- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി അഗളി സ്‌കൂളിൽ ഇൻഡിവുഡ് ഫിലിം ക്ലബ്ബിന്റെ ഷോർട്ട് ഫിലിം പ്രദർശനവും അവാർഡ് മേളയും ചരിത്രമായി
അഗളി: അഗളി ഗവ. വിഎച്ച്എസ് എസും ഇൻഡിവുഡ് ഫിലിം ക്ലബ്ബും ശിശുദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഷോർട്ട് ഫിലിം മത്സരത്തിന്റെ പ്രദർശനവും അവാർഡ് പ്രഖ്യാപനവും സ്‌കൂളിലെ എജ്യൂക്കേഷൻ തിയേറ്ററിൽ നടത്തിയത് ചരിത്ര സംഭവമായി. സ്‌കൂളിലെ കുട്ടി കലാകാരന്മാർ ആദ്യമായി അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ ചിത്രീകരിച്ച ഷോർട്ട് ഫിലിമുകൾ തങ്ങളുടെ അദ്ധ്യാപകർക്കും കൂട്ടുകാർക്കും ഒപ്പം സ്‌കൂളിലെ തീയേറ്ററിൽ ഇരുന്ന് കണ്ടപ്പോൾ അതൊരു വേറിട്ട കാഴ്ചയായി. അട്ടപ്പാടിയിലെ ആദിവാസി ഊരുകളും സ്‌കൂളുകളും വ്യാപാര സ്ഥാപനങ്ങളും ധ്യാനകേന്ദ്രങ്ങളും പൊലീസ് സ്റ്റേഷനും പ്രകൃതി ഭംഗിയും എല്ലാം ഷോർട്ട് ഫിലിമുകളിൽ കുട്ടികൾ തന്നെ ചിട്ടപ്പെടുത്തി. രാജ്യാന്തരതലത്തിൽ പ്രവർത്തിക്കുന്ന ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സ്ഥാപക ചെയർമാനും സിഇഒ.യുമായ സർ സോഹൻ റോയ്, സ്‌കൂളിന് സൗജന്യമായി നിർമ്മിച്ചു നൽകിയ എജ്യൂക്കേഷൻ തിയേറ്ററാണ് കുട്ടികളുടെ സിനിമകളുടെ ചിത്രീകരണത്തിനും മത്സരങ്ങൾക്കും വഴി തുറന്നത്.
വിനോദത്തിലൂടെ വിദ്യാഭ്യാസം
സിനിമയുടെ വിവിധ മേഖലകളിൽ പരിശീലനം ലഭ്യമാക്കുക, മികച്ച ദൃശ്യഭംഗിയിലും ശബ്ദ മികവിലും സിനിമ ആസ്വദിക്കുക, സെമിനാറുകളും ക്ലാസ്സുകളും ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെ അനുഭവിച്ചറിയുക, ലോക സിനിമകൾ കുട്ടികളെ പരിചയപ്പെടുത്തുക,വിനോദത്തിലൂടെ വിദ്യാഭ്യാസം എന്ന വിപ്ലവകരമായ ആശയം നടപ്പിലാക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് സോഹൻ റോയ് സ്‌കൂളിന് തിയേറ്റർ നിർമ്മിച്ചു നൽകിയത്. ഇൻഡിവുഡ് ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തിയേറ്റർ ലോകോത്തര നിലവാരത്തിലുള്ള നൂതന സാങ്കേതികവിദ്യയിലാണ് നിർമ്മിച്ചത് . സിനിമയുമായി ബന്ധപ്പെട്ടുള്ള അടിസ്ഥാന പരിശീലനങ്ങൾ, തിയേറ്റർ ക്ലാസ്സ് റൂം ഉപയോഗിച്ചുള്ള പഠനം, കരിയർ ഗൈഡൻസ് തുടങ്ങിയവ ഫിലിം ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്‌കൂളിൽ നടന്നുവരുന്നു.
ഡിജിറ്റൽ സാങ്കേതിക വിദ്യയിൽ വിദ്യാഭ്യാസം
ഫിലിം ക്ലബ്ബ് രൂപീകരിച്ചതിനു ശേഷം വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഡിജിറ്റൽ സാങ്കേതികവിദ്യയിലൂടെയാണ് നടക്കുന്നത്.
ആദിവാസി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് ഭൂരിപക്ഷമുള്ള സ്‌കൂളണിത്.
അഞ്ചു മുതൽ പ്ലസ് ടു വിഭാഗം വരെയുള്ള വിദ്യാർത്ഥികൾ ഷോർട്ട് ഫിലിം മത്സരത്തിൽ പങ്കാളികളായി. ലഹരി, ശിശുദിനം എന്നിവയായിരുന്നു മത്സര വിഷയം.
