എറണാകുളം: കേരളത്തിൽ സ്ത്രീകൾക്കെതിരായി അക്രമങ്ങൾ വ്യാപകമാകുന്നതായും ഈ വിഷയത്തിൽ ആഭ്യന്തരവകുപ്പിന്റെ നിസംഗതയും പൊതുസമൂഹത്തിന്റെ മൗനവും ആശങ്കയുളവാക്കുന്നതാണെന്നും വിമൻ ഇന്ത്യ മൂവ്മെന്റ്. കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ല എന്നതാണ് സ്ത്രീകൾക്കെതിരായി നടന്ന കുറ്റകൃത്യങ്ങളുടെ കണക്കിൽ നിന്നും വ്യക്തമാക്കുന്നത്.

2016 മുതൽ 2022 ഓഗസ്റ്റ് വരെ മാത്രം 13529 സ്ത്രീകളാണ് ബലാത്സംഗത്തിനിരയായത്. 28885 സ്ത്രീകൾ പീഡനത്തിനിരയായി. ഇക്കാലയളവിൽ സ്ത്രീധന പീഡനത്തിന്റെ പേരിൽ 83 വനിതകളാണ് മരണപ്പെട്ടത്. 1217 വനിതകളെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു. ഭർത്താവിന്റെയും മറ്റു ബന്ധുക്കളുടെയും ക്രൂരമായ പീഡനത്തിന് ഇരയായത് 22467 സ്ത്രീകളാണ്. പൂവാല ശല്യത്തിന് ഇരയായ 2978 യുവതികളാണ് കേരളത്തിലുള്ളത്. കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തോളം സ്ത്രികളാണ് ഇത്തരത്തിൽ ഇരയാക്കപ്പെട്ടിട്ടുള്ളത്.

സ്ത്രീകൾക്കെതിരായി നടക്കുന്ന അക്രമങ്ങൾക്ക് ശക്തമായ നിയമങ്ങൾ രാജ്യത്ത് ഉണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിലുള്ള ഭരണകൂടത്തിന്റെ നിസംഗതയാണ് അക്രമങ്ങൾ പെരുകുന്നതിന് കാരണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കണമെന്നും സ്ത്രീകളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം നൽകാൻ സർക്കാർ സ്വത്വര നടപടി സ്വീകരിക്കണമെന്നും വിമൻ ഇന്ത്യ മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു.

എറണാകുളത്ത് നടന്ന സംസ്ഥാന കമ്മിറ്റി യോഗം ദേശീയ സമിതി അംഗം നൂർജഹാൻ കല്ലങ്കോടൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സുനിത നിസ്സാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ഐ ഇർഷാന, വൈസ് പ്രസിഡന്റ് മേരി എബ്രഹാം, സെക്രട്ടറിമാരായ റൈഹാനത്ത് സുധീർ, കെ കെ ഫൗസിയ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ, ജില്ലാ ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.