മലപ്പുറം- 'മക്കളെ മയങ്ങല്ലേ' എന്ന ശീർഷകത്തിൽ ലഹരിവിരുദ്ധ മിഠായി വണ്ടിയുമായി നബിദിന റാലിയിൽ വിദ്യാർത്ഥികൾ നടത്തിയ വേറിട്ട ബോധവൽകരണപരിപാടി സാമൂഹ്യമാധ്യമങ്ങളിൽ തരംഗമാകുന്നു. സംസ്ഥാന സർക്കാറിന്റെ ലഹരിവിരുദ്ധ ക്യാംപയിനിന് പൂർണ പിന്തുണ പ്രഖ്യാപിച്ച് മലപ്പുറം ജല്ലയിലെ വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ വിദ്യാർത്ഥികളാണ് നബിദിന സ്‌നേഹറാലിയിൽ പുതുമയുള്ള ബോധവൽകരണരീതി അവതരിപ്പിച്ചത്. മിഠായികളിലൂടെയും മറ്റും ലഹരിമാഫിയ കുട്ടികളെ വലവീശുന്നു എന്ന വാർത്തകളെ തുടർന്നാണ് നന്മയുടെ പ്രതീകാത്മക മിഠായികൾ വിതരണം ചെയ്ത് ലഹരിവിരുദ്ധ മിഠായി വണ്ടിയുമായി നാസിറുൽ ഉലൂം മദ്റസ നബിദിന ഘോഷയാത്ര നടത്തിയത്. റാലിയുടെ ഈ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.

ലഹരിവിരുദ്ധ സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന ലഘുലേഖക്കൊപ്പം് മധുരം വിതരണം ചെയ്താണ് മിഠായി വണ്ടി കാഴ്ചക്കാരുടെ കയ്യടി നേടിയത്. മഹല്ല് കാരണവന്മാരുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ നടന്ന നബിദിന റാലിയിൽ 'മക്കളെ മയങ്ങല്ലേ' എന്ന ബാനറിന് കീഴിൽ പ്രത്യേക ബ്ലോക്കായി അണിനിരന്നാണ് വിദ്യാർത്ഥികൾ ലഹരിക്കെതിരെ ബോധവൽകരണം നടത്തിയത്. കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽകരിക്കുന്നതിനുള്ള മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളേന്തിയ വിദ്യാർത്ഥികൾക്ക് തൊട്ടുപിന്നിലായിരുന്നു ലഹരിവിരുദ്ധ മിഠായി വണ്ടി.

തീവ്രരാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പ്രവാചകനെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ചിത്രീകരിക്കുന്നതിനെതിരെ ദയാലുവാണെന്റെ നബി എന്ന പ്രമേയത്തിൽ സമാധാനസന്ദേശവാഹകരും റാലിയുണ്ടായിരുന്നു. ദഫ്, സ്‌കൗട്ട് സംഘങ്ങൾക്ക് പുറമെ, വിവിധ വർണങ്ങളിലും രൂപത്തിലുമുള്ള വേഷങ്ങൾ വിദ്യാർത്ഥി സംഘങ്ങളും റാലിക്ക് കൊഴുപ്പേകി. കൂടാതെ, സ്‌കേറ്റിങ് അഭ്യാസികൾ, ഫ്ളവർ ഷോ, പാരമ്പര്യകലാരൂപങ്ങളായ അറബനമുട്ട്, ഖവാലി തുടങ്ങിയവയും സ്നേഹ റാലിയുടെ പ്രധാന ആകർഷങ്ങളായിരുന്നു.

സ്നേഹറാലിക്ക് വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ കമ്മിറ്റി ഭാരവാഹികൾ, പൗരപ്രമുഖർ എന്നിവർക്കൊപ്പം കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ്, ഒ എസ് എഫ് പ്രവർത്തകരും റാലിയിൽ പങ്കാളികളായി.