- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയം : അഡ്വ. വി സി. സെബാസ്റ്റ്യൻ
കൊച്ചി: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വിപണിവില കഴിഞ്ഞ നാലുമാസത്തിനുള്ളിൽ ഇരട്ടിയിലധികമായി കുതിച്ചുയർന്നിട്ടും യാതൊരു ഇടപെടലുകളും നടപടികളുമില്ലാതെ ഭരണസംവിധാനങ്ങൾ ഒളിച്ചോട്ടം നടത്തുന്നത് സാധാരണ ജനങ്ങളുടെ ജീവിതത്തിന് വൻ വെല്ലുവിളിയാണ് ഉയർത്തിയിരിക്കുന്നതെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി സി സെബാസ്റ്റ്യൻ പറഞ്ഞു.
കർഷകരുല്പാദിപ്പിക്കുന്ന കാർഷികോല്പന്നങ്ങൾക്ക് വിപണിയിൽ വിലയില്ല. അതേസമയം ആഭ്യന്തരവിപണിയിൽ നിന്ന് ലഭിക്കുന്ന ജീവനോപാധികൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ വൻ വർദ്ധനവ് തുടരുന്നു. ഇടനിലക്കാരുടെയും വ്യാപാരികളുടെയും ജനങ്ങളോടുള്ള ചൂഷണത്തിന് സർക്കാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വങ്ങളും ഒത്താശചെയ്യുകയാണ്. നാലുമാസംകൊണ്ട് വില ഇരട്ടിയായിട്ടും യാതൊരു നടപടികളുമില്ലാത്ത ഭരണനിഷ്‌ക്രിയത്വം പൊതുസമൂഹത്തോടുള്ള വെല്ലുവിളിയാണ്. യുക്രൈൻ യുദ്ധമാണ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമെന്ന് പറഞ്ഞ് കേരളത്തിലെ ജനങ്ങളെ സർക്കാർ കബളിപ്പിക്കുന്നത് വിലപ്പോവില്ല. അയൽ സംസ്ഥാനങ്ങളിൽ ഈ വിലക്കയറ്റം ഇല്ലെന്നുള്ളത് പ്രത്യേകം ഓർമ്മിക്കേണ്ടതാണ്. ആഭ്യന്തര കാർഷികമേഖലയെ സംരക്ഷിക്കുവാൻ സാധിക്കാത്ത സംസ്ഥാന സർക്കാരിന്റെ ഭരണപരാജയം ഭാവിയിൽ കൂടുതൽ പ്രതിസന്ധികൾ സൃഷ്ടിക്കും.
ഇടനിലക്കാരുടെ ചൂഷണത്തിന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും കൂട്ടുനിൽക്കുന്നത് ദ്രോഹമാണ്. സാധാരണ കർഷകരിൽ നിന്ന് വൻകിട കോർപ്പറേറ്റുകളിലേയ്ക്ക് അരിയും പച്ചക്കറിയും ഭക്ഷ്യവസ്തുക്കളും ഉൾപ്പെടെ നിത്യോപയോഗ സാധനങ്ങളുടെ വിപണി മാറുമ്പോൾ വിലക്കയറ്റത്തോടൊപ്പം സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്‌ത്തിവെയ്‌പ്പും വ്യാപകമാകും. ഭരണത്തിലിരുന്ന് പരസ്പരം നടത്തുന്ന പോർവിളികളും ആക്ഷേപ അവഹേളനങ്ങളും രാഷ്ട്രീയ വിഴുപ്പലക്കലുകളും അവസാനിപ്പിച്ച് ജനങ്ങളുടെ ജീവിതപ്രശ്നങ്ങളിൽ ഭരണസംവിധാനങ്ങൾ അടിയന്തരമായി ഇടപെടണമെന്നും ഭക്ഷണാവശ്യങ്ങൾക്കുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കാൻ അടിയന്തര നടപടികളെടുക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു