- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരമ്പരാഗത വ്യവസായങ്ങൾക്കുള്ള ഇ കൊമേഴ്സ് പ്ലാറ്റ്ഫോം അടുത്തമാസം നിലവിൽ വരുമെന്ന് മന്ത്രി പി രാജീവ്
കൊച്ചി: പരമ്പരാഗത വ്യവസായങ്ങൾക്കുള്ള ഇ കൊമേഴ്സ് പ്ലാറ്റ് ഫോം അടുത്ത മാസം വരുമെന്ന് നിയമ വ്യവസായ കയർ വകുപ്പ് മന്ത്രി പി.രാജീവ്. കെൽട്രോൺ മുൻകൈ എടുത്താണ് പ്ലാറ്റ് ഫോം രൂപീകരിക്കുന്നത്. ഈ പ്ലാറ്റ് ഫോം വഴി ബാംബൂ ഉൽപ്പന്നങ്ങൾ വിപണിയിലേക്ക് കൊണ്ടുവരാൻ സാധിക്കും. സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി 92000 സൂക്ഷമ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. 5400 കോടിയുടെ നിക്ഷേപം വന്നു. രണ്ട് ലക്ഷത്തി ഒമ്പതിനായിരത്തോളം തൊഴിലവസരങ്ങൾ ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടു. ഇതൊരു ചരിത്ര നേട്ടമാണ്. മുള കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നവർക്കും സംരംഭക വർഷം പദ്ധതുയുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾ ഉപയോഗിച്ചുകൊണ്ട് സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. കേരള ബാംബൂ എന്ന പേരിൽ മുളയെ കേരള ബ്രാൻഡ് എന്ന രീതിയിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കലൂർ ജവഹർലാൽ നെഹ്‌റു ഇന്റർനാഷണൽ സ്റ്റേഡിയം മൈതാനത്തിൽ വ്യവസായ വാണിജ്യ വകുപ്പിനു വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ സംഘടിപ്പിക്കുന്ന 19-ാമത് കേരള ബാംബൂഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ബാംബൂ കോർപ്പറേഷന്റെ യൂ ട്യൂബ് ചാനലിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
നവംബർ 27 മുതൽ ഡിസംബർ 4 വരെയാണ് ഫെസ്റ്റ്. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി 9 മണി വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും 300 ഓളം കരകൗശല പ്രവർത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്.
സംസ്ഥാന ബാംബൂ മിഷൻ മുഖേന സംഘടിപ്പിക്കുന്ന ഡിസൈൻ വർക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകൽപ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം മുള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മുളയരി, മുളകൂമ്പ് എന്നിവയിൽ നിർമ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും കുടുംബശ്രീയുടെ ഫുഡ് കോർട്ടും മേളയിൽ ഉണ്ട്.
ചടങ്ങിൽ തൃക്കാക്കര എംഎൽഎ ഉമാ തോമസ് അധ്യക്ഷത വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ മേയർ അഡ്വ. എം.അനിൽ കുമാർ പ്രത്യേക പ്രഭാഷണം നടത്തി. വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻ ബില്ല ഐഎഎസ്, എപി എം മുഹമ്മദ് ഹനീഷ് ഐഎഎസ്, സംസ്ഥാന ബാംബൂ കോർപ്പറേഷൻ ചെയർമാൻ ടി.കെ മോഹനൻ, നാഷണൽ ബാംബൂ മിഷൻ അസി.കമ്മീഷണർ ശ്രീകാന്ത് കെ എസ്, കേരള വന ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ. ശ്യാം വിശ്വനാഥ്, കെബിപ്പ്/ കേരള സംസ്ഥാന ബാംബൂമിഷൻ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സൂരജ് എസ്്, എറണാകുളം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ നജീബ് പി.എ എന്നിവർ പങ്കെടുത്തു.
--