- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാമൂഹ്യനീതിയുടെ രാഷ്ട്രീയമുയർത്തി വെൽഫെയർ പാർട്ടിയുടെ മൂന്നാം സംസ്ഥാന സമ്മേളനം മലപ്പുറത്ത്
മലപ്പുറം: സമൂഹ്യ നീതിയുടെ രാഷ്ട്രീയമുയർത്തിയ ഒരു പതിറ്റാണ്ട് പിന്നിട്ട വെൽഫെയർ പാർട്ടി അതിന്റെ മൂന്നാം സംസ്ഥാന സമ്മേളനം 2022 ഡിസംബർ 27,28,29 തീയതികളിൽ മലപ്പുറത്ത് വെച്ച് നടത്തുകയാണ്. യൂണിറ്റ് തലം മുതൽ ആരംഭിച്ച വെൽഫെയർ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ചുകൊണ്ട് നടക്കുന്ന സംസ്ഥാന തല തെരഞ്ഞെടുപ്പിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വിപുലമായ പരിപാടിയാണ് മലപ്പുറത്ത് നടക്കുന്ന സംസ്ഥാന സമ്മേളനമെന്ന് സംസ്ഥാന വൈസ് പ്രസിഡണ്ട് റസാഖ് പാലേരി പത്രസമ്മേളനത്തിൽ അറിയിച്ചു. ഭരണകൂടം തന്നെ വംശീയ ഉന്മൂലനത്തിന് ശ്രമിക്കുന്ന സമകാലിക ഇന്ത്യൻ രാഷ്ട്രീയ സാഹചര്യത്തെ കേരളീയ സമൂഹത്തിനു മുന്നിൽ വ്യത്യസ്ത ഇടപെടലുകളിലൂടെ നിരന്തരം ചോദ്യം ചെയ്യുന്ന കാമ്പയിനിനാണ് തെരഞ്ഞെടുപ്പ് കാലത്ത് വെൽഫെയർ പാർട്ടി നേതൃത്വം നൽകിയത്.
കഴിഞ്ഞ 11 വർഷത്തിനിടയിൽ കേരള രാഷ്ട്രീയത്തിൽ നിർണ്ണായക ഇടം നേടിയെടുക്കാൻ വെൽഫെയർ പാർട്ടിക്ക് സാധിച്ചിട്ടുണ്ട്. അധികാരി വർഗവും സവർണാധിപത്യ സമൂഹവും പരസ്പര കരാറിലൂടെ അനർഹമായി കയ്യടക്കി വെച്ചിരിക്കുന്ന ഭൂമിയെ അർഹതപ്പെട്ടവർക്ക് ലഭ്യമാക്കുന്നതിനുള്ള പോരാട്ട ഭൂമിയിൽ മുൻനിരയിലാണ് വെൽഫെയർ പാർട്ടി പ്രവർത്തിച്ചത്. കേരളത്തിലെ വിവിധ ഭാഗങ്ങളിലായി നിരവധി ഭൂസമരങ്ങൾ പാർട്ടി സംഘടിപ്പിച്ചിട്ടുണ്ട്. കല്ലടത്തണ്ണി സമരം അടക്കം വിജയകരമായി സമാപിച്ച നിരവധി ഭൂസമരങ്ങളുണ്ട്. ദലിത് പിന്നാക്ക ജനസമൂഹങ്ങളുടെ അധികാര പങ്കാളിത്തമടക്കമുള്ള വിഷയങ്ങളിൽ നിർണായക നിലപാടുകളാണ് വെൽഫെയർ പാർട്ടി സ്വീകരിച്ചത്.
കെ.എ.എസിലെ സംവരണ നിഷേധമടക്കമുള്ള വിഷയങ്ങളിൽ സംവരണ സമുദായങ്ങളെ അണിനിരത്തി വൻ പ്രക്ഷോഭങ്ങളായിരുന്നു പാർട്ടി സംഘടിപ്പിച്ചത്. 103 ആം ഭരണഘടനാ ഭേദഗതിക്ക് ശേഷം സമൂഹ്യ നീതി അട്ടിമറിക്കപ്പെടുകയും സവർണ സംവരണം നടപ്പാക്കുകയും ചെയ്ത സാഹചര്യത്തിൽ ദലിത് - പിന്നാക്ക ജനവിഭാഗങ്ങളെ അണിനിരത്തി കൂടുതൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് പാർട്ടി തയ്യാറെടുക്കുകയാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങളെ ഇല്ലാതാക്കി സംവരണീയ സമൂഹത്തെ വിദ്യാഭ്യാസ, അധികാര കേന്ദ്രങ്ങളിൽ നിന്ന് മാറ്റിനിർത്താനുള്ള സംഘ്പരിവാറിന്റെ താൽപര്യത്തെ ചെറുത്തു തോൽപ്പിക്കുന്നതിനുള്ള വ്യത്യസ്ത പോരാട്ടത്തിൽ മുൻനിരയിൽ നിന്ന് വെൽഫെയർ പാർട്ടി പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യയെ വംശീയ രാഷ്ട്രമാക്കാൻ മുന്നോട്ട് പോകുന്ന സംഘ്പരിവാർ നിയന്ത്രിത കേന്ദ്ര ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പോരാട്ടങ്ങൾ പാർട്ടി സംഘടിപ്പിച്ചു വരുന്നു. എതിർ ശബ്ദങ്ങളെ ഇല്ലാതാക്കി രാജ്യത്ത് ഏകാധിപത്യ ഭരണകൂടം എന്ന ഫാസിസ്റ്റുകളുടെ താല്പര്യമാണ് ഹിന്ദു രാഷ്ട്ര ക്യാമ്പയിനിലൂടെ ആർഎസ്എസ് ആഗ്രഹിക്കുന്നത്. ഇ.ഡി അടക്കമുള്ള കേന്ദ്രസർക്കാരിന്റെ ഭരണകൂട സംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തി നടത്തുന്ന വംശീയ ഉന്മൂലന ശ്രമത്തിനെതിരെ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ രാഷ്ട്രീയ - സാംസ്‌കാരിക പ്രവർത്തകരുടെ ജനകീയ പോരാട്ടത്തിന് സമ്മേളന കാലയളവിൽ വെൽഫെയർ പാർട്ടി മുൻകൈയെടുക്കും.
