കൊച്ചി: കേരളത്തിലെ ഭരണസംവിധാനങ്ങൾ പരസ്പരം പോരടിച്ചും സങ്കീർണ്ണതകളും പ്രതിസന്ധികളും സൃഷ്ടിച്ചും ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കുന്നത് നിർഭാഗ്യകരമാണെന്നും ഉപരിപഠനത്തിനും ഭാവി സുരക്ഷിതയ്ക്കുമായി പുതുതലമുറ കേരളം വിട്ടോടുന്ന ദുർവിധി നേരിൽ കണ്ടിട്ടും കണ്ണുതുറക്കാത്തവർക്ക് ചരിത്രം മാപ്പുനൽകില്ലെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ. വി സി. സെബാസ്റ്റ്യൻ പറഞ്ഞു.

സംസ്ഥാന ഭരണകൂടവും ചാൻസലറായ ഗവർണറും തമ്മിൽ നാളുകളായി തുടരുന്ന പോർവിളികളും വാഗ്വാദങ്ങളും നിയമയുദ്ധങ്ങളും കേരളത്തിലെ പൊതുസമൂഹത്തെയൊന്നാകെ നിരാശപ്പെടുത്തുന്നു. സംപൂജ്യമായി കാണുന്ന വിദ്യാഭ്യാസപ്രക്രിയയിൽ നീതിന്യായ കോടതികളുടെ തുടർച്ചയായ ഇടപെടലുകളിപ്പോൾ സജീവമായിരിക്കുന്നത് ഈ മേഖലയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തും. കെടുകാര്യസ്ഥതയും, ധൂർത്തും, സ്വജനപക്ഷപാതവും, അനധികൃതനിയമനങ്ങളുമുയർത്തുന്ന അപചയങ്ങൾ കേരളത്തിലെ ഭാവിതലമുറയുടെ വിദ്യാഭ്യാസ പ്രതീക്ഷകളെ തുലാസിലാക്കിയിരിക്കുന്നത് വളരെ ഗൗരവത്തോടെ കണ്ട് തിരുത്തലുകൾക്ക് തയ്യാറാകണം.

ബുദ്ധിയും സർഗ്ഗശക്തിയുമുള്ള കേരളത്തിലെ ബൗദ്ധിക യുവത്വത്തിന്റെ വിദേശരാജ്യങ്ങളിലേയ്ക്കുള്ള കൂട്ടപലായനം വരുംനാളുകളിൽ സംസ്ഥാനത്ത് സൃഷ്ടിക്കാവുന്ന വിടവും നഷ്ടവും വളരെ വലുതായിരിക്കുമെന്ന് തിരിച്ചറിയാത്തത് ദുഃഖകരമാണ്.

നിയമവും നീതിയും സമൂഹത്തിൽ നടപ്പിലാക്കുവാൻ ഉത്തരവാദിത്വപ്പെട്ടവർ നിയമനങ്ങളിൽ നിയമലംഘനം നടത്തുന്നത് നീതീകരിക്കാനാവില്ല. സത്യസന്ധതയും ഉത്തരവാദിത്വബോധവുമുള്ള പൗരന്മാരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസപ്രക്രിയയെ മലിനപ്പെടുത്തുന്ന രാഷ്ട്രീയ അജണ്ടകൾക്ക് അവസാനമുണ്ടാകണമെന്നും വിദ്യാഭ്യാസത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുവാൻ ഭരണനേതൃത്വങ്ങൾ തയ്യാറായി ഭാവിതലമുറയെ സംരക്ഷിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.