ന്യൂഡൽഹി: കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ വീണ്ടും നിയമിതനായി. ബാംഗ്ലൂർ സെന്റ് ജോൺസ് മെഡിക്കൽ കോളജ് ഓഡിറ്റോറിയത്തിൽ ചേർന്ന സിബിസിഐയുടെ 142-ാമത് സ്റ്റാൻഡിങ് കമ്മറ്റിയാണ് ലെയ്റ്റി കൗൺസിൽ സെക്രട്ടറിയായി സെബാസ്റ്റ്യനെ വീണ്ടും നിയമിച്ചത്. 2025 ഒക്ടോബർ 14 വരെയാണ് കാലാവധി.

കോതമംഗലം രൂപത ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ലെയ്റ്റി കൗൺസിലിന്റെ ചെയർമാനും മാവേലിക്കര രൂപത ബിഷപ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, വാരാണസി രൂപത ബിഷപ് റൈറ്റ് റവ. യൂജിൻ ജോസഫ് എന്നിവർ അംഗങ്ങളുമാണ്.

ഇന്ത്യൻ ഫാർമേഴ്സ് മൂവ്മെന്റ് (ഇൻഫാം) ദേശീയ സെക്രട്ടറി ജനറലും, സ്വതന്ത്ര കർഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കൺവീനറും, കേരള കാത്തലിക് എഞ്ചിനിയറിങ് കോളജ് മാനേജ്മെന്റ്സ് അസോസിയേഷന്റെ എക്സിക്യൂട്ടീവ് സെക്രട്ടറിയുമാണ് വി സി.സെബാസ്റ്റ്യൻ. ഇന്ത്യൻ ക്രിസ്ത്യൻ കമ്യൂണിറ്റി നാഷണൽ കൗൺസിൽ ജനറൽ സെക്രട്ടറി, ലെയ്റ്റി വോയ്സ് ചീഫ് എഡിറ്റർ, വിവിധ സ്ഥാപനങ്ങളുടെയും സാമൂഹ്യ സന്നദ്ധസംഘടനകളുടെയും ഡയറക്ടർ ബോർഡംഗം, മാനേജ്മെന്റ് കൺസൾട്ടന്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്നു.

സീറോ മലബാർ സഭ അല്മായകമ്മീഷന്റെ പ്രഥമ സെക്രട്ടറിയായിരുന്ന സെബാസ്റ്റ്യന് സഭാ പ്രവർത്തനങ്ങൾക്ക് കത്തോലിക്കാസഭ ആഗോളതലത്തിൽ നൽകുന്ന ഏറ്റവും ഉന്നത അല്മായ അംഗീകാരമായ ഷെവലിയർ പദവി 2013 ഡിസംബറിൽ ലഭിച്ചു. വിവിധ രാജ്യങ്ങളിലും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും സീറോ മലബാർ സഭയിലെ അല്മായരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ നൽകിയ നേതൃത്വവും ഏറെ പ്രശംസനീയമാണ്. ക്രൈസ്തവസമൂഹം നേരിടുന്ന വിവിധ വിശ്വാസവെല്ലുവിളികളിലും ന്യൂനപക്ഷ, കാർഷിക, സാമൂഹിക രംഗങ്ങളുൾപ്പെടെ ആനുകാലികമായ ഒട്ടനവധി പ്രശ്നങ്ങളിലും സെബാസ്റ്റ്യൻ അവസരോചിതമായി നടത്തുന്ന ഇടപെടലുകൾ സഭയ്ക്കും പൊതുസമൂഹത്തിനും ശക്തിപകരുന്നതുമാണ്. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ 1988-ൽ ബോംബെയിൽ സംഘടിപ്പിച്ചതും വിശുദ്ധ മദർ തെരേസ പങ്കെടുത്തതുമായ അന്തർദേശീയ സെമിനാറും സീറോ മലബാർ സഭ അല്മായ കമ്മീഷന്റെ പ്രഥമ അന്തർദേശീയ അല്മായ അസംബ്ലിയും വി സി.സെബാസ്റ്റ്യന്റെ മികച്ച സംഘാടക പാടവത്തിന്റെ ഉദാഹരണങ്ങളാണ്.

ഇന്ത്യയിലെ 174 രൂപതകളിലായുള്ള ലാറ്റിൻ, സീറോ മലബാർ, സീറോ മലങ്കര റീത്തുകളിൽപെട്ട കത്തോലിക്കാ വിശ്വാസിസമൂഹത്തെ സഭയുടെ മുഖ്യധാരയിൽ കോർത്തിണക്കി ശക്തിപ്പെടുത്തുവാനുള്ള ഭാരത കത്തോലിക്കാ സഭയുടെ ഉപദേശകസമിതിയാണ് സിബിസിഐ ലെയ്റ്റി കൗൺസിൽ. വിവിധ അല്മായ പ്രസ്ഥാനങ്ങൾ, വിശ്വാസികൂട്ടായ്മകൾ എന്നിവയുടെ ഇടവക മുതൽ ദേശീയതലം വരെ ഏകീകരിച്ചുള്ള പ്രവർത്തങ്ങളും സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക തലങ്ങളിൽ സാക്ഷ്യങ്ങളും പങ്കാളികളുമാക്കി അല്മായ സമൂഹത്തെ വാർത്തെടുക്കാവാനുതകുന്ന കർമ്മപരിപാടികൾക്ക് രൂപം നൽകുകയെന്നതും ലെയ്റ്റി കൗൺസിൽ ലക്ഷ്യംവെയ്ക്കുന്നു.