മലപ്പുറം: വിവര സാങ്കേതിക വിദ്യ സംബന്ധിച്ചു ചെറുപട്ടണങ്ങളിലെ വിദ്യാർത്ഥികൾക്കിടയിൽ അവബോധം വർധിപ്പിക്കുക എന്ന ലക്ഷ്യവുമായി ടാറ്റാ കൺസൾട്ടൻസി സർവീസസ് കർണാടക സർക്കാരുമായി ചേർന്നു സംഘടിപ്പിച്ച റൂറൽ ഐടി ക്വിസിന്റെ ദേശീയ ഫൈനലിൽ മലപ്പുറം സർക്കാർ മോഡൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ശ്രീനാഥ് സുധീഷ് വിജയിയായി. രാജസ്ഥാൻ സൂരത്ഗഡ് സ്വാമി വിവേകാനന്ദ് സർക്കാർ മോഡൽ സ്‌കൂളിലെ വിവേകാണ് രണ്ടാം സ്ഥാനത്ത്.

എട്ടു മേഖലാ മത്സരങ്ങളിൽ നിന്നുള്ള വിജയികളാണ് ബെംഗലൂരുവിൽ നടത്തിയ ദേശീയ ഫൈനലിൽ പങ്കെടുത്തത്. ബെംഗലൂരു ടെക് സമിറ്റിന്റെ ഭാഗമായാണ് ടിസിഎസ് റൂറൽ ഐടി ക്വിസിന്റെ 23-ാമത് പതിപ്പ് സംഘടിപ്പിച്ചത്. 2000 മുതൽ എല്ലാ വർഷവും കർണാടക സർക്കാരുമായി സഹകരിച്ച് ടിസിഎസ് റുറൽ ഐടി ക്വിസ് നടത്തി വരുന്നുണ്ട്. വിജയിക്ക് ഒരു ലക്ഷം രൂപയുടേയും രണ്ടാം സ്ഥാനക്കാർക്ക് 50,000 രൂപയുടേയും സ്‌കോളർഷിപുകൾ നല്കി. ഫൈനലിലെത്തിയ മറ്റുള്ളവർക്കും വിവിധ സ്‌കോളർഷിപുകൾ നല്കി.