- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമായി തീയറ്ററിൽ സിനിമ കണ്ടത് ഈ ശിശുദിനത്തിന് '. സന്തോഷത്താൽ 'ജയ് ഹേ 'വിളിച്ച് വിദ്യാർത്ഥിനികൾ
ഒരുകൂട്ടം വിദ്യാർത്ഥികൾക്ക് ഈ വർഷത്തെ ശിശുദിനം അവിസ്മരണീയമായിരുന്നു. ഒരു മൾട്ടിപ്ലക്‌സ് തിയേറ്ററിൽ പോയി സിനിമ കാണുക എന്ന ഭൂരിപക്ഷം വിദ്യാർത്ഥിനികളുടെയും ആഗ്രഹം സഫലമായ ശിശുദിനമായിരുന്നു ഇത്.എം എൽ എ കടകംപള്ളി സുരേന്ദ്രനും തിരുവനന്തപുരത്തെ ഏരീസ് പ്ലെക്‌സ് തിയേറ്റർ ഉടമ സോഹൻ റോയിയും ജയജയജയ ജയഹേ എന്ന സിനിമയുടെ നിർമ്മാതാക്കളും ഒത്തുചേർന്നപ്പോൾ ഒരു സ്‌കൂളിന്റെ സ്വപ്നം യാഥാർത്ഥ്യമായി.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിലെ കട്ടേല ഡോ. അംബേദ്കർ മെമോറിയൽ ഗേൾസ് റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിനികളുടെ ആഗ്രഹമാണ് ഈ കഴിഞ്ഞ ശിശുദിനത്തിൽ ഏരീസ് പ്ലക്‌സ് തീയറ്ററിൽ പൂവണിഞ്ഞത്. സംസ്ഥാനത്തെ വിവിധ ആദിവാസി ഊരുകളിൽ നിന്നുമുള്ള നാനൂറോളം വിദ്യാർത്ഥിനികൾ പഠിക്കുന്ന ഈ വിദ്യാലയത്തിലെ കുട്ടികളിൽ ഭൂരിഭാഗം പേരും തിയേറ്ററിൽ പോയി ഇന്നേവരെ ഒരു സിനിമ പോലും കണ്ടിട്ടില്ല. സ്‌കൂൾ പ്രിൻസിപ്പൽ റോസ് കത്രീന സിനിമ കാണാനുള്ള കുട്ടികളുടെ ആഗ്രഹം അറിയിച്ച് എംഎൽഎ കടകംപള്ളി സുരേന്ദ്രന് എഴുതിയ ഒരു കത്താണ് അവർക്ക് തിയേറ്ററിലേയ്ക്കുള്ള വഴിയൊരുക്കിയത്.
കത്ത് ലഭിച്ച ഉടൻതന്നെ, എംഎൽഎ കുട്ടികളെ സിനിമ കാണിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോയി.തിരുവനന്തപുരം ഏരീസ് പ്ലക്‌സ് തീയേറ്ററിന്റെ മാനേജർ ജോയിയെ ഫോണിൽ ബന്ധപ്പെട്ട് കാര്യം അറിയിച്ചു . തിയേറ്റർ ഉടമയും ഏരീസ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ സ്ഥാപക ചെയർമാനും സിഇഒയുമായ സോഹൻ റോയ് തിയേറ്ററിൽ കുട്ടികൾക്കായി സൗജന്യ ഷോ ഉറപ്പുനൽകി .ഇത് അറിഞ്ഞ സിനിമയുടെ നിർമ്മാതാക്കളായ ലക്ഷ്മി വാര്യർ, ഗണേശ് മേനോൻ എന്നിവരും പരിപൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
രണ്ട് സ്‌ക്രീനുകളിലായിട്ടാണ് പ്രദർശനം സംഘടിപ്പിച്ചത്.എംഎൽഎയോടും അദ്ധ്യാപകരോടും ഒപ്പം അവർ സിനിമ കണ്ടു. ഇടവേളയിൽ അവർക്ക് മധുരവും ഒരുക്കിയിരുന്നു.ആദ്യമായി തിയേറ്ററിലെത്തിയ സന്തോഷം വിദ്യാർത്ഥിനികളിൽ പലരുടെയും മുഖത്ത് കാണാമായിരുന്നു . അഭിനേതാക്കളായ നോബി, ബിജു കലാവേദി, കടശനാട് കനകമ്മ, അരുൺസോൾ എന്നിവരും തീയേറ്ററിൽ എത്തിയിരുന്നു.കുട്ടികളുടെ ആഗ്രഹം നിറവേറ്റാൻ സ്ത്രീശക്തികരണം പ്രമേയമാക്കിയ ഈ സിനിമ തന്നെ തെരഞ്ഞെടുത്തതിൽ വലിയ അഭിമാനം തോന്നിയെന്ന് കടകംപള്ളി സുരേന്ദ്രൻ ഫേസ്‌ബുക്കിൽ കുറിച്ചു. തീയറ്റർ ഉടമ സോഹൻ റോയിക്കും നിർമ്മാതാക്കൾക്കും അദ്ദേഹം നന്ദി പറഞ്ഞു.