- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇരിങ്ങാലക്കുടയിൽ 'പച്ചക്കുട' വിരിയിക്കാൻ ഒരുക്കങ്ങളായി: സമഗ്ര കാർഷിക വികസന പദ്ധതിക്ക് നവംബർ 4 ന് തുടക്കം
ഇരിങ്ങാലക്കുടയിൽ 'പച്ചക്കുട' വിരിയിക്കാൻ ഒരുക്കങ്ങളായി:
സമഗ്ര കാർഷിക വികസന പദ്ധതിക്ക് നവംബർ 4 ന് തുടക്കം
ഇരിങ്ങാലക്കുടയുടെ സമഗ്ര കാർഷിക വികസന പദ്ധതിയായ 'പച്ചക്കുട' യുടെ ഉദ്ഘാടനം നവംബർ 4ന് നടക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു.
രാവിലെ 10 മണിക്ക് ടൗൺഹാളിൽ ബഹു. കൃഷി വകുപ്പ് മന്ത്രി ശ്രീ. പി. പ്രസാദ് പദ്ധതിയുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ പ്രകാശനവും നിർവ്വഹിക്കും. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ആർ ബിന്ദു പരിപാടിയിൽ അധ്യക്ഷയായിരിക്കും.
മണ്ഡലത്തിന്റെ കാർഷിക മേഖലയിൽ വികസനവും പുരോഗതിയും ലക്ഷ്യം വെച്ചുകൊണ്ടുള്ള വിവിധ പദ്ധതികൾ സംയോജിപ്പിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണ് 'പച്ചക്കുട'. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ/അർദ്ധ സർക്കാർ വകുപ്പുകൾ, കർഷക കൂട്ടായ്മകൾ, വായനശാലകൾ, സഹകരണ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, യുവജന ക്ലബുകൾ, സ്വയംസഹായ സംഘങ്ങൾ, അയൽക്കൂട്ടങ്ങൾ എന്നിവരുടെയെല്ലാം സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ഇരിങ്ങാലക്കുടയുടെ ഭക്ഷ്യസ്വയം പര്യാപ്തതയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് മന്ത്രി ബിന്ദു പറഞ്ഞു. ഭക്ഷ്യോത്പ്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. ഉൽപ്പാദനം വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും ഇതിലൂടെ നടപ്പാക്കും.
കോൾ നിലങ്ങളുടെ വികസനം, പഴം പച്ചക്കറി സംസ്‌ക്കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കർഷകർക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിപണനത്തിനായി സംരംഭങ്ങൾ, കാർഷിക കർമ്മസേന, ജൈവ വളം നിർമ്മാണകേന്ദ്രങ്ങൾ, മൽസ്യം മാംസം എന്നിവയുടെ ഉൽപ്പാദനത്തിലെ സ്വയം പര്യാപ്തത എന്നിവയിലൂടെ തരിശുരഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയാണ് പച്ചക്കുട പദ്ധതിയുടെ ലക്ഷ്യം - മന്ത്രി ബിന്ദു പറഞ്ഞു.