ന് ശേഷം ഓഡിറ്റിന് വിധേയമാക്കിയിട്ടില്ല. പൊതുഗതാഗത സംവിധാനം ശക്തിപ്പെടുത്തി നിലനിർത്തേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. ലാഭകരമാക്കാനെന്ന വ്യാജേന നടത്തുന്ന നടപടികളൊന്നും തന്നെ അതിനു പര്യാപ്തമല്ല. സ്വകാര്യവൽക്കരണ നടപടികളൊന്നും തന്നെ പൊതുജന താൽപര്യം സംരക്ഷിക്കപ്പെടുന്നില്ല. കൂട്ടായ്മ ഉന്നയിച്ചിരിക്കുന്ന ആവശ്യങ്ങൾ നേടിയെടുക്കാൻ പ്രക്ഷോഭണ മാർഗ്ഗങ്ങൾ മാത്രമാണ് നമ്മുടെ മുന്നിലുള്ളത് ' എന്നും സി.ആർ. നീലകണ്ഠൻ അഭിപ്രായപ്പെട്ടു.
കെഎസ്ആർടിസിയിലെ വിഷയങ്ങളും അംഗീകൃത തൊഴിലാളി സംഘടനാ നേതാക്കളുടെ നിലപാടുകളും കൺവൻഷനിൽ പങ്കെടുത്ത KSRTC വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എസ് .സീതിലാൽ വിശദീകരിച്ചു. 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി എന്ന തീരുമാനം പിൻവലിക്കണം. അംഗീകൃത യൂണിയൻ നേതാക്കന്മാർ ഈ നിർദ്ദേശം അംഗീകരിച്ച് ശമ്പള വർദ്ധനകരാർ ഒപ്പിട്ടിട്ടുണ്ട് എന്ന മന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ഒരു നേതാവും മറുത്ത് പറയാത്തത് തന്നെ ഇവർ സമ്മതിച്ചിട്ടുണ്ട് എന്നതിന് തെളിവാണ്. സുശീൽ ഖന്ന റിപ്പോർട്ട് ഈ സ്ഥാപനം സ്വകാര്യവൽക്കരിക്കുന്നതിനുള്ള നിർദ്ദേശങ്ങളാണ്. ഈ കാര്യങ്ങളെല്ലാം വ്യക്തമായി മനസ്സിലാക്കിക്കൊണ്ട് തൊഴിലാളികൾ സമര രംഗത്തേക്ക് വരണമെന്ന് സീതിലാൽ തൊഴിലാളികളോട് അഭ്യർത്ഥിച്ചു.
എ.ഐ.യു.ടി.യു.സി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. ദിനേശൻ . കൂട്ടായ്മ നേതാവ് വി എസ്.രാധാകൃഷ്ണൻ വർക്കേഴ്‌സ് ഫെഡറേഷൻ സംസ്ഥാന ട്രഷറർ അനിൽ എം.എൻ. അനിൽ എന്നിവർ പ്രസംഗിച്ചു. ഒക്ടോബർ 1 മുതൽ നടക്കുന്ന പണിമുടക്കിൽ തൊഴിലാളികൾ കക്ഷി രാഷ്ടീയത്തിനതീതമായി പങ്കെടുക്കണമെന്ന് അഭ്യർത്ഥിച്ചു.