കൊച്ചി: ജനവാസമേഖലകളും കൃഷിയിടങ്ങളും ബഫർസോണിൽപെടുത്തി വനവൽക്കരണം നടത്താൻ നിർദ്ദേശിക്കുന്ന സർക്കാരിന്റെ ഉപഗ്രഹ സർവ്വേ റിപ്പോർട്ട് സംസ്ഥാനത്തുടനീളം കത്തിച്ച് പ്രതിഷേധിക്കാൻ കർഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് ആഹ്വാനം ചെയ്തു.രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന സമിതി സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ബഫർസോൺ ലക്ഷ്യം വെയ്്ക്കുന്നത് ഭാവിയിലെ വനമാണെന്നിരിക്കെ കോടതി വിധിയിലൂടെ ജനങ്ങളെ കുടിയിറക്കാനുള്ള സർക്കാർ തന്ത്രങ്ങളുടെ തുടക്കമാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. ഇതറിയണമെങ്കിൽ ബഫർസോണിലെ കടുത്ത നിയന്ത്രണ നിരോധന നിബന്ധനകളെക്കുറിച്ച് പ്രദേശവാസികൾ പഠിക്കണം. ബഫർസോണിന്റെ പേരിൽ വനാതിർത്തി വിട്ടുള്ള യാതൊരു കൃഷിഭൂമി കയ്യേറ്റവും ജനങ്ങൾ അനുവദിക്കരുത്. ഉപഗ്രഹസർവ്വേയിൽ വനാതിർത്തിയോട് ചേർന്നുള്ള ചില പ്രദേശങ്ങൾ ഉൾക്കൊള്ളിക്കാത്തത് ബോധപൂർവ്വമാണ്. സർക്കാരിന്റെ രേഖകളിൽ അവ ഇതിനോടകം തന്നെ വനമാണോയെന്ന് പ്രദേശവാസികൾ അന്വേഷിച്ചറിയണമെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ 115 പഞ്ചായത്തുകളിലെ 1000 കേന്ദ്രങ്ങളിൽ ഉപഗ്രഹസർവേ റിപ്പോർട്ട് കത്തിച്ച് പ്രതിഷേധിക്കാൻ സംസ്ഥാന ചെയർമാൻ അഡ്വ.ബിനോയ് തോമസ് കർഷക സംഘടനകളോടും പ്രദേശവാസികളോടും അഭ്യർത്ഥിച്ചു.

ജനറൽ കൺവീനർ പ്രൊഫ.ജോസുകുട്ടി ഒഴുകയിൽ, വൈസ് ചെയർമാന്മാരായ മുതലാംതോട് മണി, മനു ജോസഫ്, ഡിജോ കാപ്പൻ, ജോയ് കൈതാരം, ജോർജ് ജോസഫ് തെള്ളിയിൽ, അഡ്വ. ജോൺ ജോസഫ്, ഭാരവാഹികളായ ജിന്നറ്റ് മാത്യു, ജോർജ് സിറിയക്, ആയാപറമ്പ് രാമചന്ദ്രൻ, വർഗീസ് കൊച്ചുകുന്നേൽ, സി. ടി. തോമസ്, സണ്ണി ആന്റണി, സിറാജ് കൊടുവായൂർ, പി. ജെ. ജോൺ മാസ്റ്റർ, സുനിൽ മഠത്തിൽ, നൈനാൻ തോമസ്, ഡി.കെ. റോസ് ചന്ദ്രൻ, ഔസേപ്പച്ചൻ ചെറുകാട്, ഉണ്ണികൃഷ്ണൻ ചേർത്തല, സുരേഷ് കുമാർ ഓടാപന്തിയിൽ, സണ്ണി തുണ്ടത്തിൽ, ഹരിദാസ് കല്ലടിക്കോട്, ഏനു പി.പി. തുടങ്ങിയവർ സംസാരിച്ചു.