കൊച്ചി: ഇന്ത്യയിലെ ആറു മതന്യൂനപക്ഷ വിഭാഗങ്ങളിൽ അഞ്ചുവിഭാഗങ്ങളിലും 2.5 ശതമാനത്തിൽ താഴെ വീതം ജനസംഖ്യമാത്രമാണുള്ളതെന്നും അതിനാൽ ഇവരെ മൈക്രോ മൈനോരിറ്റി വിഭാഗമായി പരിഗണിക്കാൻ മൈക്രോ മൈനോരിറ്റി നിർവചനവും ഇതിനായി ഭരണഘടനാ ഭേദഗതിയുമുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

കൊച്ചി പാസ്റ്ററൽ ഓറിയന്റേഷൻ സെന്ററിൽ ചേർന്ന സിബിസിഐ ലെയ്റ്റി കൗൺസിലിൽ ചെയർമാൻ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ ലെയ്റ്റി കമ്മീഷൻ ചെയർമാനും സിബിസിഐ ലെയ്റ്റി കൗൺസിൽ അംഗവുമായ ബിഷപ് ജോഷ്വാ മാർ ഇഗ്‌നാത്തിയോസ്, കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ലെയ്റ്റി കമ്മീഷൻ ചെയർമാനും കെസിബിസി സെക്രട്ടറി ജനറലുമായ ബിഷപ് മോസ്റ്റ് റവ.അലക്സ് വടക്കുംതല എന്നിവർ സംസാരിച്ചു. സിബിസിഐ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ.വി സി.സെബാസ്റ്റ്യൻ ദേശീയ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. ഭാരത കത്തോലിക്കാസഭയിലെ മൂന്നു റീത്തുകളെ പ്രതിനിധീകരിച്ച് സീറോ മലബാർ സഭ ലെയ്റ്റി ഫാമിലി ലൈഫ് കമ്മീഷൻ സെക്രട്ടരി ഫാ.ജോബി മൂലയിൽ, കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിൽ ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഫാ. ഷാജികുമാർ, മലങ്കര കാത്തലിക് അസോസിയേഷൻ ജനറൽ സെക്രട്ടരി വി സി.ജോർജുകുട്ടി, കെ.സി.ബി.സി.ലെയ്റ്റി കമ്മീഷൻ സെക്രട്ടറി ഡോ.കെ.എം.ഫ്രാൻസീസ് എന്നിവർ ദേശീയ, റീജിയണൽ തലങ്ങളിലെ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു.

സിബിസിഐയുടെ 14 റീജിയണുകളിലും ലെയ്റ്റി കൺസൾട്ടേഷൻ ടീമിന് രൂപം നൽകും. കേരളത്തിൽ 2023 മാർച്ചിൽ ലെയ്റ്റി കൺസൾട്ടേഷൻ കൗൺസിൽ വിളിച്ചുചേർക്കും. ഡിസംബർ 18ന് ദേശീയതലത്തിൽ ന്യൂനപക്ഷ അവകാശദിനമായി ആചരിക്കും. നീതിനിഷേധങ്ങൾക്കെതിരെ ദളിത് ക്രൈസ്തവ പോരാട്ടങ്ങൾക്ക് ദേശീയതലത്തിൽ അന്നേദിവസം പിന്തുണ പ്രഖ്യാപിക്കും.