കേരളത്തിലെ വിവിധ കാമ്പസുകളിൽ അക്രമം അഴിച്ചു വിടുന്ന എസ്എഫ്‌ഐ നടപടി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് എഐഡിഎസ്ഒ സംസ്ഥാന പ്രസിഡന്റ് അലീന എസ് അഭിപ്രായപ്പെട്ടു. കണ്ണൂർ സർവകലാശാലയുടെ പാലയാട് കാമ്പസിൽ റാഗിംഗിനെ ചൊല്ലി സംഘർഷമുണ്ടായെന്ന് ആരോപിച്ചു അലൻ ഷുഹൈബിനെ അറസ്റ്റ് ചെയ്തതുൾപ്പടെയുള്ള സംഭവങ്ങൾ ഈ അക്രമപരമ്പരകളുടെ ഭാഗമാണ്. എസ്എഫ്‌ഐ നടത്തിയ ആസൂത്രിതമായ അക്രമണത്തിനെതിരെയുണ്ടായ വിദ്യാർത്ഥി പ്രതിഷേധത്തെ അമർച്ച ചെയ്യാനും വഴിതിരിച്ചു വിടാനുമുള്ള നീക്കത്തിന്‌ടെ ഭാഗമാണ് അലൻ ഷുഹൈബിനെതിരായ വ്യാജപരാതി. എസ്എഫ്‌ഐ കോട്ടയെന്ന് അവർ തന്നെ വിശേഷിപ്പിക്കുന്ന പാലയാട് കാമ്പസിൽ അവർക്ക് അനഭിമതമായ ഏത് നീക്കവും എവ്വിധവും ഇല്ലാതാക്കുമെന്നതാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്.

മഹാരാജാസ് കോളെജ് എസ്എഫ്‌ഐയുടെ ആക്രമപ്രവർത്തനങ്ങളുടെ ഫലമായി അടച്ചിട്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രിൻസിപ്പാളിന്‌ടെ നേരെ ഭീഷണി മുഴക്കിക്കൊണ്ടുള്ള എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ പുറത്തു വന്നിരുന്നു. എസ്എഫ്‌ഐ അക്രമഭീഷണി മുഴക്കി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ പത്തനംതിട്ട കാത്തോലിക്കേറ്റ് കോളെജിൽ നിന്നും പുറത്തു വന്നിരുന്നു. കോട്ടയം ബസേലിയോസ് കോളെജ്, നാട്ടകം പോളിടെക്‌നിക്, കുസാറ്റ് എന്നിവിടങ്ങളിലും എസ്എഫ്‌ഐ അക്രമം നടത്തിയ വിവരം പുറത്തുവന്നിട്ടുണ്ട്.

കാമ്പസുകളെ കലാപശാലകളാക്കുവാനുള്ള എസ്എഫ്‌ഐയുടെ ആസൂത്രിതമായ നീക്കങ്ങളിലേക്കാണ് ഈ സംഭവങ്ങൾ വിരൽചൂണ്ടുന്നത്.പരസ്യമായി കൊലവിളി നടത്തിയ എസ്എഫ്‌ഐ പ്രവർത്തകർക്കെതിരെ പൊലീസ് ഇതുവരെ എന്തെങ്കിലും കേസ് രജിസ്റ്റർ ചെയ്തതായി അറിവില്ല.

കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുകളോട് അനുബന്ധിച്ച് വ്യാപകമായി അക്രമം അഴിച്ചു വിടുന്നത് കാമ്പസുകളിൽ വിദ്യാഭ്യാസ വിഷയങ്ങളോ രാഷ്ട്രീയമോ ചർച്ച ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുവാനാണ്. ഉന്നതവിദ്യാഭ്യാസ രംഗത്തേക്ക് സ്വകാര്യ നിക്ഷേപം ക്ഷണിക്കുന്നതും സ്വകാര്യ സർവകലാശാലകൾക്കു അനുവാദം കൊടുക്കുന്നതുമുൾപ്പടെയുള്ള സംസ്ഥാന സർക്കാരിന്റെ നടപടികൾ എസ്എഫ്‌ഐയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം 2020ന്റെ നടപ്പിലാക്കലിൽ സംസ്ഥാന സർക്കാർ കാണിക്കുന്ന ഉത്സാഹം കാമ്പസുകളിൽ ചർച്ചയാകാതിരിക്കുവാനും എതിരഭിപ്രായങ്ങൾ ഇല്ലാതാക്കുവാനുമുള്ള ഹീനമായ ശ്രമമാണ് അക്രമപ്രവർത്തനങ്ങളിലൂടെ എസ്എഫ്‌ഐ ലക്ഷ്യം വെയ്ക്കുന്നത്.

മാനവിക-ജനാധിപത്യ ബോധ്യങ്ങൾ വിദ്യാഭ്യാസത്തിൽ നിന്നും ഇല്ലാതാക്കിക്കൊണ്ട്, വർഗീയ സങ്കല്പങ്ങൾ ഉൾചേർത്തുകൊണ്ടും ശാസ്ത്രീയതയുടെ കണികകൾ പോലും തുടച്ചു നീക്കി വിദ്യാഭ്യാസത്തെ കേവലം ഉപഭോഗ വസ്തുവാക്കി മാറ്റുന്ന കേന്ദ്രസർക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം 2020 തീവ്ര ഗതിയിലാണ് നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. ഇതിന് അനുരോധമായ വിധത്തിൽ കേരള സർക്കാർ ഉന്നത വിദ്യാഭ്യാസ പരിഷ്‌കരണ കമ്മീഷനുകളെ നിയമിക്കുകയും ദേശീയ വിദ്യാഭ്യാസ നയം കേരളത്തിന്റെ മണ്ണിൽ കൗശല ബുദ്ധിയോടെ നടപ്പിലാക്കാനുള്ള നിർദ്ദേശങ്ങൾ കമ്മീഷൻ സമർപ്പിക്കുകയും ഉണ്ടായി. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ഈ വിദ്യാഭ്യാസ വിരുദ്ധ നിലപാടുകൾ ജനങ്ങളെ ബോധ്യപ്പെടുത്തിക്കൊണ്ട് വൻതോതിൽ പ്രക്ഷോഭം പടുത്തുയർത്തേണ്ട നാളുകളാണിത്. ഇത്തരം പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും നേതൃത്വം നൽകുകയും ചെയ്യേണ്ട ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് വിദ്യാർത്ഥി പ്രസ്ഥാനങ്ങളാണ്.എന്നാൽ അതിനു പകരം കാമ്പസ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ തങ്ങളുടെ ആധിപത്യം സ്ഥാപിക്കാനായി എതിരഭിപ്രായം പറയുന്നവരെ കയ്യൂക്കിനാൽ അമർച്ചച്ചെയ്യുന്ന എസ് എഫ് ഐ യുടെ ഈ തരത്തിലുള്ള വിധ്വംസക പ്രവൃത്തികളെവിദ്യാർത്ഥികളും അക്കാദമിക സമൂഹവും ഒറ്റപ്പെടുത്തണം.ഇത്തരം ആക്രമപ്രവർത്തനങ്ങൾക്കെതിരെയും കാമ്പസുകളുടെ ജനാധിപത്യ സ്വഭാവം സംരക്ഷിക്കാനും കക്ഷി രാഷ്ട്രീയത്തിനതീതമായി സംഘടിക്കണമെന്നും എഐഡിഎസ്ഒ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.