- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ഡോക്ടറും കനിവ് 108 ആംബുലൻസ് ജീവനക്കാരും
കൊല്ലം: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി ഡോക്ടറും കനിവ് 108 ആംബുലൻസ് ജീവനക്കാരും. നിലമേൽ മുളയൂർക്കോണം സ്വദേശിനിയായ 31 വയസുകാരിയാണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച രാവിലെ ആറുമണിയോടെയാണ് സംഭവം. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ പ്രസവം നടക്കുകയായിരുന്നു. തുടർന്ന് വീട്ടുകാർ അയൽവാസിയും നിലമേൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറുമായ ഡോ.ഷിഫ്ന ഷിഹാബുദ്ധീനെ വിവരം അറിയിച്ചു.
സ്ഥലത്തെത്തിയ ഡോ.ഷിഫ്ന അമ്മയ്ക്കും കുഞ്ഞിനും വേണ്ട പരിചരണം നൽകിയ ശേഷം കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നിലമേൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസ് പൈലറ്റ് ബോബസ് ജോൺ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജ്യോതി ജെ എന്നിവർ സ്ഥലത്തെത്തി. ഇതിനിടയിൽ ഡോക്ടർ വിവരം അറിയിച്ചത് അനുസരിച്ച് നിലമേൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ നേഴ്സായ വിഷ്ണുവും സ്ഥലത്തെത്തി.
തുടർന്ന് ഡോ.ഷിഫ്ന, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ജ്യോതി ജെ, നേഴ്‌സ് വിഷ്ണു എന്നിവർ ചേർന്ന് അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലസിലേക്ക് മാറ്റി. തുടർന്ന് അമ്മയെയും കുഞ്ഞിനേയും ആംബുലൻസ് പൈലറ്റ് ബോബസ് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. ഇരുവരും സുഖമായി ഇരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.