സ്‌കൂളിൽ സംഘടിപ്പിച്ച ചടങ്ങ് പ്രഥമാധ്യാപകന്റെ ചുമതലയുള്ള അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരീസ് ഗ്രൂപ്പ് പ്രോജക്ട് മാനേജർ അരുൺ കരവാളൂർ മികച്ച സിനിമകൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു. ഫിലിം ക്ലബ് കൺവീനർ ഫൈസൽ അധ്യക്ഷത വഹിച്ചു.അദ്ധ്യാപകരായ സിസിലി സെബാസ്റ്റ്യൻ, നിഷാ ഷെറിൻ, ദിവ്യ തുടങ്ങിയവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. അദ്ധ്യാപിക സിന്ധു സ്വാഗതവും
ഫിലിം ക്ലബ് പ്രതിനിധി മൗലിക നന്ദിയും പറഞ്ഞു .
പുരസ്‌കാര നിറവിൽ വിദ്യാർത്ഥികൾ
ഏഴാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ് തോമസ് സിജോ രചനയും സംവിധാനവും നിർവഹിച്ച ' തെരുവിലെ പൂക്കൾ ' മികച്ച സിനിമയായി തിരഞ്ഞെടുത്തു. അതേ സിനിമയിലെ മികച്ച അഭിനയത്തിന് മുഹമ്മദ് റിസാൽ മികച്ച നടനുള്ള പുരസ്‌കാരവും നേടി. ഏഴാം ക്ലാസ് വിദ്യാർത്ഥികൾ നിർമ്മിച്ച 'ഉയരങ്ങളിലേക്ക് ' എന്ന സിനിമയ്ക്കായി ഛായാഗ്രഹണം നിർവഹിച്ച അദിൻ, ഷൈജു, അഭിജിത്ത് എന്നിവരാണ് മികച്ച ക്യാമറാമാന്മാർ.
'ലഹരി 'എന്ന സിനിമക്കായി തിരക്കഥയെഴുതിയ ലുധിയ മരിയക്കാണ് മികച്ച സ്‌ക്രിപ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചത്.
'വേണ്ടാ ഗയ്‌സ്' എന്ന സിനിമയിലെ അഭിനയത്തിന് സ്‌നേഹ മികച്ച നടിയായി. അതേ സിനിമക്കു തന്നെ മികച്ച എഡിറ്റിംഗിനുള്ള പുരസ്‌കാരം കലൈനനും നേടി.
മികച്ച സംവിധായകനുള്ള പുരസ്‌കാരം ' കൈകോർക്കാം ലഹരിക്കെതിരേ ' എന്ന സിനിമക്കുവേണ്ടി ആയുഷ് ബൈജു സ്വന്തമാക്കി.
ഇനി നാഷണൽ ചിൽഡ്രൻ ഫിലിം ഫെസ്റ്റിവലും
ഇവിടെ പ്രദർശിപ്പിച്ച സിനിമകളുടെ മേന്മകളും പോരായ്മകളും മുഖ്യാതിഥിയും ഏരീസ് ഗ്രൂപ്പ് പ്രതിനിധിയായ അരുൺ കരവാളൂർ കുട്ടികളുമായി പങ്കിട്ടു. വരും ദിനങ്ങളിൽ സിനിമാ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളുടെ ക്ലാസുകൾ കുട്ടികൾക്ക് ലഭ്യമാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിനുപുറമേ നാഷണൽ ചിൽഡ്രൻ ഫിലിം ഫെസ്റ്റിവൽ ഉടനെ ത്തന്നെ അഗളി സ്‌കൂൾ മാതൃകയാക്കി അട്ടപ്പാടിയിൽ നടത്തുമെന്നും അറിയിച്ചു. മത്സരത്തിൽ അഗളി സ്‌കൂൾ ഫിലിം ക്ലബിന്റെ മികച്ച ഒരു സിനിമ ഉണ്ടാകണമെന്നും പറഞ്ഞു.
തിരക്കഥകൾ, ഷോട്ടുകൾ, ക്യാമറ , ലൈറ്റിങ് തുടങ്ങി സിനിമാ നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തെക്കുറിച്ചും അതി സൂക്ഷ്മമായി അറിവുള്ളവരാണ് കുട്ടികളെന്നത് ശരിക്കും പ്രേക്ഷകരെ അതിശയിപ്പിച്ചു.
സിനിമയുടെ അഗളി സ്‌കൂൾ മാതൃക
വരും ദിവസങ്ങളിൽ സിനിമയുടെ അഗളി സ്‌കൂൾ മാതൃക എന്ന് ലോകത്തോട് മുഴുവൻ അഭിമാനത്തോടെ വിളിച്ച് പറയാനാകുമെന്ന് ഈ ലഘുചിത്രങ്ങൾ തെളിയിക്കുന്നുണ്ട്. ഒപ്പം ഇവിടുത്തെ ഫിലിം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മൂലം വിനോദത്തിലൂടെ വിദ്യാഭ്യാസം എന്ന വിപ്ലവകരമായ ആശയത്തിന് അഗളി മോഡൽ ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കുന്നതിനുമുള്ള സാധ്യതയാണ് തെളിയുന്നത്.