- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഫർസോൺ ഉപഗ്രഹസർവ്വേ റിപ്പോർട്ട് പുറത്തുവിടാത്തതിൽ ദുരൂഹതയുണ്ട്: ഇൻഫാം
കൊച്ചി: രാജ്യത്തെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയോദ്യാനങ്ങൾക്കും ചുറ്റുമായി ഒരുകിലോമീറ്റർ ബഫർസോൺ എന്ന 2022 ജൂൺ 3ലെ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വനംവകുപ്പ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്ററിനെക്കൊണ്ട് നടത്തിയ ഉപഗ്രഹസർവ്വേ റിപ്പോർട്ട് പുറത്തുവിടാത്തതിന്റെ പിന്നിൽ ഏറെ ദുരൂഹതയുണ്ടെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ അഡ്വ. വി സി സെബാസ്റ്റ്യൻ ആരോപിച്ചു.
ഉപഗ്രഹസർവ്വേ വിശദാംശങ്ങൾ രഹസ്യമാക്കിവെയ്ക്കുന്നത് ശരിയായ നടപടിയല്ല. പ്രശ്നബാധിതപ്രദേശങ്ങളിലെ ജനങ്ങൾളുടെ അറിവിലേയ്ക്കും പഠനത്തിനുമായി പ്രസ്തുത റിപ്പോർട്ട് പുറത്തുവിടാൻ വനംവകുപ്പ് തയ്യാറാകണം. ഈ റിപ്പോർട്ട് കോടതിയുൾപ്പെടെ ഏതെങ്കിലും തലങ്ങളിൽ ഇതിനോടകം സമർപ്പിച്ചിട്ടുണ്ടോയെന്നും സർക്കാർ വ്യക്തമാക്കണം. ബഫർസോൺ വനാതിർത്തിവിട്ട് കൃഷിഭൂമിയിലേയ്ക്ക് വ്യാപിപ്പിക്കുവാനുള്ള അണിയറനീക്കങ്ങളൊന്നും അനുവദിക്കുകയില്ല.
ആരുടെയൊക്കെ ഭൂമിയാണ് ഉപഗ്രഹസർവ്വേയിൽ ഉൾപ്പെട്ടിട്ടുള്ളതെന്ന് ഇപ്പോഴും ജനങ്ങൾക്ക് വ്യക്തമല്ല. റവന്യൂ ഭൂമിയിൽ വനംവകുപ്പ് വനവൽക്കരണത്തിനായി സർവ്വേ നടത്തുന്നതും നീതീകരിക്കാനാവില്ല. സർക്കാർ നിശ്ചയിച്ചിരിക്കുന്ന വിദഗ്ദ്ധസമിതിയുടെ പരിശോധനകൾ ഉപഗ്രഹസർവ്വേയുടെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാണ്. ഗാഡ്ഗിൽ കസ്തൂരിരംഗൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 2018-ൽ 123 പരിസ്ഥിതിലോലപ്രദേശങ്ങളുടെ വിശദാംശങ്ങൾ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് സർക്കാർ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീടത് 119 വില്ലേജായും തുടർന്ന് 92 വില്ലേജായും കുറച്ച് പ്രസിദ്ധീകരിച്ചു. എന്നിട്ടിപ്പോഴും ഈ 92 വില്ലേജുകളിൽ പലതും ജനവാസകേന്ദ്രങ്ങളായി തുടരുന്ന സ്ഥിതിവിശേഷമുണ്ട്. ഉപഗ്രഹസർവ്വേ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്താതെ വിദഗ്ദ്ധസമിതിയുടെ തെളിവെടുപ്പ് അനുവദിച്ചുകൊടുക്കരുതെന്നും കൃഷിഭൂമി വനവൽക്കരണത്തിനും കാർബൺ ഫണ്ടിനുമായി വിട്ടുകൊടുക്കാനാവില്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.