കൊച്ചി: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിൽ നിന്നുള്ള വനികൾക്കായി ഫെഡറൽ ബാങ്ക് നടപ്പിലാക്കി വരുന്ന വനിതാ ശാക്തീകരണ പദ്ധതിയുടെ ഭാഗമായുള്ള സൗജന്യ സ്വയംതൊഴിൽ പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിന് തുടക്കമായി. ഫെഡറൽ സ്‌കിൽ അക്കാഡമിയിൽ 18നും 35നുമിടയൽ പ്രായമുള്ള വനിതകൾക്കാണ് മൂന്ന് മാസത്തെ തയ്യൽ പരിശീലനം നൽകുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന യോഗ്യരായവർക്ക് തയ്യൽ മെഷീൻ നൽകുന്നതാണ് . യോഗ്യരായ ഗുണഭോക്താക്കളെ കണ്ടെത്തി അവരെ തൊഴിൽനിപുണരാക്കി സ്വയംതൊഴിലിന് യോഗ്യരാക്കി മാറ്റുകയാണ് കോഴ്‌സിന്റെ ലക്ഷ്യം.

കച്ചേരിപ്പടി വിമല വെൽഫയർ സെന്ററിൽ നടന്ന ചടങ്ങിൽ പുതിയ ബാച്ചിന്റെ ഉദ്ഘാടനം ഫെഡറൽ ബാങ്ക് നിയമ വിഭാഗം മേധാവിയും എസ് വി പിയുമായ ശബ്‌നം പി എം നിർവഹിച്ചു. എറണാകുളം സോണൽ ഓഫീസ് ഡിവിപി മീര എസ്, ഡിവിപിയും സിഎസ്ആർ ഹെഡുമായ അനിൽ സി ജെ എന്നിവർ പങ്കെടുത്തു. 'സ്വന്തം കഴിവുകളെക്കുറിച്ച് അവബോധമോ ആത്മവിശ്വാസമോ ഇല്ലാത്തതാണ് സ്ത്രീകളുടെ സ്വയം ശാക്തീകരണത്തിന് വിലങ്ങാകുന്നത്. സ്വയം ശാക്തീകരണത്തിനായി സ്ത്രീകൾ തങ്ങൾക്കുള്ളിലെ ഉത്സാഹം നിരന്തരം ജ്വലിപ്പിക്കേണ്ടതുണ്ട്'. ശബ്‌നം പി എം പറഞ്ഞു.

ഫെഡറൽ ബാങ്കിന്റെ സിഎസ്ആർ പദ്ധതിയുടെ കീഴിലുള്ള ഫെഡറൽ സ്‌കിൽ അക്കാഡമി മുഖേനയാണ് വനിതകൾക്കായി ഇത്തരം തൊഴിൽ പരിശീലന കോഴ്‌സുകൾ നടത്തിവരുന്നത്. എസ്ബി ഗ്ലോബൽ എജ്യുക്കേഷണൽ റിസോഴ്‌സസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പങ്കാളിത്തത്തിലാണ് ബാങ്ക് പദ്ധതി നടപ്പിലാക്കുന്നത്. 2016ൽ തുടക്കമിട്ട അക്കാഡമി ഇതിനകം സാമ്പത്തിക പിന്നാക്കവസ്ഥയിലുള്ള നൂറുകണക്കിന് വനിതകൾക്ക് തൊഴിൽ പരിശീലനം നൽകി സ്വയംസംരഭകരാക്കി മാറ്റിയിട്ടുണ്ട്.