- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗജന്യ പാദരോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു
കൊച്ചി: ദേശീയ പാദരോഗ ബോധവൽക്കരണ വാരാചരണത്തോടനുബന്ധിച്ച് പൊതുജനങ്ങൾക്കായി സംഘടിപ്പിച്ച സൗജന്യ പാദരോഗ നിർണയ മെഡിക്കൽ ക്യാമ്പ് വിപിഎസ് ലേക്ഷോർ ആശുപത്രിയിൽ നടന്നു. അതോടൊപ്പം ഷാർക്കോട്ട് രോഗത്തിൽ നിന്ന് മുക്തരായവരുടെ സംഗമവും ലേക്ഷോർ സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നിന്നെത്തിയ അൻപതോളം പേരാണ് സംഗമത്തിൽ പങ്കെടുത്തത്. ചടങ്ങിന്റെ ഉദ്ഘാടനം ചലച്ചിത്ര താരം ഉണ്ണിമായ നിർവഹിച്ചു. ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റിയും വിപിഎസ് ലേക്ഷോർ ആശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ ജില്ലകളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു. ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി ദേശീയ പ്രസിഡന്റ് ഡോ. രാജേഷ് സൈമൺ, ഓർത്തോപീഡിക്‌സ് വിഭാഗം കൺസൾട്ടന്റ് ഡോ. ഡെന്നിസ് പി ജോസ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.വിപിഎസ് ലേക്ഷോർ മാനേജിങ് ഡയറക്ടർ എസ് കെ അബ്ദുള്ള മുഖ്യ പ്രഭാഷണം നടത്തി.
ജീവനു തന്നെ ഭീഷണിയായി മാറുന്ന ഷാർക്കോട്ട് ഫൂട്ട് പോലുള്ള പാദ രോഗങ്ങളെ കുറിച്ച് പൊതുജനങ്ങളെ ബോധവൽക്കരിക്കുകയും രോഗം നേരത്തെ തിരിച്ചറിയാൻ സഹായിക്കുകയുമാണ് ലക്ഷ്യമെന്ന് വിപിഎസ് ലേക്ഷോർ ഓർത്തോപീഡിക്‌സ് വിഭാഗം സീനിയർ കൺസൽട്ടന്റും ഫൂട്ട് ആൻഡ് ആങ്കിൾ സർജനുമായ ഡോ. രാജേഷ് സൈമൺ പറഞ്ഞു.ഷാർക്കോട്ട് ഫൂട്ട് രോഗത്തിന്റെ വിവിധ വികാസ ഘട്ടങ്ങളും രോഗികളുടെ ചികിത്സയ്ക്കു മുമ്പും ശേഷവുമുള്ള മാറ്റങ്ങളെ കുറിച്ചും വിശദമാക്കുന്ന പ്രസന്റേഷൻ ഡോ. ഡെന്നിസ് പി ജോസ് അവതരിപ്പിച്ചു.
കേരളത്തിൽ ഷാർക്കോട്ട് ഫൂട്ട് രോഗം രൂക്ഷമായി ബാധിച്ച് പിന്നീട് ചികിത്സയിലൂടെ സുഖംപ്രാപിച്ചവരുടെ ഒരു വാട്‌സപ്പ് കൂട്ടായ്മയ്ക്കും ഇന്ത്യൻ ഫൂട്ട് ആൻഡ് ആങ്കിൾ സൊസൈറ്റി രൂപം നൽകി. കാലുകൾ വൈകല്യം സംഭവിക്കുകയും കാൽമുറിച്ചു മാറ്റലിന്റെ വക്കോളമെത്തുകയും ചെയ്ത് പിന്നീട് വിദഗ്ധ ചികിത്സയിലൂടെ സുഖം പ്രാപിച്ച് ഇപ്പോൾ സാധാരണ ജീവിതം നയിക്കുന്നവരുടെ കൂട്ടായ്മയാണിത്. ഇവരുടെ അനുഭവങ്ങൾ പരസ്പരം പങ്കുവെക്കാനും ഡോക്ടർമാരുമായുള്ള ആശയവിനിമയം സുഗമമാക്കാനും കൂടുതൽ ജനങ്ങളിലേക്ക് പാദ രോഗ സംബന്ധമായ അറിവുകൾ പങ്കുവെക്കുകയും ലക്ഷ്യമിട്ടാണ് ഈ കൂട്ടായ്മയുടെ രൂപീകരണമെന്നും ഡോ. രാഷേജ് സൈമൺ പറഞ്ഞു