- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റബർ വിലയിടിവിനെതിരെ കർഷകപ്രക്ഷോഭം; 25ന് റബർ ബോർഡ് ആസ്ഥാനത്തേയ്ക്ക് കർഷക പ്രതിഷേധ മാർച്ച്
കോട്ടയം: റബർ വിലയിടിവിനെതിരെ അടിയന്തര ഇടപെടലുകൾ നടത്താതെ ഒളിച്ചോടുന്ന സർക്കാർ നിലപാടിനെതിരെ കർഷകർ പ്രക്ഷോഭത്തിലേയ്ക്ക്. ഇതിന്റെ ഭാഗമായി കർഷകസംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘിന്റെയും നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റിയുടെയും (എൻഎഫ്ആർപിഎസ്) സംയുക്ത നേതൃത്വത്തിൽ നവംബർ 25 വെള്ളിയാഴ്ച രാവിലെ 10.30ന് കോട്ടയം റബർ ബോർഡ് ആസ്ഥാനത്തേയ്ക്ക് കർഷക പ്രതിഷേധമാർച്ച് നടത്തും.
കോട്ടയം കളക്റ്റ്രേറ്റിന് എതിർവശം ലൂർദ് പള്ളിക്ക് സമീപത്തു നിന്നാരംഭിക്കുന്ന കർഷകമാർച്ച് കളക്റ്റ്രേറ്റ്, പൊലീസ് ഗ്രൗണ്ട് ചുറ്റി റബർബോർഡ് കേന്ദ്ര ഓഫീസിനുമുമ്പിൽ എത്തിച്ചേരും. തുടർന്നു ചേരുന്ന സമ്മേളനം രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനറും ഇൻഫാം ദേശീയ സെക്രട്ടറി ജനറലുമായ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റീസ് ചെയർമാൻ ജോർജ് ജോസഫ് വാതപ്പള്ളിൽ മുഖ്യാതിഥിയായിരിക്കും. രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് അദ്ധ്യക്ഷത വഹിക്കും. പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, താഷ്‌കന്റ് പൈകട തുടങ്ങി വിവിധ കർഷക സംഘടനാ നേതാക്കൾ പ്രസംഗിക്കും. കർഷകമാർച്ചിൽ പങ്കുചേരുവാൻ വിവിധ ജില്ലകളിൽ നിന്ന് എത്തിച്ചേരുന്നവർ വാഹനങ്ങൾ കോട്ടയം കളക്റ്റ്രേറ്റിനു എതിർവശത്തുള്ള ലൂർദ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്കുചെയ്യണം. തുടർന്ന് കർഷകർ ലൂർദ് പള്ളിയുടെ പ്രധാന കവാടത്തിനുസമീപം 10 മണിക്ക് എത്തിച്ചേരേണ്ടതാണ്.
റബർ ഇറക്കുമതി നിരോധിക്കുക, റബറിന് 300 രൂപ തറവില നിശ്ചയിച്ച് സബ്സിഡി നൽകുക, റബർ വിലയിടിവിന് പ്രധാന കാരണമായ സ്വതന്ത്രവ്യാപാരക്കരാറുകളിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറുക, റബർബോർഡിന്റെ അധികാരങ്ങൾ പുനഃസ്ഥാപിക്കുക, കർഷകപെൻഷൻ 10,000 രൂപയാക്കുക, വിലസ്ഥിരതാപദ്ധതിയിലെ ന്യൂനതകൾ പരിഹരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് കർഷകർ മുന്നോട്ട് വെയ്ക്കുന്നത്.
വിവിധ കർഷക സംഘടനാ നേതാക്കളായ മുതലാംതോട് മണി, കുര്യാക്കോസ് പുതിയേടത്തുപറമ്പിൽ, ഡിജോ കാപ്പൻ, ജോർജ് സിറിയക്ക്, മനു ജോസഫ്, അഡ്വ.പി.പി.ജോസഫ്, ജോസഫ് തെള്ളിയിൽ, സദാനന്ദൻ കൊല്ലം, അഡ്വ.ജോൺ ജോസഫ്, മാത്യു വി.കെ., പ്രദീപ്കുമാർ മാർത്താണ്ഡം, സി.എം.സെബാസ്റ്റ്യൻ, വർഗീസ് കൊച്ചുകുന്നേൽ, ജോയി കൈതാരം, സിറാജ് കൊടുവായൂർ, പി.ജെ. ജോൺ മാസ്റ്റർ, സുരേഷ്‌കുമാർ ഓടാപന്തിയിൽ, ആയാംപറമ്പ് രാമചന്ദ്രൻ, ടി.എം.വർഗീസ്, മാർട്ടിൻ തോമസ് എന്നിവർ കർഷകപ്രതിഷേധ മാർച്ചിന് നേതൃത്വം നൽകും.