പൗരത്വ പ്രക്ഷോഭം, നോട്ട് നിരോധത്തിനെതിരെ നടത്തിയ പ്രക്ഷോഭങ്ങൾ, കർഷക സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച് നടത്തിയ സമരങ്ങളടക്കം നിരവധി പോരാട്ടങ്ങൾ വെൽഫെയർ പാർട്ടി മുന്നിലുണ്ടായിരുന്നു. ആർഎസ്എസ് താല്പര്യങ്ങളോടൊപ്പം നിൽക്കാത്ത ജനവിഭാഗങ്ങളെ രാജ്യത്തുനിന്നും പൗരത്വ നിഷേധത്തിലൂടെ ഇല്ലാതാക്കാമെന്ന വ്യാമോഹത്തിന്റെ മറവിൽ ചുട്ടെടുത്ത പൗരത്വ ഭേദഗതി നിയമത്തിനെതിരെ രണ്ടുദിവസം തുടർച്ചയായി രാജ്ഭവൻ ഉപരോധിച്ചുകൊണ്ടാണ് വെൽഫെയർ പാർട്ടി പ്രതിഷേധിച്ചത്. കോവിഡ് കാലത്തും പ്രളയം, ഓഖി, ഉരുൾപൊട്ടലുകൾ തുടങ്ങിയ ദുരന്ത സന്ദർഭങ്ങളിൽ രക്ഷാപ്രവർത്തനത്തിനും പുനരധിവാസത്തിനും വെൽഫെയർ പാർട്ടി വളണ്ടിയർമാർ സജീവമായി മുന്നിലുണ്ടായിരുന്നു.
2015, 2020 തദ്ദേശ തെരെഞ്ഞെടുപ്പുകളിൽ നിർണ്ണായകമായ വിജയം പാർട്ടി നേടിയെടുത്തിട്ടുണ്ട്. സംഘ്പരിവാറിനെതിരെ പ്രതിപക്ഷ ഐക്യം ആഗ്രഹിക്കുന്ന വെൽഫെയർ പാർട്ടി 2019 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിൽ സംഘ്പിരവാറിനെതിരെ മതേതര ജനാധിപത്യ പാർട്ടികളെ പിന്തുണക്കുകയായിരുന്നു.
പാർട്ടിയുടെ 11 വർഷത്തെ പ്രവർത്തനത്തിന്റെ മികവിൽ ശക്തമായ സംഘടനാ അടിത്തറയോടെയാണ് പാർട്ടി മൂന്നാം സംസ്ഥാന സമ്മേളനം മലപ്പുറത്ത് സംഘടിപ്പിക്കുന്നത്. യൂണിറ്റ് തല സമ്മേളനങ്ങൾ സെപ്തബറിലും പഞ്ചായത്ത് തല സമ്മേളനങ്ങൾ ഒക്ടോബറിലും സമാപിച്ചു. നിയോജകമണ്ഡലം തല സമ്മേളനങ്ങളും പൂർത്തിയായി. പാർട്ടി ജില്ലാ സമ്മേളനങ്ങൾ നവംബർ 27 നും ഡിസംബർ 4 - നുമിടയിൽ നടക്കും. സമ്മേളനങ്ങളിലൂടെ വിവിധ ഘടകങ്ങളിലെ ഭാരവാഹികളെ ജനാധിപത്യ രീതിയിൽ തെരെഞ്ഞെടുക്കും. അതിനു സമാപനം കുറിച്ചുകൊണ്ടാണ് സംസ്ഥാന സമ്മേളനം നടക്കുന്നത്. സമ്മേളത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളിൽ സെമിനാറുകളും അനുബന്ധ പരിപാടികളും സംഘടിപ്പിക്കും.
ഡിസംബർ 27 - ന് രാവിലെ 10 മണി മുതൽ 29 - ന് ഉച്ചവരെ പ്രതിനിധി സമ്മേളനം നടക്കും. ഡിസംബർ 29 - ന് വൈകിട്ട് 3 മണിമുതൽ പതിനായിരക്കണക്കിന് പ്രവർത്തകർ അണിനിരക്കുന്ന ബഹുജന റാലിയും തുടർന്ന് പൊതു സമ്മേളനവും നടക്കും. സമ്മേളനത്തിലും സെമിനാറുകളിലും സമൂഹ്യ നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന നിരവധി ദേശീയ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് സംസ്ഥാന സമ്മേളന ജനറൽ കൺവീനർ കൂടിയായ റസാഖ് പാലേരി പറഞ്ഞു.
വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി *സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം നാളെ (നവം. 16 ബുധൻ) വൈകു. 4.30 - ന് വെൽഫെയർ പാർട്ടി കർണാടക സംസ്ഥാന പ്രസിഡണ്ട് അഡ്വ: ത്വാഹിർ ഹുസൈൻ ഉദ്ഘാടനം ചെയ്യും.* ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു പങ്കെടുക്കും.