തിരുവനന്തപുരം: സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സ്‌പോൺസർഷിപ്പ് സംരംഭമായ വിദ്യാധൻ ഈ വർഷം ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ വ്യാപിപ്പിക്കുന്നു. നിർധന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനായുള്ള സാമ്പത്തിക സഹായവും മാർഗ്ഗനിർദ്ദേശവും നൈപുണ്യ പരിശീലനവും നൽകുന്നതിന് കുമാരി ഷിബുലാലും എസ് ഡി ഷിബുലാലും ചേർന്ന് ഷിബുലാൽ കുടുംബത്തിന്റെ മേൽനോട്ടത്തിൽ നടത്തിവരുന്ന കാരുണ്യ സംരംഭമാണ് വിദ്യാധൻ. പുതുതായി ബീഹാർ, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ മൂന്നു സംസ്ഥാനങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതോടുകൂടി വിദ്യാധന്റെ പ്രവർത്തനം ഇന്ത്യയൊട്ടാകെ വ്യാപിച്ചിരിക്കുകയാണ്.

1999ൽ വിദ്യാധൻ സ്ഥാപിതമായ കാലഘട്ടം മുതൽ ഒട്ടനേകം വിദ്യാർത്ഥികളെ മികച്ച തൊഴിലുകൾക്ക് വേണ്ടി പ്രാപ്തരാക്കാൻ സംരംഭത്തിന് സാധിച്ചിട്ടുണ്ട്. ഈ വർഷം പുതിയതായി അനുവദിച്ച 1600 പേർക്കുള്ള സ്‌കോളർഷിപ്പുകളിലേക്ക് 40,000 ത്തോളം അപേക്ഷകളാണ് ലഭിച്ചത്. പല സംസ്ഥാനങ്ങളിലും സ്‌കോളർഷിപ്പ് നടപടിക്രമങ്ങൾ അവസാനിക്കാത്തതിനാൽ അപേക്ഷകളുടെ എണ്ണം ഇനിയും കൂടുമെന്ന് പ്രതീക്ഷിക്കുന്നു.

വിദ്യാധൻ സ്‌കോളർഷിപ്പിലേക്ക് സാമൂഹികക്ഷേമം ലക്ഷ്യം വയ്ക്കുന്നവർക്ക് പങ്കാളികളാകാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് യു എസ് ടി വിദ്യാധനിന്റെ ഭാഗമായി ഈ വർഷം സ്‌കോളർഷിപ്പ് ബഡ്ജറ്റിലേക്കുള്ള തുക ഇരട്ടിയാക്കാനുള്ള ധാരണാപത്രം ഒപ്പുവച്ചിട്ടുള്ളത്. സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങളിൽ നിന്നുള്ള മിടുക്കരായ കുട്ടികൾക്കുവേണ്ടി യു എസ് ടി യും വിദ്യാധനും കൈകോർത്ത് കാലാകാലങ്ങളായി ഒട്ടനവധി പദ്ധതികൾ ആവിഷ്‌കരിക്കുന്നുണ്ട്. വാർഷിക ബഡ്ജറ്റ് തുക ഇരട്ടിയാക്കുന്നതോടുകൂടി ഈ ബന്ധത്തിന്റെ ദൃഢത വർദ്ധിക്കും. ''ഈച്ച് വൺ ടീച്ച് വൺ' (ഓരോരുത്തരും, ഒരാളെ പഠിപ്പിക്കൂ) എന്ന വിശ്വാസത്തിലൂന്നി സ്പോൺസർമാരെയും വിദ്യാർത്ഥികളെയും സുതാര്യവും ഉത്തരവാദിത്തമുള്ളതുമായ സംവിധാനത്തിലേക്ക് വിദ്യാധൻ കൊണ്ടുവരുന്നു. കൂടുതൽ സംസ്ഥാനങ്ങളെ ഉൾക്കൊള്ളിച്ച് കൂടുതൽ വിദ്യാർത്ഥികളെ പിന്തുണയ്ക്കുന്നതിനുള്ള സംഭാവന ഇരട്ടിയാക്കിയ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു എസ് ടിയുമായുള്ള ധാരണ അത്തരമൊരു വിജയകരമായ പങ്കാളിത്തമാണ്.

