- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആ ആന പ്രദർശനം ഡിസംബർ 1ന് ആരംഭിക്കും
ദേശീയ പൈതൃക മൃഗമായ ആനകളുടെ സംരംക്ഷണം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഗജോത്സവത്തിന്റെ ഭാഗമായുള്ള ആ ആന പ്രദർശനം ഡിസംബർ 1 ന് ആരംഭിക്കും. ഫോർട്ട് കൊച്ചിയിലെ സെന്റ് ജോൺ ഡി ബ്രിട്ടോ സ്‌ക്കൂളിന് സമീപമുള്ള സിഎസ് ഐ ഹാളിലാണ് പ്രദർശനം നടക്കുക . ഒരു മാസം നീണ്ടുനിൽക്കുന്ന ആ ആന പ്രദർശനത്തിൽ കല, സാഹിത്യം തുടങ്ങിയ വിവിധ മാധ്യമങ്ങളിലൂടെയും ക്ഷേത്ര അനുഷ്ഠാനങ്ങളിലൂടെയും ആനയെ ചിത്രീകരിക്കുന്ന പ്രദർശനം നടക്കും. കൊച്ചിൻ കാർണിവലിന്റെ ഭാഗമായാണ് ആ ആന പ്രദർശനം സംഘടിപ്പിക്കുന്നത്. വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ, വിറ്റ്ലി ഫണ്ട് ഫോർ നേച്ചർ , കൊച്ചിൻ കലക്ടീവ് എന്നിവർ സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ആ ആന പ്രദർശനത്തിന്റെ ഭാഗമായി ആനയുമായി ബന്ധപ്പെട്ട സിനിമാ പ്രദർശനവും ചർച്ചകളും സംഘടിപ്പിക്കും.
ബാലഗജ എന്ന പേരിൽ വിദ്യാർത്ഥികൾക്കായി ആനകളുടെ വിവിധ കലാരൂപങ്ങൾ നിർമ്മിക്കാനും അവസരമുണ്ടാകും. അതോടൊപ്പം, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയും വിറ്റ്‌ലി ഫണ്ട് ഫോർ നേച്ചറും നൽകുന്ന ഗജമിത്ര മാധ്യമ അവാർഡിനും അപേക്ഷ ക്ഷണിച്ചു. പ്രിന്റ് / ഓൺലൈൻ, ടെലിവിഷൻ / ഡോക്യുമെന്ററി ഫീച്ചറുകൾ, റേഡിയോ/ പോഡ്കാസ്റ്റുകൾ, സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസേഴ്‌സ് എന്നീ 4 വിഭാഗങ്ങളിലായാണ് അവാർഡിന് അപേക്ഷ ക്ഷണിക്കുന്നത്. ആനകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും അവയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളും റിപ്പോർട്ട് ചെയ്യുന്നവർക്കാണ് അവാർഡ് . കേരളത്തിലുള്ള 21നും 40 നും ഇടക്ക് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 2023 ഏപ്രിലിൽ അവാർഡ് പ്രഖ്യാപിക്കും. എഴുത്തുകാരായ പോൾ സക്കറിയ, എൻ.എസ് മാധവൻ, ആന വിദഗ്ദനായ ഡോ.പി. എസ് ഈസ എന്നിവരടങ്ങിയ ജൂറിയാണ് വിജയികളെ കണ്ടെത്തുക.
കൊച്ചിൻ കാർണിവൽ സൊസൈറ്റി പ്രസിഡണ്ട് കെ.ജെ സോഹൻ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ കമ്യൂണിക്കേഷൻ മേധാവി ആനന്ദ ബാനർജി, ആ ആന ഉപദേശക സമിതി അംഗം ബോണി തോമസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.