ട്രാൻസ് ജെൻഡേഴ്‌സിന് പുതിയ പദ്ധതി പ്രഖ്യാപിച്ച്ഉന്നതവിദ്യാഭ്യാസ - സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു.സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ട്രാൻസ് ജെൻഡർ വ്യക്തികൾക്ക് അവരുടെ സർഗ്ഗാത്മക കഴിവുകളും കലകളും അവതരിപ്പിക്കാൻ അവസരമൊരുക്കുന്നതാണ് പദ്ധതി.

അയ്യൻകാളി ഹാളിൽ ട്രാൻസ് ജെൻഡർ കലോത്സവം - 'വർണ്ണപ്പകിട്ട് ' ഉദ്ഘാടന വേളയിലാണ് മന്ത്രി പുതിയ പദ്ധതി പ്രഖ്യാപിച്ചത്.ട്രാൻസ് ജെൻഡറുകൾക്ക് മറ്റൊരു വരുമാന മാർഗ്ഗം ഉണ്ടാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു.

പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി. വി ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ തദ്ദേശ - സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം. ബി രാജേഷ് മുഖ്യാതിഥിയായിരുന്നു.ഒക്ടോബർ 15, 16 തീയതികളിലായി അയ്യൻകാളി ഹാൾ, യൂണിവേഴ്‌സിറ്റി കോളേജ് എന്നീ വേദികളിലാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 21 മത്സര ഇനങ്ങളിലായി 250 പ്രതിഭകൾ കലോത്സവത്തിൽ മാറ്റുരയ്ക്കുന്നു. നമ്മളിൽ ഞങ്ങളുമുണ്ട് എന്നതാണ് ഫെസ്റ്റിന്റെ മുദ്രാവാചകം.

ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച എട്ട് ട്രാൻസ്‌ജെൻഡർ വ്യക്തികളെ മന്ത്രി ബിന്ദു പുരസ്‌കാരം നൽകി ആദരിച്ചു .ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ സർഗ്ഗവാസനയും കാലാഭിരുചിയും പരിപോഷിപ്പിക്കുന്നതിനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് അവരെ ഉയർത്തി കൊണ്ടുവരുന്നതിനും വേണ്ടിയാണ് സാമൂഹ്യനീതി വകുപ്പ് കലോത്സവം സംഘടിപ്പിക്കുന്നത്. യുവജനങ്ങളെയും വിദ്യാർത്ഥികളെയും കലോത്സവത്തിന്റെ ഭാഗമാക്കിക്കൊണ്ട് വിപുലമായ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്.