കൊച്ചി: കലൂർ ഇന്റർ നാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ബാംബൂ ഫെസ്റ്റിൽ എത്തുന്നവരുടെയെല്ലാം കണ്ണുകൾ ഒരു നിമിഷം ചൂരൽ വില്ലയിൽ ഒന്നുടക്കമെന്നുറപ്പാണ്. ചൂരലുകൾ കൊണ്ടുള്ള ഫർണിച്ചറുകളും ലൈറ്റ് ഷെയ്ഡുകളും ബാംബൂ ഫെസ്റ്റിൽ ആകർഷണനീയമാണ്. വൈറ്റില കണിയാമ്പുഴ സ്വദേശി വർഗീസ് ജോബും കുടുംബവുമാണ് ചൂരലുകൾ കൊണ്ടുള്ള വിസ്മയം തീർത്തിരിക്കുന്നത്. 48 തരം ചൂരലുകൾ കൊണ്ടുള്ള ഫർണിച്ചറുകളും അലങ്കാര വസ്തുക്കളുമാണ് പ്രദർശനത്തിനുള്ളത്. വ്യവസായ വാണിജ്യ വകുപ്പിന് വേണ്ടി കേരള സംസ്ഥാന ബാംബൂ മിഷൻ ആണ് 19 ാമത് ബാംബൂ ഫെസ്റ്റ് നടത്തുന്നത്.

50 വർഷത്തെ പാരമ്പര്യമുണ്ട് വർഗീസ് ജോബിനും കുടുംബത്തിനും ഈ മേഖലയിൽ. 18 വർഷമായി വൈറ്റിലയിൽ ചൂരൽ വില്ലേജ് എന്ന പേരിൽ ഇവർക്ക് ഷോപ്പും ഉണ്ട്. വിവിധ രൂപത്തിലും വലുപ്പത്തിലും ഉള്ള ലൈറ്റ് ഷെയ്ഡുകൾ പ്രദർശനത്തിന് ഭംഗിയേകുന്നുണ്ട്. വർഗീസ് ജോബും മക്കളും മരുമക്കളും എല്ലാം ഈ മേഖലയിൽ സജീവമായി തന്നെ നിൽക്കുന്നു. സോഫ സെറ്റുകൾ, ഷെൽഫ്, ബുക്ക് റാക്കുകൾ, വിവിധ തരം കസേരകൾ, കൊട്ടകൾ, പൂക്കൂടകൾ, സ്റ്റൂളുകൾ, വാൾ മിററുകൾ, ഫ്രൂട്സ് കൊട്ടകൾ, പൂക്കൂടകൾ, സൈക്കിൾ ഇങ്ങനെ പോകുന്നു ചൂരലുകൾ കൊണ്ടുള്ള ഉൽ്പ്പന്നങ്ങളുടെ നിര. വർഗീസും കുടുംബവും കൂടാതെ 16 പണിക്കാരും കൂടി ചേർന്നാണ് ചൂരൽ വില്ലേജ് വിജയകരമാക്കുന്നത്. മെഷീൻ ഉപയോഗിക്കാതെ പരമ്പരാഗത രീതിയിലുള്ള നിർമ്മാണമാണെന്നതാണ് പ്രത്യേകത.

വലിയ ഹോട്ടലുകളിൽ നിന്നും റിസോർട്ടുകളിൽ നിന്നുമാണ് ഓർഡർ കൂടുതൽ ലഭിക്കുന്നതെന്ന് ഇവർ പറയുന്നു. കാശ്മീരി പുല്ല് കൊണ്ടുള്ള കൊട്ടയും ഈ കൂട്ടത്തിലുണ്ട്. ക്രിസ്മസ് വിപണിയെ ലക്ഷ്യം വെച്ച് ചൂരൽ സ്റ്റാറുകൾ തയ്യാറായിക്കൊണ്ടിരിക്കുന്നു. 250 മുതൽ 5000 വരെ വിലയുള്ള ലൈറ്റ് ഷെയ്ഡുകൾ പ്രദർശനത്തിലുണ്ട്. നെയ്ത്ത് സെറ്റികൾ ആണ് ഇതിൽ ഏറ്റവും ആകർഷണീയം. 68000 രൂപയാണ് ഇതിന്റെ വില. യുപി സെറ്റിക്ക് 25000 രൂപയാണ് വില. പീകോക്ക്, സൂര്യ, ദീപം, ബോക്സ്, ഗോവ തുടങ്ങിയ പേരിലുള്ള വ്യത്യസ്ത കസേരകളും ഇവിടെ ഉണ്ട്. 3500 രൂപ മുതൽ 17000 രൂപ വരെയുള്ള ഊഞ്ഞാലുകളും ഉണ്ട്.

നവംബർ 27 തുടങ്ങിയ ഫെസ്റ്റ് ഡിസംബർ 4 ന് അവസാനിക്കും. മുള മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സർക്കാർ ഗവേഷണ സ്ഥാപനങ്ങളും ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്. രാവിലെ 11 മുതൽ രാത്രി 9 മണി വരെയുമാണ് മേളയുടെ പ്രവേശന സമയം. പ്രവേശനം സൗജന്യമാണ്. 180 സ്റ്റാളുകളിലായി കേരളത്തിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും 300 ഓളം കരകൗശല പ്രവർത്തകരും മുള അനുബന്ധ സ്ഥാപനങ്ങളും ബാംബൂ ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്.

സംസ്ഥാന ബാംബൂ മിഷൻ മുഖേന സംഘടിപ്പിക്കുന്ന ഡിസൈൻ വർക്ക് ഷോപ്പിലും, പരിശീലന പരിപാടികളിലും രൂപകൽപ്പന ചെയ്ത പുതുമയുള്ളതും വ്യത്യസ്ഥവുമായ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനായി പ്രത്യേക ബാംബൂ ഗ്യാലറി ഫെസ്റ്റിലുണ്ട്. എല്ലാ ദിവസവും വൈകുന്നേരം മുള വാദ്യോപകരണങ്ങൾ ഉപയോഗിച്ചുള്ള കലാ-സാംസ്‌കാരിക പരിപാടികൾ അരങ്ങേറും. മുളയരി, മുളകൂമ്പ് എന്നിവയിൽ നിർമ്മിച്ച വിവിധ ഭക്ഷ്യ ഉല്പന്നങ്ങളുടെ സ്റ്റാളുകളും മുള നഴ്സറികളും കുടുംബശ്രീയുടെ ഫുഡ് കോർട്ടും മേളയിൽ ഉണ്ട്