കൊച്ചി: പ്രതിലോമ ശക്തികൾക്കെതിരെ വൈവിധ്യമാർന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനിൽപ്പുകൾക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമപരമായ ആശയങ്ങൾ നടപ്പാക്കാൻ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവു പ്രകടിപ്പിക്കാൻ എല്ലാവിഭാഗം ജനങ്ങൾക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം പതിപ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഫോർട്ടുകൊച്ചി പരേഡ്് ഗ്രൗണ്ടിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്‌കാരമെന്നത് പൊതുമണ്ഡലത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ഒന്നല്ല. ഒരു സമൂഹത്തിൽ സാധാരണമായത് എന്താണോ അതാണ് സംസ്‌കാരം എന്നത്. സാംസ്‌കാരിക രംഗത്തു കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്.

അന്താരാഷ്ട്ര തലത്തിലേക്ക് അഭിമാനകരമായി വളർന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം ഉൾക്കൊണ്ടുതന്നെയാണ് ഇത്തവണ മേളയ്ക്ക് ധനസഹായമായി ഏഴു കോടി രൂപ നൽകാൻ സർക്കാർ തയ്യാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിക്കു നൽകുന്ന ഏറ്റവും വലിയ സർക്കാർ സഹായമാണിത്.
പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളുൾപ്പെടെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാൻ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള സമകാല കലാമേള നമ്മുടെ മണ്ണിലേക്ക് എത്തിക്കുക എന്ന സ്വപ്നങ്ങൾക്കുമപ്പുറമായിരുന്ന നേട്ടമാണ് പത്തു വർഷം മുമ്പ് ഇതേ തീയതി ആരംഭിച്ച ആദ്യ ബിനാലെയിലൂടെ സാക്ഷാത്കൃതമായതെന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ആമുഖ പ്രഭാഷണത്തിൽ പറഞ്ഞു. ഇതിനും ബിനാലെയുടെ തുടർ വളർച്ചയ്ക്കും കലാകാരന്മാരുടെയും കലാസ്നേഹികളുടെയും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. എല്ലാറ്റിലുമുപരി സംസ്ഥാന സർക്കാരിന്റെ നിർലോഭമായ സഹകരണവും സഹായവും . കൊച്ചി ബിനാലെ ജനങ്ങൾ ഏറ്റെടുത്ത ജനങ്ങളുടെ ബിനാലെയാണ്. ലോകകലയ്ക്കും ടൂറിസത്തിനും കൊച്ചിയിലേക്കും കേരളത്തിലേക്കും ബിനാലെ വാതായനമായെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ എൻ ബാലഗോപാൽ, പി രാജീവ്, അഡ്വ. പി എ മുഹമ്മദ് റിയാസ്, കൊച്ചി മേയർ അഡ്വ. എം അനിൽകുമാർ, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ കെ ജെ മാക്സി, ടി ജെ വിനോദ്, മുൻ മന്ത്രി കെ വി തോമസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡർ ഇമ്മാനുവേൽ ലെനെയിൻ, കോസ്റ്റ് ഗാർഡ് കമാൻഡർ എൻ രവി, കൊച്ചി ബിനാലെ ഫൗണ്ടേഷൻ ട്രസ്റ്റി കൂടിയായ ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷൻ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ,എന്നിവർ സന്നിഹിതരായി.

'നമ്മുടെ സിരകളിൽ ഒഴുകുന്നത് മഷിയും തീയും' എന്ന പ്രമേയത്തിൽ 14 വേദികളിലായി ഏപ്രിൽ 10വരെ ബിനാലെ ഒരുക്കുന്ന കലാവസന്തം തുടരും. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 90 കലാകാരന്മാരുടെ 200 സൃഷ്ടികൾ പ്രദർശനത്തിനുണ്ടാകും. സ്റ്റുഡന്റ്‌സ് ബിനാലെയും ആർട്ട് ബൈ ചിൽഡ്രൻ എന്നിവ ബിനാലെ 2022ന്റെ ഭാഗമായുണ്ട്. വിവിധ സാംസ്‌കാരിക പരിപാടികളും നടക്കും.

ഫോർട്ട്‌കൊച്ചി ആസ്പിൻവാൾ ഹൗസ്, പെപ്പർ ഹൗസ്, ആനന്ദ് വെയർഹൗസ് എന്നീ പ്രധാന വേദികൾക്കു പുറമെ ടി കെ എം വെയർഹൗസ്, ഡച്ച് വെയർഹൗസ്, കാശി ടൗൺഹൗസ്, ഡേവിഡ് ഹാൾ,കാശി ആർട്ട് കഫെ എന്നിടങ്ങളിലുമാണ് പശ്ചിമകൊച്ചിയിൽ പ്രദർശനം. എറണാകുളം ഡർബാർ ഹാൾ ആർട്ട് ഗാലറിയിൽ കേരളത്തിലെ മികച്ച 34 സമകാല കലാകാരന്മാരുടെ നൂറ്റമ്പതോളം സൃഷ്ടികൾ പ്രദർശിപ്പിക്കും.

കോവിഡ് പ്രതിസന്ധിമൂലം നടക്കാതെ പോയ 2020 ബിനാലെ പതിപ്പാണ് ഇക്കുറി സാക്ഷാത്കരിക്കുന്നത്. ബിനാലെ ആരംഭിച്ചതിന്റെ പത്താം വാർഷിക വേളയാണെന്ന പ്രത്യേകതയുമുണ്ട്. രണ്ടു വർഷത്തിലൊരിക്കൽ സംഘടിപ്പിക്കുന്ന ബിനാലെയുടെ നാലാംപതിപ്പ് അരങ്ങേറിയ 2018ൽ ലോകമെമ്പാടുനിന്നുമായി ആറുലക്ഷം പേരാണ് കലാസ്വാദനത്തിനായി എത്തിയത്. ഇക്കൊല്ലം പത്തുലക്ഷം ആളുകൾ എത്തുമെന്നാണ് പ്രതീക്ഷ. കൊച്ചിയുടെ മാത്രമല്ല സംസ്ഥാനത്തിന്റെയാകെ ടൂറിസം വികസനത്തിന് ഇത് വലിയ മുതൽക്കൂട്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.