- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഓൺലൈൻ വ്യാപാര വെല്ലുവിളി നേരിടാൻ കോർപ്പറേറ്റ് കമ്പനി രൂപീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി
കൊച്ചി: ഓൺലൈൻ കമ്പനികളുടെ തള്ളിക്കയറ്റത്തിൽ കേരളത്തിലെ ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് പിടിച്ചുനിൽക്കാനാവുന്നില്ല. ഈ പ്രതിസന്ധിയെ മറികടക്കാൻ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ ഓൺ ലൈൻ കോർപ്പറേറ്റ് കമ്പനി രൂപീകരിക്കേണ്ടത് അനിവാര്യമാണെന്ന് സംസ്ഥാന പ്രസിഡന്റ് രാജു അപ്സര. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എറണാകുളം ടൗൺ ഹാളിൽ സംസ്ഥാന നേതാക്കൾക്ക് നൽകിയ സ്വീകരണം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്ന രാജു അപ്സര.
ഓൺലൈൻ വ്യാപാരം ശക്തിപ്രാപിച്ചതോടെ ചെറുകിട, ഇടത്തരം വ്യാപാരികൾക്ക് അനുദിനം വ്യാപാരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പലരും പൂട്ടിപ്പോകുന്നു. അവശേഷിക്കുന്നവർ ഏതു സമയവും പൂട്ടേണ്ടിവരുമെന്ന അവസ്ഥയിലുമാണ്. ബൾക്ക് പർച്ചേസ് നടത്തുന്നതുകൊണ്ടാണ് ഓൺലൈൻ വ്യാപാരികൾക്ക് വിലക്കുറവിൽ സാധനങ്ങൾ വിൽക്കാൻ സാധിക്കുന്നത്. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ അംഗങ്ങൾക്കായി ഒരുമിച്ച് ബൾക്ക് പർച്ചേസ് നടത്തുന്നതിനായി ഓൺ ലൈൻ കോർപ്പറേറ്റ് കമ്പനി രൂപീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങൾ മാത്രമായിരിക്കും കമ്പനിയുടെ ഓഹരി ഉടമകൾ. ഓഹരി ഉടമകൾക്ക് മാത്രമായിരിക്കും കമ്പനിയിൽ നിന്നും സാധനങ്ങൾ വാങ്ങാനാവുകയെന്നും ഇതിലൂടെ ഓഹരി ഉടമകൾക്ക് കുറഞ്ഞ മുതൽ മുടക്കിൽ 25 ശതമാനം വരെ വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകും. ഇതിലൂടെ ഓൺലൈൻ കമ്പനികളുമായി കേരളത്തിലെ വ്യാപാരികൾക്കും മത്സരിക്കാനാവുമെന്നും രാജു അപ്സര പറഞ്ഞു. സമീപ ഭാവിയിൽ തന്നെ ഓൺ ലൈൻ കോർപ്പറേറ്റ് കമ്പനി യാഥാർത്ഥ്യമാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സംഘടന.
ഏകോപന സമിതി എറണാകുളം ജില്ലാ പ്രസിഡന്റ് പി സി ജേക്കബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വർക്കിങ് പ്രസിഡന്റ് പി.കുഞ്ഞാവു ഹാജി, സംസ്ഥാന വൈസ് പ്രസിഡന്റ്മാരായ എ.ജെ ഷാജഹാൻ, കെ.വി അബ്ദുൾ ഹമീദ്, കെ.കെ വാസുദേവൻ, കെ.അഹമ്മദ് ഷെറീഫ്, സംസ്ഥാന സെക്രട്ടറിമാരായ എസ്.ദേവരാജൻ, ബാബു കോട്ടായിൽ, സണ്ണി പൈമ്പിള്ളിൽ, പി.കെ ബാപ്പു ഹാജി, വി എം ലത്തീഫ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ വി.സബിൽ രാജ്, അഡ്വ.എ.ജെ.റിയാസ്, ജില്ലാ ട്രഷറർ സി.എസ് അജ്മൽ, ജില്ലാ വൈസ് പ്രസിഡന്റ് എം.സി.പോൾസൺ, യൂത്ത് വിങ് ജില്ലാ പ്രസിഡന്റ് കെ.എസ്.നിഷാദ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ എന്നിവർ പ്രസംഗിച്ചു. യോഗത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ സംസ്ഥാന ട്രഷറർ എം.കെ.തോമസ് കുട്ടി ചൊല്ലിക്കൊടുത്തു.