തിരുവനന്തപുരം ഒ ബൈ താമര ഹോട്ടലിൽ ശനിയാഴ്ച സംഘടിപ്പിച്ച ഏകദിന പരിപാടിയിൽ പദ്ധതിയുടെ പങ്കാളികളും ഗുണഭോക്താക്കളും പങ്കെടുക്കുകയും അവരുടെ അഭിമാനകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു. ''സാമൂഹിക സ്വാധീനം സൃഷ്ടിക്കുന്ന പരിപാടികൾ സംഘടിപ്പിക്കുന്നതിൽ സർക്കാറിനും കോർപ്പറേറ്റുകൾക്കും പൗരന്മാർക്കും പങ്കുണ്ടെന്നും, വിദ്യാഭ്യാസത്തിലൂടെ നൂറുകണക്കിന് കുട്ടികളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിച്ച യു എസ് ടി യുടെയും വിദ്യാധനിന്റെയും പങ്കാളിത്തത്തിൽ അതിയായ സന്തോഷമുണ്ടെന്നും,' അമിതാഭ് കാന്ത് ഐ എ എസ് പറഞ്ഞു.

ദുഷ്‌കരമായ സമയത്ത് പോലും വിദ്യാധൻ പരിപാടിയെ പിന്തുണയ്ക്കുകയും വിശ്വാസമർപ്പിക്കുകയും ചെയ്ത യു എസ് ടി യോട് നന്ദി അറിയിക്കുന്നു എന്ന് സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി എസ് ഡി ഷിബുലാൽ പറഞ്ഞു. 'സമാന ചിന്താഗതിക്കാരായ കമ്പനികൾ ഞങ്ങളോടൊപ്പം ഈ ഉദ്യമത്തിൽ പങ്കാളികളായതിന്റെ ഫലം ഞങ്ങളുടെ പ്രവർത്തനങ്ങളിൽ കാണാൻ കഴിയും,' അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാധൻ സ്‌കോളർഷിപ്പിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ മിടുക്കരായ വിദ്യാർത്ഥികളിൽ പലരും ടി സി എസ്, ഇൻഫോസിസ്, എച്ച് സി എൽ, യു എസ് ടി, ബോഷ്, കെ പി എം ജി, എം ആർ എഫ്, യു എൻ ഐ എസ് വൈ എസ്, എം ബി ബി ലാബുകൾ, സർക്കാർ സ്ഥാപനങ്ങൾ, പ്രതിരോധസേനകൾ തുടങ്ങി നിരവധി സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരിൽ പ്രശസ്തമായ സർവകലാശാലകളിൽ ഉന്നത വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും പോയവരും കുറവല്ല. വിദ്യാധൻ സ്‌കോളർഷിപ്പിലൂടെ വിദ്യാഭ്യാസം പൂർത്തിയാക്കിയ പെൺകുട്ടികൾ സ്വയംതൊഴിൽ നേടുകയും അതുവഴി കുടുംബത്തിന്റെ അത്താണിയായി സമൂഹത്തിന് മാതൃകയാവുകയും ചെയ്യുന്നു. പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതിനെതിരായ പരമ്പരാഗത കാഴ്ചപ്പാടിനെ തകർക്കുന്ന നിലയിൽ വളരുവാൻ വിദ്യാധൻ സ്‌കോളർഷിപ്പിലൂടെ പെൺകുട്ടികൾക്ക് സാധിക്കുകയും ചെയ്യുന്നുണ്ട്.

വിദ്യാധൻ വെറുമൊരു പരിപാടി മാത്രമല്ലെന്നും, ഒരു വ്യക്തിക്ക് സമൂഹത്തിൽ മാറ്റം ഉണ്ടാക്കാൻ സാധിക്കുമെങ്കിൽ ഒരു കൂട്ടം വ്യക്തികൾക്ക് സമൂഹത്തിൽ വലിയൊരു മാറ്റം കൊണ്ടുവരാൻ സാധിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ സരോജിനി ദാമോദരൻ ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റിയായ കുമാരി ഷിബുലാൽ പറഞ്ഞു. 'പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾ വരുംകാലങ്ങളിൽ അവർക്ക് ലഭിച്ച സഹായം പിന്തുടർന്ന് വരുന്ന തലമുറയിലേക്ക് നൽകുന്നതാണ് എന്റെയും ഷിബുലാലിന്റെയും ലാഭവിഹിതം,' അവർ കൂട്ടിച്ചേർത്തു.

