വൈജ്ഞാനിക മുന്നേറ്റത്തെ പിറകോട്ടടിപ്പിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ കലാലയങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.

ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തെ കലാലയങ്ങളിൽ തുടരുന്ന 'ബോധപൂർണ്ണിമ' ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിന്റെ സമാപനം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

സംസ്ഥാനതല പുരസ്‌കാരത്തിന് അർഹമായ സൃഷ്ടികൾക്ക് ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ പുരസ്‌കാരവും മന്ത്രി ഡോ. ബിന്ദു സമ്മാനിച്ചു. ഹ്രസ്വചിത്ര വിഭാഗത്തിൽ തൃശൂർ ശ്രീ സി അച്യുതമേനോൻ ഗവ. കോളേജിലെ ആന്റി-നാർക്കോട്ടിക് സെൽ തയ്യാറാക്കിയ 'ബോധ്യം' ഒന്നാം സമ്മാനം നേടി. ഇ-പോസ്റ്റർ വിഭാഗത്തിൽ തൃശൂർ അളഗപ്പ നഗർ ത്യാഗരാജ പോളിടെക്നിക്ക് കോളേജിലെ ആകാശ് ടി. ബി.യും കഥയിൽ ഒറ്റപ്പാലം എൻഎസ്എസ് ട്രെയിനിങ് കോളേജിലെ എം വി ആതിരയും കവിതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എം എ ജേണലിസം ആൻഡ് കമ്യൂണിക്കേഷനിലെ തപസ്യ അശോകും ലേഖനത്തിൽ നാട്ടിക എസ് എൻ കോളേജ് എം എ മലയാളത്തിലെ കെ എച്ച് നിധിൻദാസും ഒന്നാം സമ്മാനം സ്വന്തമാക്കി.

കോളേജ് വിദ്യാഭ്യാസ ഡയറക്ടർ വി. വിഘ്നേശ്വരി അധ്യക്ഷയായിരുന്ന ചടങ്ങിൽ NSS സംസ്ഥാന കോഡിനേറ്റർ ആർ.വി. അൻസർ പങ്കെടുത്തു.