കോട്ടയം: കേരളത്തിലെ റബർമേഖല നേരിടുന്ന പ്രതിസന്ധികൾ സമാനതകളില്ലാ ത്തതാണെന്നും വരുംദിവസങ്ങളിൽ ഉല്പാദനക്കുറവും വിലത്തകർച്ചയുംമൂലം അതിരൂക്ഷമാകുമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ: വി സി സെബാസ്റ്റ്യൻ പറഞ്ഞു.

കാലാവസ്ഥാവ്യതിയാനവും ഇലക്കേടുമുൾപ്പെടെ വിവിധ പ്രശ്നങ്ങൾമൂലം ഉല്പാദനത്തിൽ വൻ കുറവാണ് കേരളത്തിൽ ഈ വർഷം നിലവിലുള്ളത്. മുൻകാലങ്ങളിലെല്ലാം സെപ്റ്റംബർ, ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഉല്പാദനം ഏറ്റവും കൂടുതൽ ഉണ്ടായിരുന്നതെങ്കിലും ഈ വർഷമിത് പിന്നോട്ടടിക്കുമെന്നുറപ്പാണ്. ഉല്പാദനം കുറഞ്ഞിട്ടും വിപണിവില ഉയരാത്തതും കർഷകർക്ക് വൻ പ്രഹരമാകുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളും റബർബോർഡും കാലങ്ങളായി തുടരുന്ന ഉത്തരവാദിത്വരഹിതമായ ഒളിച്ചോട്ടവും കർഷക വഞ്ചനാസമീപനവും അവസാനിപ്പിച്ച് ന്യായവില ഉറപ്പാക്കുന്നില്ലെങ്കിൽ കർഷകർ റബർകൃഷി ഉപേക്ഷിക്കുന്നതാണ് ഉത്തമം.

നിലവിലുള്ള രാജ്യാന്തര വ്യാപാരക്കരാറുകളും കേന്ദ്രസർക്കാർ ഏർപ്പെടാനൊരുങ്ങുന്ന പുതിയ രണ്ടു ഡസനോളം സ്വതന്ത്രവ്യാപാരക്കരാറുകളും സൃഷ്ടിക്കുന്ന വരാൻപോകുന്ന വലിയ പ്രതിസന്ധി പ്രകൃതിദത്ത റബറിന്റെ ആഭ്യന്തരവിപണി തകർക്കുന്നതാണ്. ആസിയാൻ രാജ്യങ്ങൾ കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള റബർ ഇറക്കുമതി ഉയരുമ്പോഴും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ റബർ ഉല്പാദനം സജീവമാകുമ്പോഴും കേരളത്തിലെ കർഷകർക്കും വൻ പ്രഹരമാകും.

കാലഹരണപ്പെട്ട ഭൂനിയമങ്ങൾ പൊളിച്ചെഴുതുന്നില്ലെങ്കിൽ വിളമാറ്റകൃഷിക്കും കേരളത്തിൽ സാധ്യത മങ്ങും. തോട്ടം പുരയിടമുൾപ്പെടെയുള്ള ഭൂപ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്താതെ സർക്കാർ നിഷ്‌ക്രിയരായി അട്ടിമറിക്കുന്നത് ശരിയല്ല. പരിസ്ഥിതിലോലം, ബഫർസോൺ, മറ്റു ഭൂപ്രശ്നങ്ങൾ, വന്യമൃഗശല്യം ഇവയെല്ലാംമൂലം കാർഷികമേഖല തകർന്നടിഞ്ഞിട്ടും ഭരണസംവിധാനങ്ങളുടെ കണ്ണുതുറക്കാത്തത് ദുഃഖകരമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.