- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൃഷിഭൂമിയിലെ ബഫർസോൺ കണക്കെടുപ്പ് കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തും : അഡ്വ. വി സി. സെബാസ്റ്റ്യൻ
കൊച്ചി: വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമായി ഒരു കിലോമീറ്റർ ബഫർസോൺ എന്ന കോടതിവിധിയുടെ മറവിൽ വനാതിർത്തിക്ക് പുറത്തേയ്ക്ക് ബഫർസോൺ വ്യാപിപ്പിച്ച് ഒരു കിലോമീറ്റർ കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും സർക്കാർ സമിതിയുടെ കണക്കെടുപ്പിനായി വിട്ടുകൊടുക്കുന്നതും ഭൂവുടമകൾ ഏതെങ്കിലും രേഖകളിൽ ഒപ്പിട്ടു നൽകുന്നതും കൂടുതൽ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി സി സെബാസ്റ്റ്യൻ പറഞ്ഞു.
ബഫർസോൺ വനാതിർത്തിക്കുള്ളിൽ നിജപ്പെടുത്തണമെന്ന നിലപാടിൽനിന്ന് കർഷകർ ഒരിക്കലും പിന്മാറാതെ ഉറച്ചുനിൽക്കണം. തലമുറകളായി കൈവശംവച്ചനുഭവിക്കുന്നതും രേഖകളുള്ളതുമായ കൃഷിഭൂമി ബഫർസോണിൽപെടുത്തി കണക്കെടുക്കുകയെന്നുവച്ചാൽ പ്രസ്തുത പ്രദേശങ്ങൾ ബഫർസോണായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണർത്ഥം. ഇനി ഈ ഒരു കിലോമീറ്റർ സ്ഥലത്തിന്റെ അതിർത്തി നിശ്ചയിച്ച് വനഭൂമിയാക്കി കാർബൺ ഫണ്ട് കൈക്കലാക്കുക എന്ന വനംവകുപ്പ് ദൗത്യമാണ് പുത്തൻ വിദഗ്ദ്ധസമിതി നടപ്പിലാക്കുന്നതെന്ന് സംശയിക്കപ്പെടുന്നു.
സർക്കാർ നിയമിച്ചിരിക്കുന്ന ജസ്റ്റിസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതിയെ മലയോരജനതയ്ക്ക് അംഗീകരിക്കാനാവില്ല. സമിതിയംഗങ്ങൾ പലരും മുൻകാലങ്ങളിൽ കർഷകവിരുദ്ധ വനവൽക്കരണ നിലപാടുകളെടുത്തവരാണെന്ന ആക്ഷേപം നിലനിൽക്കുന്നു. കർഷകഭൂമി കൈയേറി വനവൽക്കരണത്തിനായി രാജ്യാന്തര ഏജൻസികളിൽ പദ്ധതി സമർപ്പിച്ചവരുൾക്കൊള്ളുന്ന ഈ സമിതിയിൽ നിന്ന് ബഫർസോൺ വിഷയത്തിൽ മലയോരജനതയ്ക്ക് നീതി ലഭിക്കുമെന്ന് ജനങ്ങൾ കരുതുന്നത് വിഢിത്തമാണ്. സ്വന്തം ഭൂമിയിലെ കണക്കെടുപ്പ് അനുവദിച്ചാൽ ഭൂമിയും കിടപ്പാടവും കാലക്രമേണ കർഷകർക്ക് നഷ്ടപ്പെടുമെന്നും ഇന്ത്യയിലെ വിവിധ പ്രഖ്യാപിത ബഫർസോൺ പ്രദേശങ്ങളുടെ അവസ്ഥയെക്കുറിച്ച് മലയോരജനത അന്വേഷിച്ചറിഞ്ഞ് പ്രതികരിക്കണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.