സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ട്രാൻസ്ജെൻഡർ കലാമേള - 'വർണ്ണപ്പകിട്ട്' - ഒക്ടോബർ 15,16 തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. മേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി.ഒക്ടോബർ 14ന് വൈകിട്ട് നാലു മണിക്ക് വിവിധ കലാരൂപങ്ങൾ അണിനിരക്കുന്ന വിളംബര ജാഥയോടെ 'വർണ്ണപ്പകിട്ട്' ആരംഭിക്കും. ഒക്ടോബർ 15-ന് രാവിലെ അയ്യങ്കാളി ഹാളിൽ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു ഫെസ്റ്റിന്റെ ഉദ്ഘാടനവും ട്രാൻസ്‌ജെൻഡർ പുരസ്‌കാരങ്ങളുടെ വിതരണവും നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ മന്ത്രി  എം. ബി. രാജേഷ് മുഖ്യാതിഥിയാകും. മേയർ ആര്യാ രാജേന്ദ്രൻ, ശശി തരൂർ എം പി,  എം എൽ എ. വി കെ പ്രശാന്ത് എന്നിവർ വിശിഷ്ടാതിഥികളാകും. പൊതുവിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷത വഹിക്കും.

സമൂഹത്തിൽ വിവിധ മേഖലകളിൽ (കല, കായികം, വിദ്യാഭ്യാസം, സാഹിത്യം, സാമൂഹ്യപ്രവർത്തനം, സംരംഭകത്വം) പ്രാഗത്ഭ്യം തെളിയിച്ച ട്രാൻസ്‌ജെൻഡർ വ്യക്തികളെയാണ് ഉദ്ഘാടനച്ചടങ്ങിൽ പതിനായിരം രൂപ വീതം ക്യാഷ് അവാർഡും പ്രശസ്തിപത്രവും നൽകി ആദരിക്കുക.

തുടർന്ന്, അയ്യങ്കാളി ഹാൾ, യൂണിവേഴ്സ്റ്റി കോളേജ് എന്നിവിടങ്ങളിലായി നാലു വേദികളിലായി വർണ്ണപ്പകിട്ട് അരങ്ങേറും. അയ്യങ്കാളി ഹാളിൽ 16ന് നടക്കുന്ന സമാപനച്ചടങ്ങിൽ  എം എൽ എ . വി കെ പ്രശാന്ത് വിശിഷ്ടാതിഥിയാകും. പ്രശസ്ത പിന്നണിഗായിക ശ്രീമതി. മഞ്ജരി പങ്കെടുക്കും. മന്ത്രി ശ്രീ. ആന്റണി രാജു സമാപനച്ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബഹു. ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷയായിരിക്കും.

'നമ്മളിൽ ഞങ്ങളുമുണ്ട്' എന്നതാണ് കലോത്സവത്തിന്റെ മുദ്രാവാചകം. 21 ഇനങ്ങളിലായി വിവിധ ജില്ലകളിൽ നിന്നുള്ള 220 മത്സരാർത്ഥികൾ കലോത്സവത്തിൽ മാറ്റുരയ്ക്കും. ട്രാൻസ്‌ജെൻഡർ മെൻ, ട്രാൻസ്‌ജെൻഡർ വിമൻ എന്നിവർക്ക് പ്രത്യേകം പ്രത്യേകം മത്സരങ്ങളുണ്ടാകും.

അയ്യങ്കാളി ഹാളിൽ ഒന്നും യൂണിവേഴ്‌സിറ്റി കോളേജിൽ മൂന്നും വേദികളിലായാണ് മത്സരം. കൂടുതൽ യുവജനങ്ങളെയും, വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കുന്നതിനുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് പ്രധാന കലോത്സവ വേദിയായി തെരഞ്ഞെടുത്തിട്ടുള്ളത്.

ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലയ്ക്കും ട്രാൻസ്‌ജെൻഡർ മെൻ, ട്രാൻസ്‌ജെൻഡർ വിമൻ വിഭാഗങ്ങൾക്കും പ്രത്യേകം ക്യാഷ് അവാർഡുകൾ സമ്മാനിക്കും. കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന വ്യക്തിക്കും ജില്ലയ്ക്കും പ്രത്യേകം ട്രോഫികൾ നൽകും.

മ്യൂസിയം പരിസരത്തുനിന്നു ആരംഭിച്ച് യൂണിവേഴ്‌സിറ്റി കോളേജിൽ അവസാനിക്കുന്ന വിധമാണ് 14ന് വൈകീട്ട് ഘോഷയാത്ര ക്രമീകരിച്ചിരിക്കുന്നത്. ചെണ്ടമേളം, മുത്തുക്കുട, കരകാട്ടം എന്നിവയുടെ അകമ്പടിയോടെ വർണ്ണാഭമായി സംഘടിപ്പിക്കുന്ന ഘോഷയാത്രയിൽ ട്രാൻസ്‌ജെൻഡർ പ്രതിനിധികൾ, വിവിധ സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ വ്യക്തികൾ, കോളേജ് വിദ്യാർത്ഥികൾ, അദ്ധ്യാപകർ, എൻ സി സി/ എൻ എസ് എസ് വോളന്റിയർമാർ, സാമൂഹ്യനീതി വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുക്കും. വിളംബര ഘോഷയാത്രയുടെ ഫ്‌ളാഗ് ഓഫ് ബഹു. ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. അതോടൊപ്പം ഫ്‌ളാഷ് മോബും അരങ്ങേറും.

മത്സരാർത്ഥികളുടെ യാത്ര -താമസ-ഭക്ഷണ സൗകര്യങ്ങൾ സംബന്ധിച്ച് സംഘാടകസമിതി യോഗം വിലയിരുത്തി. ഭക്ഷണവിതരണം കുടുംബശ്രീയുടെ നേതൃത്വത്തിലാവും. വാഹന പാർക്കിംഗിന് ഗവ. സംസ്‌കൃത കേളേജിൽ സൗകര്യമൊരുക്കും.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സാമൂഹ്യ പുനഃസംയോജനത്തിന് ഉതകുന്ന വിധത്തിലാണ് ഫെസ്റ്റ് വിഭാവനം ചെയ്തിരിക്കുന്നത്. ഫെസ്റ്റിന്റെ വിജയത്തിന് വിവിധ വകുപ്പുകൾ സഹകരിക്കും.

ട്രാൻസ് സമൂഹത്തിന് പൊതുസമൂഹത്തിൽ കൂടുതൽ ശ്രദ്ധയും പരിഗണനയും നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് 'വർണ്ണപ്പകിട്ട്'. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമൂഹത്തിൽ കൂടുതൽ ദൃശ്യതയും സ്വീകാര്യതയും ഉറപ്പു വരുത്തുവാൻ കലോത്സവം വഴി കഴിയും. ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ കലാ വൈദഗ്ധ്യം പരിപോഷിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും ഫെസ്റ്റ് വലിയ ഉത്തേജനമാകും.

ഇന്ത്യയിൽ ആദ്യമായി ട്രാൻസ്‌ജെൻഡർ സമൂഹത്തിനുവേണ്ടി ട്രാൻസ്‌ജെൻഡർ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പ് മുഖേന ട്രാൻസ്‌ജെൻഡർ വിഭാഗത്തിനായി നിരവധി ക്ഷേമ പ്രവർത്തനങ്ങൾ നടപ്പിലാക്കി വരുന്നു. ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് സമസ്ത മേഖലകളിലും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുതകുന്ന പ്രവർത്തനങ്ങളിലാണ് സാമൂഹ്യനീതി വകുപ്പ്.

ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും, മുഖ്യധാരയിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിനും വേണ്ടി 'വർണ്ണപ്പകിട്ട്' എന്ന പേരിൽ ഇന്ത്യയിലെ ആദ്യ ട്രാൻസ്‌ജെൻഡർ കലോത്സവം 2019-ൽ സംസ്ഥാനത്ത് ആരംഭിച്ചതാണ്. കോവിഡ് രോഗവ്യാപനം കാരണം കഴിഞ്ഞ രണ്ടു വർഷങ്ങളിൽ കലോത്സവം നടത്തുവാൻ കഴിഞ്ഞിരുന്നില്ല.

ട്രാൻസ് ജെൻഡർ പുരസ്‌കാര ജേതാക്കൾ:

സാമൂഹ്യ സേവനം:
-----------------------------
1. ശ്രുതി സിത്താര (കോട്ടയം)
2. സുകു (തിരുവനന്തപുരം)

വിദ്യാഭ്യാസം:
-----------------------------
3. ഡോ. പ്രിയ വി എസ് (തൃശൂർ)
4. ആനന്ദ് സി രാജപ്പൻ (ചിഞ്ചു അശ്വതി) (എറണാകുളം)

കല-കായികം:
-----------------------------
5. പ്രവീൺ നാഥ് (പാലക്കാട്)
6. സഞ്ജന ചന്ദ്രൻ (കോഴിക്കോട്)

സംരംഭകത്വം:
-----------------------------
7. സീമ വിനീത് (തിരുവനന്തപുരം)
8. വർഷ നന്ദിനി (കോഴിക്കോട്)