കൊച്ചി: സംസ്ഥാനത്തെ 1500-ൽ പരം ചെറുകിട ഇടത്തരം പ്ലാസ്റ്റിക് ഉൽപ്പന്ന നിർമ്മാതാക്കൾ അംഗങ്ങളായുള്ള കേരള പ്ലാസ്റ്റിക് മാനുഫാക്‌ച്ചേഴ്‌സ് അസ്സോസിയേഷന്റെ സിൽവർ ജൂബിലി ആഘോഷവും 25-ാമത് വാർഷിക പൊതുയോഗവും വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. അങ്കമാലി കറുകുറ്റി അഡ്‌ലക്‌സ് കൺവെൻഷൻ സെന്ററിൽ ഡിസംബർ 3 വൈകിട്ട് 6 നാണ് സിൽവർ ജൂബിലി ആഘോഷവും പൊതുയോഗവും. സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എം.എസ്.ജോർജ് അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തിൽ എക്‌സൈസ്, തദ്ദേശവകുപ്പ് മന്ത്രി എം.ബി രാജേഷ് മുഖ്യ അതിഥിയാകും. ചടങ്ങിൽ അടുത്ത വർഷം ഫെബ്രുവരി 1 മുതൽ 5 വരെ ന്യൂഡൽഹി പ്രഗതി മൈതാനിയിൽ പ്ലാസ്റ്റിൻഡ്യ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന 11 -ാമത് അന്താരാഷ്ട്ര പ്ലാസ്റ്റിക് എക്സിബിഷൻ 'പ്ലാസ്റ്റിൻഡ്യ 2023 ' ന്റെ സ്പെഷ്യൽ പ്രിവ്യൂ അവതരിപ്പിക്കും.

വ്യവസായ വകുപ്പ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, പൊല്യൂഷൻ കൺട്രോൾ ബോർഡ് ചെയർമാൻ എ.ബി പ്രദീപ് കുമാർ, പ്ലാസ്റ്റിൻഡ്യ ഫൗണ്ടേഷൻ പ്രസിഡന്റ് ജിഗീഷ്.എൻ ദോഷി, മുൻ എംഎ‍ൽഎ വി.കെ.സി മുഹമ്മദ് കോയ, സിപെറ്റ് ഡയറക്ടർ ജനറൽ പ്രൊഫ.ഡോ. ശിശിർ സിൻഹ, ഓൾ ഇന്ത്യ പ്ലാസ്റ്റിക് മാനുഫാക്ച്ചേഴ്സ് അസ്സോസിയേഷൻ ചെയർമാൻ അരവിന്ദ് മേത്ത, പ്രസിഡന്റ് മയൂർ ഡി.ഷാ, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസ്സോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എ.നസറുദ്ദീൻ എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.

ഒരു വർഷം നീണ്ടുനിൽക്കുന്ന സിൽവർ ജൂബിലി വർഷത്തിന്റെ ഉദ്ഘാടനം ഇക്കഴിഞ്ഞ ജൂൺ 11-ന് കോഴിക്കോട് നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. സിൽവർ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി വർഷാവർഷം മികച്ച പരിസ്ഥിതി സംരക്ഷണം നടത്തുന്ന വ്യക്തിക്കും, സംഘടനയ്ക്കും 50,000 രൂപ വീതം ക്യാഷ് പ്രൈസുള്ള രണ്ട് പരിസ്ഥിതി അവാർഡുകൾ അന്നേ ദിവസം സംഘടന പ്രഖ്യാപിച്ചു. അവാർഡ് ജേതാക്കളെ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, സംസ്ഥാന ശുചിത്വമിഷൻ, തദ്ദേശ വകുപ്പ് എന്നിവയിൽ നിന്നുള്ള പ്രതിനിധികളടങ്ങുന്ന ജൂറിയായിരിക്കും നിർണ്ണയിക്കുക.

വ്യവസായവും വിദ്യാഭ്യാസവും പരസ്പരം സഹകരിച്ചു പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കിക്കൊണ്ട് കൊച്ചിൻ യൂണിവേഴ്‌സിറ്റി (കുസാറ്റ്) യിലെ ബി.ടെക് പോളിമർ സയൻസ് വിഭാഗത്തിൽ പഠിക്കുന്ന 4 വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ് സംഘടന വഹിക്കും. ഇതിന്റെ ധാരണാ പത്രം വൈസ് ചാൻസലർക്ക് കൈമാറിക്കഴിഞ്ഞു. ഒപ്പം കുസാറ്റിൽ നിന്നും പോളിമർ സയൻസിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കി വിജയിക്കുന്ന ബി.ടെക്, എം.ടെക് വിദ്യാർത്ഥികൾക്ക് 10000 രൂപയുടെ ക്യാഷ് അവാർഡും മെറിറ്റ് സർട്ടിഫിക്കറ്റും വർഷാ വർഷം സംഘടന നൽകും. കൂടാതെ സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോളിമർ സയൻസ് ആൻഡ് ടെക്‌നോളജി (സിപെറ്റ്) യിലെ 10 വിദ്യാർത്ഥികൾക്ക് വർഷം തോറും 10000 രൂപ വീതം ധന സഹായം നൽകും. ഈ പദ്ധതികളുടെ ഉദ്ഘാടനവും, അസ്സോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും ഫോട്ടോ സഹിതം സംഘടനയുടെ കഴിഞ്ഞ 25 വർഷത്തെ പ്രവർത്തനങ്ങൾ വിവരിക്കുന്ന സുവനീറിന്റെ പ്രകാശനവും സിൽവർ ജൂബിലി സമ്മേളനത്തിൽ മന്ത്രി പി.രാജീവ് നിർവ്വഹിക്കും.

പി.ബി.ഐ മുഹമ്മദ് അഷ്‌റഫ് ജനറൽ കൺവീനറയും എം.എസ് ജോർജ്ജ് പ്രസിഡന്റായും ജെ.സുനിൽ ജനറൽ സെക്രട്ടറിയായുമുള്ള കമ്മിറ്റിയാണ് രജത ജൂബിലി ആഘോഷത്തിന് നേതൃത്വം നൽകുന്നത്.

സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന്റെ പെട്ടന്നുള്ള നിരോധനം കേരളത്തിലെ പ്ലാസ്റ്റിക് വ്യവസായികളെ വളരെയധികം ബാധിച്ചിരുന്നു. ഇതിനൊപ്പം കോവിഡ് കൂടി വ്യാപകമായതോടെ ചെറുകിട പ്ലാസ്റ്റിക് വ്യവസായികളുടെ നിലനിൽപ്പു തന്നെ അപകടത്തിലാണെന്നും കെ.പി.എം.എ ഭാരവാഹികൾ കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ ജനറൽ കൺവീനർ പി.ബി.ഐ മുഹമ്മദ് അഷ്‌റഫ്, സംസ്ഥാന പ്രസിഡന്റ് എം.എസ് ജോർജ്ജ് , ജനറൽ സെക്രട്ടറി ജെ.സുനിൽ, മുൻ സംസ്ഥാന പ്രസിഡന്റ്മാരായ പി.ജെ.മാത്യു , അലോക് കുമാർ സാബു എന്നിവർ പങ്കെടുത്തു