തൃശൂർ: ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണം നടത്താൻ ലഹരി മുക്ത കാമ്പസ് പ്രചാരണത്തിന് സൗത്ത് ഇന്ത്യൻ ബാങ്ക് തുടക്കമിട്ടു. പദ്ധതിയുടെ ഉൽഘാടനം ചാലക്കുടി സികെഎംഎൻഎസ്എസ് സീനിയർ സെക്കണ്ടറി സ്‌കൂളിൽ എസ്ഐബി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ നിർവഹിച്ചു. വിദ്യാർത്ഥികൾക്കിടയിൽ അവബോധം വളർത്തുന്നതിന് ഇത്തരം കാമ്പെയ്‌നുകൾ വളരെ പ്രധാനമാണ്, കൂടാതെ സാമൂഹിക പ്രതിബദ്ധതയുള്ള ഇത്തരം സംരംഭങ്ങൾക്ക് നേതൃത്വം നൽകാൻ സൗത്ത് ഇന്ത്യൻ ബാങ്ക് എപ്പോഴും പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം പറഞ്ഞു.

വർധിച്ചു വരുന്ന ലഹരി ഉപയോഗം ഒരു സാമൂഹിക വിപത്തായി മാറുന്നത് തടയാൻ സർക്കാർ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന ലഹരി വിരുദ്ധ പ്രചാരണത്തിന് പിന്തുണയുമായാണ് സൗത്ത് ഇന്ത്യൻ ബാങ്ക് കാമ്പസുകളിൽ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്.

സൗത്ത് ഇന്ത്യൻ ബാങ്കിന്റെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയുടെ ഭാഗമായാണ് ലഹരി മുക്ത കാമ്പസ് പ്രചാരണം. തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എക്സൈസ് വകുപ്പ്, നാർക്കോട്ടിക് സെൽ എന്നിവരുമായി സഹകരിച്ചാണ് സൗത്ത് ഇന്ത്യൻ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്.

ചാലക്കുടിയിൽ നടന്ന പരിപാടിയിൽ എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ പി ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സികെഎംഎൻഎസ്എസ് സീനിയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഷീല വർഗീസ്, എസ്ഐബി ഡെപ്യൂട്ടി ജനറൽ മാനേജരും റീജനൽ ഹെഡുമായ രാജേഷ് ഐ ആർ എന്നിവർ പങ്കെടുത്തു. സേഫ് ക്യാമ്പസ് ഹെൽത്തി ക്യാമ്പസ് എന്ന പ്രമേയത്തിൽ സികെഎംഎൻഎസ്എസ് വിദ്യാർത്ഥികൾക്കായി നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യാർത്ഥികളുടെ മൂകാഭിനയവും നടന്നു.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രചാരണം വ്യാപിപ്പിക്കാൻ ബാങ്ക് പദ്ധതിയിടുന്നുണ്ട്. ലഹരി മുക്ത കാമ്പസ് പ്രചരണത്തിന്റെ ഭാഗമായി പോസ്റ്റർ മേക്കിങ് മത്സരം, മൂകാഭിനയം, തെരുവുനാടകം തുടങ്ങിയ പരിപാടികളും കാമ്പസുകളിൽ സംഘടിപ്പിക്കും.

ഫോട്ടോ ക്യാപ്ഷൻ : സൗത്ത് ഇന്ത്യൻ ബാങ്ക് സംഘടിപ്പിച്ച ലഹരിമുക്ത കാമ്പസ് ബോധവൽക്കരണ പ്രചാരണത്തിന്റെ ഭാഗമായി എസ്ഐബി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ഗ്രൂപ്പ് ബിസിനസ് ഹെഡുമായ തോമസ് ജോസഫ് കെ ലഹരിമുക്ത കാമ്പസ് മൊമെന്റൊ സികെഎംഎൻഎസ്എസ് സീനിയർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പൽ ഷീല വർഗീസിന് കൈമാറുന്നു. എക്സൈസ് വകുപ്പ് പ്രിവന്റീവ് ഓഫീസർ രാമചന്ദ്രൻ പി, എസ്ഐബി ഡെപ്യൂട്ടി ജനറൽ മാനേജരും റീജനൽ ഹെഡുമായ രാജേഷ് ഐ ആർ തുടങ്ങിയവർ സമീപം.