ഭരണങ്ങാനം: ആതുര ശുശ്രൂഷാ രംഗത്ത് മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സ് നടത്തുന്ന സേവനങ്ങൾ മഹത്തരവും മാതൃകാപരവുമാണെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഭരണങ്ങാനം മേരിഗിരി ഐ എച്ച് എം ആശുപത്രിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിറ്റാണ്ടുകൾക്കു മുമ്പ് അന്ന് ശ്രമകരമായ ദൗത്യമാണ് ഏറ്റെടുത്തതെന്നും അത് സമൂഹത്തിനാകെ ഗുണകരമായി മാറ്റിയെന്നും എം എൽ എ ചൂണ്ടിക്കാട്ടി.

ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി വികാരി ഫാ. അഗസ്റ്റ്യൻ തെരുവത്ത് അധ്യക്ഷത വഹിച്ചു. ഫാ. മാത്യു മുളങ്ങാശ്ശേരിൽ അനുഗ്രഹപ്രഭാഷണം നടത്തി. ആശുപത്രിയുടെ മുൻ അഡ്‌മിനിസ്‌ട്രേറ്റർ സി. റോസ് വാച്ചാപറമ്പിൽ, മുൻ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പൾ സി. മേരി വരയാത്തുകരോട്ട്, ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് മെമ്പർ റെജി വടക്കേമേച്ചേരിൽ, അഡ്‌മിനിസ്‌ട്രേറ്റർ സി.മിനി അസിസ്റ്റന്റ് അഡ്‌മിനിസ്‌ട്രേറ്റർ ജോസ്ബിൻ മാത്യു എന്നിവർ പ്രസംഗിച്ചു. ജൂബിലി ഉദ്ഘാടനങ്ങളോടൊപ്പം - പുതുതായി ചേർന്ന നഴ്‌സിങ് വിദ്യാർത്ഥിനികളുടെ ദീപം തെളിക്കൽ ചടങ്ങും നടത്തി.

ചങ്ങനാശ്ശേരി അതിരൂപതയിലെ ആദ്യത്തെ കത്തോലിക്ക ആശുപത്രിയായി 1948 ൽ പ്രവർത്തനം ആരംഭിച്ചതാണ് ഐ എച്ച.എം (മേരിഗിരി) ആശുപത്രി. ഭരണങ്ങാനം ഇടവകാംഗമായിരുന്ന ഫാ. സെബാസ്റ്റ്യൻ പിണക്കാട്ടിന്റെ അഭ്യർത്ഥനയനുസരിച്ചാണ് മെഡിക്കൽ മിഷൻ സിസ്റ്റേഴ്‌സ് ആശുപത്രിക്കു തുടക്കംകുറിച്ചത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടെ 14 ഡിപ്പാർട്ടുമെന്റുകൾ ഇപ്പോൾ ഇവിടെയുണ്ട്.