- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്തനാപുരം ഗാന്ധിഭവനിൽ നിംസ് സ്പെക്ട്രം ശാഖ ആരംഭിച്ചു
പത്തനാപുരം: അശരണരുടെ അഭയകേന്ദ്രമായ പത്തനാപുരം ഗാന്ധിഭവനിൽ നെയ്യാറ്റിൻകര നിംസ് മെഡിസിറ്റിയുടെ കീഴിലുള്ള സ്പെക്ട്രം ശിശു വികസന ഗവേഷണ കേന്ദ്രത്തിന്റെ ശാഖ ആരംഭിച്ചു.
ഗാന്ധിഭവൻ സ്പെഷ്യൽ സ്‌കൂളിൽ നിംസ് മെഡിസിറ്റിയുടെ നേതൃത്വത്തിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ചുനൽകിയ സ്പെക്ട്രം സെന്റർ അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഓഡിയോളജി ലാബ്, സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ബിഹേവിയർ തെറാപ്പി യൂണിറ്റുകൾ ഉൾക്കൊള്ളുന്നതാണ്.
ഇതോടെ, നവജാത ശിശുക്കൾ ഉൾപ്പെടെ എല്ലാവരുടെയും ശ്രവണവൈകല്യങ്ങൾ തിരിച്ചറിഞ്ഞു ചികിത്സ നിർണ്ണയിക്കാനും സംഭാഷണവൈകല്യങ്ങൾ പരിഹരിക്കാനും ഭിന്നശേഷിയുള്ള കുട്ടികൾക്ക് ദൈനംദിന ജീവിതത്തിനാവശ്യമായ പരിശീലനവും ഫിസിയോതെറാപ്പിയുമൊക്കെ അത്യന്താധുനിക ഉപകരണങ്ങളുടെയും നിംസിലെ വിദഗ്ദ്ധ ഡോക്ടർമാരുടെയും സാങ്കേതിക വിദഗ്ദ്ധരുടെയുമൊക്കെ സഹായത്താൽ ലഭ്യമാകും.
ഗാന്ധിഭവനിലെ അന്തേവാസികൾക്കും സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾക്കും പുറമേ പൊതുജനങ്ങൾക്കും ഇത് പ്രയോജനമാകുമെന്ന് നിംസ് മാനേജിങ് ഡയറക്ടർ എം.എസ്. ഫൈസൽഖാൻ, ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ എന്നിവർ അറിയിച്ചു.
ഗാന്ധിഭവൻ സ്പെക്ട്രം ശാഖ എം.എസ്. ഫൈസൽഖാൻ ഉദ്ഘാടനം ചെയ്തു. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. കെ. ധർമ്മരാജൻ, നിംസ് ജനറൽ മാനേജർ ഡോ. കെ.എ. സജു, അഡ്‌മിനിസ്‌ട്രേറ്റീവ് കോർഡിനേറ്റർ ശിവ്കുമാർ രാജ്, പി.എസ്. അമൽരാജ്, ബി. ദസ്തഗീർ സാഹിബ് തുടങ്ങിയവർ പ്രസംഗിച്ചു.
ജനനം മുതൽ 24 വയസ്സ് വരെയുള്ള കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിനായി വിവിധ വിഭാഗങ്ങളിലെ പതിനെട്ടോളം തെറാപ്പി യൂണിറ്റുകളുടെയും നാൽപ്പതോളം ഡോക്ടർമാരുടെയും സേവനം ഒരു കുടക്കീഴിലാക്കി കുട്ടികളുടെ ആരോഗ്യമേഖലയിൽ ശ്രദ്ധയൂന്നുന്നതാണ് നിംസ് സ്പെക്ട്രം ശിശുവികസന ഗവേഷണ കേന്ദ്രം. കുട്ടികളുടെ ബുദ്ധിവികാസ വ്യതിയാനങ്ങൾ മുൻകൂട്ടി കണ്ടെത്താനും പ്രാരംഭഘട്ടത്തിൽത്തന്നെ ചികിത്സ നൽകി പരിഹരിക്കാനും കഴിയുന്ന ശാസ്ത്രീയ ചികിത്സാരീതിയാണ് നിംസ് സ്പെക്ട്രം പിന്തുടരുന്നത്. കുട്ടികളുടെ ചികിത്സാവിദഗ്ദ്ധനും ആരോഗ്യ സർവ്വകലാശാല മുൻ വൈസ് ചാൻസലറും കേരളത്തിലെ ആദ്യത്തെ ചൈൽഡ് ഡവലപ്മെന്റ് സെന്റർ സ്ഥാപകനുമായ ഡോ. എം.കെ.സി. നായരാണ് നിംസ് സ്പെക്ട്രത്തിന്റെ ഡയറക്ടർ.