പാലാ: ചാവറ പബ്‌ളിക് സ്‌കൂളിന്റെ രജതജൂബിലി ആഘോഷങ്ങൾ ഡിസംബർ 5 ന് കേരള ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുമെന്ന് പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്തിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 11 ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ മാണി സി കാപ്പൻ എം എൽ എ അധ്യക്ഷത വഹിക്കും. സ്‌കൂൾ മാനേജർ ഫാ ജോസുകുട്ടി പിടഞ്ഞാറേപീടിക, സ്‌കൂൾ പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽമാരായ ഫാ. മാത്യു കരീത്തറ, ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, വൈസ് പ്രിൻസിപ്പൽ ഫാ ബാസ്റ്റിൻ മംഗലത്തിൽ, പി ടി എ വൈസ് പ്രസിഡന്റ് ഡോ ഷീന എന്നിവർ പ്രസംഗിക്കും. സ്‌കൂളിന്റെ ഉപഹാരം പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട്ട് ഗവർണർക്ക് സമ്മാനിക്കും.

ജൂബിലി ലോഗോ ചലച്ചിത്ര താരം സുരേഷ് ഗോപി പ്രകാശനം ചെയ്യും. ജൂബിലി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു കൊണ്ട് ഡിസംബർ 3ന് ലഹരിക്കെതിരെ ബോധവൽക്കരണ വിളംബരജാഥ പാലായിൽ സംഘടിപ്പിക്കും. രാവിലെ 9 ന് സെന്റ് തോമസ് ഹയർ സെക്കന്ററി സ്‌കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ജൂബിലി വിളംബര ജാഥ ജോസ് കെ മാണി എം പി ഫ്‌ളാഗ് ഓഫ് ചെയ്യും. മുൻ പ്രിൻസിപ്പൽ ഫാ ഇമ്മാനുവേൽ പഴയപുര സന്ദേശം നൽകും. തുടർന്നു ചാവറ സ്‌കൂൾ ഗ്രൗണ്ടിൽ സമാപിക്കും. റാലിയിൽ സ്‌കൂൾ വിദ്യാർത്ഥികളും മാതാപിതാക്കളും റാലിയിൽ പങ്കെടുക്കും.

ജൂബിലിയുടെ ഭാഗമായി 'മനുഷ്യന്റെ മാത്രമല്ല ഭൂമി' എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി വിപുലമായ ക്യാൻവാസിൽ ഒരേ സമയം 25 ചിത്രകാരന്മാരും അവർക്കൊപ്പം സ്‌കൂളിലെ കുട്ടികളും മാതാപിതാക്കളും ചിത്രങ്ങൾ വരയ്ക്കും. ഇതോടൊപ്പം കുട്ടികളെക്കുറിച്ചുള്ള ലോകോത്തര ചലച്ചിത്രമേളയും സംഘടിപ്പിക്കും. ചലച്ചിത്രമേള ചലച്ചിത്രതാരം ബാബു ആന്റണി ഉദ്ഘാടനം ചെയ്യും.

ജനുവരി മാസത്തിൽ ഐ എസ് ആർ ഒ ഒരുക്കുന്ന സ്‌പേസ് എക്‌സിബിഷൻ, ഭാരത ചരിത്രത്തെക്കുറിച്ചു ഫോട്ടോ പ്രദർശനം, കുട്ടികൾക്കായുള്ള മത്സരങ്ങൾ മുതലായവയും സംഘടിപ്പിക്കും.

പി ടി എ ഭാരവാഹികളായ രാജൻ കൊല്ലംപറമ്പിൽ, എബി ജെ ജോസ് എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു

പാലാ ചാവറ പബ്‌ളിക് സ്‌കൂൾ രജത ജൂബിലി നിറവിൽ

പാലാ: ആയിരങ്ങൾക്ക് വിദ്യയുടെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ പാലാ ചാവറ പബ്‌ളിക് സ്‌കൂൾ രജത ജൂബിലി തിളക്കത്തിൽ. 1998 ൽ സി. ബി.എസ്. ഇ സിലബസിന് കീഴിലാണ് ചാവറ പബ്‌ളിക് സ്‌കൂളിന്റെ തുടക്കം.

നൂറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്ന സി.എം.ഐ സന്ന്യാസ സമൂഹത്തിലെ വൈദികരുടെ നിയന്ത്രണത്തിലുള്ള ചാവറ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലാണ് ചാവറ പബ്‌ളിക് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്.

പ്രവിശ്യ വിദ്യാഭ്യാസ കൗൺസിലർ ഫാ. ജോർജ് ഇടയാടിയിൽ, ഫാ. ജെയിംസ് നീണ്ടുശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ സെന്റ് വിൻസെന്റ് സ്‌കൂൾ പ്രിൻസിപ്പൽ ആയിരുന്ന ഫാ. സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ ആയിരുന്നു സ്‌കൂളിന്റെ സ്ഥാപനത്തിൽ മുഖ്യപങ്ക് വഹിച്ചത്. ചെയർമാനും ആദ്യ മാനേജരും ഫാ അലോഷ്യസ് പുതിയപറമ്പിൽ ആയിരുന്നു. ആദ്യ അധ്യയന വർഷം 1998 ജൂണിൽ ഉദ്ഘാടനം ചെയ്യപ്പെടുകയും പ്രിൻസിപ്പലായി ഫാ.സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ ചുമതലയേൽക്കുകയും ചെയ്തു.
ഫാ. സാജൻ തെക്കേമറ്റപ്പള്ളിൽ, ഫാ. ഇമ്മനുവേൽ പഴയപുര, ബോബി, ഫാ. മാത്യു കരീത്തറ, എന്നിവർ വിവിധ കാലഘട്ടങ്ങളിൽ പ്രിൻസിപ്പന്മാരായിരുന്നു. ഇപ്പോൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ടിന്റെ നേതൃത്വത്തിൽ
ഫാ. ബാസ്റ്റിൻ മംഗലത്തിൽ വൈസ് പ്രിൻസിപ്പൽ ആയും ഫാ. ജോസക്കുട്ടി പടിഞ്ഞാറേപ്പീടിക മാനേജർ ആയും ആണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.

50ൽ താഴെ കുട്ടികളും 4 അദ്ധ്യാപകരുമായി പ്രവർത്തനം ആരംഭിച്ച സ്‌കൂളിൽ ഇന്ന് 4000 കുട്ടികളും അദ്ധ്യാപകരും അനധ്യാപകരുമായി 300 പരം ആളുകളും ഉണ്ട്. മികച്ച അധ്യയന നിലവാരം പുലർത്തുന്ന ഇന്ത്യയിലെ തന്നെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനമെന്ന ഖ്യാതി ചാവറ പബ്‌ളിക് സ്‌കൂളിനുണ്ട്.
എല്ലാ വർഷവും നൂറു ശതമാനം വിജയത്തോടൊപ്പം 100 കണക്കിന് വിദ്യാർത്ഥികൾ മെഡിക്കൽ, എഞ്ചിനീയറിങ്പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കി മികച്ച ഉപരി പഠനത്തിനായി യോഗ്യത നേടുന്നുമുണ്ട്.മത്സര പരീക്ഷകളിൽ കേരളത്തിലെ ആദ്യ 10 റാങ്കുകളിൽ മുൻ വർഷങ്ങളിലെപ്പോലെ ഈ വർഷവും ചാവറയിലെ കുട്ടികൾ ഉണ്ടായിരുന്നു. വിദ്യാഭ്യാസ മികവിന് നിരവധി പുരസ്‌ക്കാരങ്ങളും സ്‌കൂളിനെ തേടി എത്തിയിട്ടുണ്ട്.

20 തിയേറ്ററുകൾ ഒരുക്കി ഏറ്റവും മികച്ച ഓൺലൈൻ ക്ലാസുകൾ കോവിഡ് കാലത്തു നടത്താൻ സ്‌കൂളിന് സാധിച്ചു.സ്മാർട്ട് ക്ലാസുകൾ, 3ഡി തിയേറ്റർ, നിരവധി കമ്പ്യൂട്ടർ ലാബുകൾ,
സയൻസ് ലാബുകൾ, ഹോസ്റ്റൽ സൗകര്യങ്ങൾ, സ്‌കൂൾ കാന്റീൻ, സ്വിമ്മിങ് പൂൾ
ജിംനേഷ്യം, ടർഫ് ഉൾപ്പെടെയുള്ള സ്പോർട്സ് കോംപ്ലക്‌സ് എന്നിങ്ങനെ കുട്ടികളുടെ വളർച്ചയുടെ സമസ്ത മേഖലകളിലും സഹായിക്കാനുള്ള സംവിധാനങ്ങളും ചാവറ സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്.

വിവിധ മേഖലകളിൽ പാഠ്യേതര വിഷയങ്ങളിലും ചാവറ സ്‌കൂളിലെ വിദ്യാർത്ഥികൾ കഴിവ് തെളിയിച്ചിട്ടുണ്ട്. വിദ്യാർത്ഥികളുടെ സർവതോന്മുഖമായ പുരോഗതിയാണ് സ്‌കൂൾ ലക്ഷ്യമിടുന്നതെന്നു പ്രിൻസിപ്പൽ ഫാ സാബു കൂടപ്പാട് പറഞ്ഞു.