തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'വയലാറിന്റെ സർഗപ്രപഞ്ചം' എന്ന വിഷയത്തിൽ ദ്വിദിന അന്തർദേശീയ സെമിനാർ ഒക്ടോബർ 27, 28 തീയതികളിൽ മാർ ഇവാനിയോസ് കോളെജിൽ നടക്കും. ഒക്ടോബർ 27ന് വ്യാഴാഴ്ച രാവിലെ 10മണിക്ക് മാർ ഗ്രിഗോറിയോസ് ഹാളിൽ എഴുത്തുകാരനും ഐ.എം.ജി ഡയറക്ടറുമായ കെ. ജയകുമാർ ഐ.എ.എസ് സെമിനാർ ഉദ്ഘാടനവും പുസ്തകപ്രകാശനവും നിർവഹിക്കും. ഡോ. എസ്. രാജശേഖരൻ സമ്പാദനം നടത്തി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച 'വയലാർ: യുഗമുണർത്തിയ കവി' എന്ന പുസ്തകം മാധ്യമപ്രവർത്തകനും ഗാനനിരൂപകനുമായ രവി മേനോൻ സ്വീകരിക്കും.

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. സത്യൻ എം അധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജിജിമോൻ കെ. തോമസ് ആമുഖ പ്രഭാഷണം നടത്തും. പ്രമുഖ വാഗ്മിയും ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാല മലയാളവിഭാഗം പ്രൊഫസർ ഡോ. സുനിൽ പി. ഇളയിടം മുഖ്യപ്രഭാഷണം നടത്തും. ഡോ. എസ്. രാജശേഖരൻ മറുമൊഴി നടത്തും. മാർ ഇവാനിയോസ് കോളെജ് വൈസ് പ്രിൻസിപ്പൽ ഡോ. ഷെർളിസ്റ്റുവർട്ട് സ്വാഗതവും ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് റിസർച്ച് ഓഫീസർ ശ്രീകല ചിങ്ങോലി നന്ദിയും പറയും. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുസ്തകമേളയും വിജ്ഞാനകൈരളി വരിക്കാരാവാനും സൗകര്യവുമുണ്ടായിരിക്കും.

തുടർന്നുള്ള സെഷനുകളിൽ വിഷയവിദഗ്ദ്ധർ സംസാരിക്കും. ഉച്ചയ്ക്ക് 1.30ന് വയലാർ ഗാനങ്ങളിലെ വൃത്തമഞ്ജരികൾ എന്ന വിഷയത്തിൽ ഡോ. ബി.വി.ശശികുമാർ, ഡോ.കെ.ബാബുരാജൻ എന്നിവർ സംസാരിക്കും. ഡോ. സാബു കോട്ടുക്കൽ മോഡറേറ്ററാകും. 12.45 മുതൽ 1.30വരെ ബാസ്‌കറ്റ്‌ബോൾ കോർട്ടിൽ വച്ച് വയലാർ കാവ്യാലാപനവും കഥാപ്രസംഗവുമുണ്ടാകും. 3.30ന് വയലാർ ഗാനമേള അവതരണവുമുണ്ടാകും.

രണ്ടാം ദിവസമായ ഒക്ടോബർ 28ന് വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടക്കുന്ന സെഷനിൽ ഡോ. ആർ.വി എം ദിവാകരൻ, ഡോ.ആർ.ബി. ശ്രീകല, ഡോ.സി. ഗണേശ് എന്നിവർ വയലാർ-ദേവരാജൻ, വയലാർക്കവിതയിലെ മാനവികത, പുരുഷാന്തരങ്ങളിലൂടെ ഒരു സഞ്ചാരം എന്നീ വിഷയങ്ങളിൽ സംസാരിക്കും. എം.എസ്. മുരളി മോഡറേറ്ററാകും. രാവിലെ 10മണിക്ക് സിൽവർ ജൂബിലി ഹാളിൽ സമാന്തര സെഷനിൽ ഡോ.അജയൻ പനയറ, ഡോ.മാത്യൂ റ്റി.എം, ഡോ.ലാലു വി, ഡോ. വിനീത് വി എസ് എന്നിവർ സംസാരിക്കും. സെമിനാർ കൺവീനർ റ്റോജി വർഗീസ് ടി, സെമിനാർ കോ-ഓർഡിനേറ്റർ എം.യു. പ്രവീൺ എന്നിവർ സംസാരിക്കും.

11.30ന് ടി.പി.ശാസ്തമംഗലം, ഡോ.ചന്ദ്രബോസ്, ഡോ. ടി.കെ.സന്തോഷ്‌കുമാർ എന്നിവർ സംസാരിക്കും. തുടർന്ന് വയലാർ ഗനാർച്ചന നടക്കും. ഉച്ചയ്ക്ക് 1.30 ന് ഡോ.എം.ആർ.ഷെല്ലി, പ്രൊഫ.കെ.കെ.ശിവദാസ്, ഡോ.ദീപാനാരായണൻ, ഡോ.ദീപ ബി.എസ്, ഡോ.എം.ഗംഗദേവി, ഡോ. മഞ്ചു വിനോദ്, ഡോ.സി.ഉദയകല എന്നിവർ സംസാരിക്കും. വയലാറിന്റെ അർഥാന്തരന്യാസങ്ങൾ എന്ന വിഷയത്തിൽ ഷിക്കാഗോ ട്രൈറ്റൺ കോളെജ് പ്രൊഫസർ എതിരൻ കതിരവൻ ഗൂഗിൾമീറ്റ് വഴി പ്രഭാഷണം നടത്തും.