- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കർഷകർ സംഘടിച്ചില്ലെങ്കിൽ കാർഷികമേഖല ചരിത്രത്തിന്റെ ഭാഗമാകും: അഡ്വ.വി സി.സെബാസ്റ്റ്യൻ
കാഞ്ഞിരപ്പള്ളി: കർഷകർ സംഘടിച്ച് നീങ്ങുന്നില്ലെങ്കിൽ കാർഷികമേഖല ചരിത്രത്തിന്റെ ഭാഗമാകുമെന്ന് രാഷ്ട്രീയകിസാൻ മഹാസംഘ് സൗത്ത് ഇന്ത്യ കൺവീനർ ഷെവലിയാർ അഡ്വ.വി സി.സെബാസ്റ്റ്യൻ.
നവംബർ 25ന് രാവിലെ 10.30ന് റബർബോർഡ് ആസ്ഥാനത്തേയ്ക്ക് കർഷകസംഘടനകളും എൻഎഫ്ആർപിഎസും സംയുക്തമായി നടത്തുന്ന റബർ കർഷകമാർച്ചിനു മുന്നോടിയായി കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ കർഷകസംഘടനാ പ്രതിനിധികളുടെ നേതൃസമ്മേളനം കാഞ്ഞിരപ്പള്ളി സാന്തോം കോളജ് ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർഷകർ വിഘടിച്ച് അസംഘടിതരായി നിൽക്കുന്നതുകൊണ്ട് അവരുടെമേൽ എന്തുമാകാമെന്ന രാഷ്ട്രീയ ഭരണ ഉദ്യോഗസ്ഥനേതൃത്വങ്ങളുടെ ധാർഷ്ഠ്യമാണ് ഇന്ന് നിലനിൽക്കുന്നത്. ഇവർക്കെതിരെ വിരൽ ചൂണ്ടി സംസാരിക്കുവാനുള്ള ആർജ്ജവം കർഷകർക്കുണ്ടാകുമ്പോൾ മാത്രമേ കാർഷികമേഖലയ്ക്ക് രക്ഷപെടാനുള്ള വാതിൽ തുറക്കൂ. പ്രാദേശിക തലത്തിൽ മാത്രം കർഷകർ സംഘടിച്ചിട്ട് ഇനിയുള്ള കാലം ഒന്നും നേടാനാകില്ല. പ്രാദേശിക കർഷകസംഘടനകൾ ദേശീയതല കൂട്ടായ്മയിലേയ്ക്ക് കടന്നുവരണം. റബർപ്രതിസന്ധി ദേശീയ പ്രശ്നമായി ഉയർത്തിക്കാട്ടുവാൻ കർഷകസംഘടനകൾ സഹകരിക്കണമെന്നും നവംബർ 25ലെ റബർ ബോർഡ് ആസ്ഥാനത്തേയ്ക്കുള്ള കർഷകമാർച്ച് സൂചന മാത്രമാണെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.
സമ്മേളനത്തിൽ രാഷ്ട്രീയ കിസാൻ മഹാസംഘ് ജില്ലാ ചെയർമാൻ ജോസഫ് തെള്ളിയിൽ അധ്യക്ഷത വഹിച്ചു. കൺവീനർ വർഗീസ് കൊച്ചുകുന്നേൽ റബർ കർഷകമാർച്ച് വിശദാംശങ്ങൾ അവതരിപ്പിച്ചു. ബേബിച്ചൻ ഏർത്തയിൽ, ജോജി വാളിപ്ലാക്കൽ, പി. ജെ. ജോസഫ്കുഞ്ഞ്, റോജൻ സെബാസ്റ്റ്യൻ, സിബി കളപ്പുര, തോമസ് ചുടലിയാങ്കൽ, എൻഎഫ്ആർപിഎസ് പ്രതിനിധികൾ, വിവിധ കർഷക സംഘടനാനേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.