'ശരിയായ നിർവഹണ പങ്കാളിയെ കണ്ടെത്തുന്നത് സിഎസ്ആർ സംരംഭങ്ങളുടെ വിജയത്തിന് അനിവാര്യമാണെന്നും സീറോ അഡ്‌മിനിസ്ട്രേറ്റീവ് കോസ്റ്റ് മോഡൽ മാതൃകയിലുള്ള വിദ്യാധനിന്റെ സുതാര്യമായ പ്രവർത്തനങ്ങൾ പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥികൾക്ക് വ്യക്തമായ കാഴ്ചപ്പാട് നൽകുന്നുവെന്നും, അതാണ് വിദ്യാധനിനെ വ്യത്യസ്തമാക്കുന്നതെന്നും,' യു എസ് ടി സിഇഒ കൃഷ്ണ സുധീന്ദ്ര തന്റെ മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. വിദ്യാധൻ സ്‌കോളർഷിപ്പിന്റെ ഭാഗമായ വിദ്യാർത്ഥികൾക്ക് വേണ്ടത്ര മാർഗനിർദ്ദേശവും പരിശീലനവും നൽകാൻ യു എസ് ടി യിലെ ജീവനക്കാർ എന്നും സന്നദ്ധരാണെന്നും അദ്ദേഹം അറിയിച്ചു.

വിദ്യാധൻ സ്‌കോളർഷിപ്പിന്റെ ഗുണഭോക്താക്കളായ ഒട്ടനേകം പേർ പരിപാടിയിൽ സംസാരിച്ചു. കൂട്ടത്തിൽ ശാരീരിക വെല്ലുവിളി നേരിട്ടിരുന്ന അവസ്ഥയിൽ നിന്നും കോട്ടയം മെഡിക്കൽ കോളേജിലെ എംബിബിഎസ് വിദ്യാർത്ഥിനിയായ അർച്ചന വിജയന്റെ അനുഭവങ്ങൾ സദസ്സിനെ വികാരഭരിതമാക്കി. 'എന്റെ ഉള്ളിലെ ആഗ്രഹങ്ങളുടെ തീ അണയുന്നത് വരെ ഒരു ഡോക്ടർ ആകണമെന്ന എന്റെ സ്വപ്നത്തെ ആർക്കും തടയാൻ കഴിയില്ലെന്നും, വിദ്യാധൻ കുടുംബം നൽകുന്ന കരുതലും പങ്കുവയ്ക്കലും എന്നെപ്പോലുള്ള വിദ്യാർത്ഥികളെ മികച്ച രീതിയിൽ ലക്ഷ്യബോധത്തിലും പരസ്പര സ്നേഹത്തിലും ഉറച്ചുനിർത്താൻ സഹായിക്കുന്നെന്നും, വരുംകാലങ്ങളിൽ വിദ്യാധൻ സ്‌കോളർഷിപ്പുകളുടെ പങ്കാളിയായി നിന്നുകൊണ്ട് വിദ്യാർത്ഥികളെ സ്പോൺസർ ചെയ്യുമെന്നും,' അർച്ചന വിജയൻ പറഞ്ഞു.

വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് തയ്യാറാക്കുന്ന വിദ്യാധൻ പദ്ധതികൾ എങ്ങനെയാണ് എല്ലാ പങ്കാളികൾക്കും മൂല്യമുറപ്പുവരുത്തിയതെന്ന് വിദ്യാധൻ നാഷണൽ പ്രോഗ്രാം ഡയറക്ടർ മീരാ രാജീവൻ വിവരിച്ചു. സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ട്രസ്റ്റി പ്രൊഫസർ എസ് രാമാനന്ദ് സ്വാഗതം ആശംസിച്ചതിനൊപ്പം വിദ്യാധനിന്റെ നാൾവഴികളെക്കുറിച്ച് വിശദമായി സംസാരിച്ചു. വിദ്യാധൻ സ്‌കോളർഷിപ്പിന്റെ പ്രവർത്തനങ്ങളിൽ യു എസ് ടി, വിദ്യാധൻ പ്രതിനിധികൾ, വിദ്യാർത്ഥികൾ മുതലായവർ വഹിച്ച പങ്കിനെ പ്രകീർത്തിച്ചുകൊണ്ട് ട്രസ്റ്റിയായ ശ്രുതി ഷിബുലാൽ സദസ്സിനു നന്ദി പറഞ്ഞു.