തൃശ്ശൂർ: ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ ചാപ്റ്ററായ തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ പ്രവർത്തന മികവിൽ ഇന്ത്യയിൽ വീണ്ടും ഒന്നാമത്. തൃശ്ശൂർ മാനേജ്‌മെന്റ് അസോസിയേഷൻ 5-ാം തവണയാണ് ഈ അംഗീകാരം നേടുന്നത്. ടി.എം.എയുടെ ഒരു വർഷത്തെ പ്രവർത്തനങ്ങളെ ആസ്പദമാക്കിയാണ് തെരെഞ്ഞെടുത്തത്.

ടി.എം.എയുടെ വലപ്പാട് നാട്ടിക തളിക്കുളം എന്നീ പഞ്ചായത്തുകളുമായി ചേർന്നുള്ള മാലിന്യ നിർമ്മാർജന പദ്ധതികൾ വിലങ്ങൻകുന്ന് ടൂറിസം സമഗ്ര വികസന പദ്ധതി, സ്റ്റാർട്ട് അപ്പ് മെന്റർഷിപ്പ് പ്രോഗ്രാമുകൾ, 2000 വിദ്യാർത്ഥികൾ ഉൾപ്പെടുത്തിയുള്ള മാനേജ്‌മെന്റ് പരിശീലന പരിപാടികൾ, ഡി.ഐ.സിയുടെ സഹകരണത്തോടെ പീഡിത വ്യവസായങ്ങളുടെ പുരനുജ്ജീവന പദ്ധതികൾ തുടങ്ങിയവ മുൻനിർത്തിയാണ് അംഗീകാരം നൽകിയത്

സെപ്റ്റംബർ 21ന് ഡൽഹിയിൽ നടന്ന ഓൾ ഇന്ത്യ മാനേജ്‌മെന്റ് അസോസിയേഷന്റെ വാർഷിക കൺവെൻഷനിൽ വെച്ച് പ്രസിഡന്റ് സി.കെ. രംഗനാഥന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ നീതി ആയോഗ് ചെയർമാനും ജി.20 ഷെർപ്പയുമായ അമിതാഭ് കാന്തിൽ നിന്ന് ടി.എം.എയുടെ 2021-22 കാലഘട്ടത്തിലെ പ്രസിഡന്റ് വിനോദ് മഞ്ഞിലയും, സെക്രട്ടറി ഫ്രാൻസിസ് ജോർജ്ജും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. ചടങ്ങിൽ എ.ഐ.എം.എ ഡയറക്ടർ ജനറൽ രേഖാ സേത്തി, വൈസ് പ്രസിഡന്റുമാരായ ശ്രീനിവാസ് ഡെംപോ, നിഖിൽ ഷേണായ് എന്നിവർ പങ്കെടുത്തു.