കോട്ടയം:ബഫർസോൺ പരിസ്ഥിതിലോല വിഷയത്തിൽ സംസ്ഥാന വനംവകുപ്പിന്റെ സുപ്രീം കോടതി വിധിയുടെ മറവിലുള്ള ജനവിരുദ്ധ നീക്കങ്ങൾക്ക് മൗനസമ്മതമേകി കൃഷി റവന്യൂ വകുപ്പുകൾ ഒളിച്ചുകളിക്കുകയാണെന്നും വനംവകുപ്പ് മന്ത്രിയുടെ പരസ്പര വിരുദ്ധങ്ങളായ പ്രസ്താവനകൾ മുഖവിലയ്ക്കെടുക്കാനാവില്ലെന്നും രാഷ്ട്രീയ കിസാൻ മഹാസംഘ് സൗത്ത് ഇന്ത്യാ കൺവീനർ അഡ്വ.വി സി.സെബാസ്റ്റ്യൻ പറഞ്ഞു.

ജനങ്ങൾ കാലങ്ങളായി കൈവശരേഖയോടെ അനുഭവിക്കുന്ന ഭൂമി ബഫർസോണിലൂടെ വനമായി മാറുമ്പോൾ സംസ്ഥാനത്തെ റവന്യൂ കൃഷിഭൂമിയുടെ വിസ്തീർണ്ണത്തിൽ വൻ ഇടിവുണ്ടാകും. ഇതറിഞ്ഞിട്ടും ബഫർസോൺ വിഷയത്തിൽ ഈ രണ്ടുവകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും ഒളിച്ചോട്ടം നടത്തുന്നതിൽ ദുരൂഹതയുണ്ട്. കൃഷി റവന്യൂ ഭൂമി സംബന്ധിച്ചും ഇവയുടെ അതിർത്തികൾ സംബന്ധിച്ചും വ്യക്തമായ കണക്കുകളും രേഖകളും സംസ്ഥാനത്തെ കൃഷി റവന്യൂ വകുപ്പുകൾക്കില്ലെന്നുള്ള ആക്ഷേപം ശരിവെയ്ക്കുന്നതാണ് റവന്യൂ കൃഷി ഭൂമി വനമായി മാറുമ്പോഴുള്ള ഈ വകുപ്പുകളുടെ നിഷ്‌ക്രിയത്വം.

ജണ്ടയിട്ടു തിരിച്ചിരിക്കുന്ന വനാതിർത്തിക്ക് പുറത്തുള്ള കൈവശകൃഷിഭൂമിയിലേയ്ക്ക് യാതൊരു കാരണവശാലും ബഫർസോൺ അനുവദിക്കില്ല. ഉദ്യോഗസ്ഥ അജണ്ടകൾക്കു മുമ്പിൽ കിടപ്പാടവും കൃഷിയിടങ്ങളും തീറെഴുതിക്കൊടുത്ത് ബലിയാടാകാൻ ജനങ്ങളെ വിട്ടുകൊടുക്കില്ല. കെട്ടിടങ്ങളുടെ കണക്കെടുക്കാൻ തദ്ദേശവകുപ്പിന് പഞ്ചായത്തുകളിലെ കെട്ടിടനികുതി രജിസ്റ്റർ പരിശോധിക്കാൻ ആവശ്യപ്പെട്ടാൽ മതി. വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ ജനകീയ സമിതിയിലൂടെ സ്ഥലപരിശോധനയുമാകാം. ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുടെ അടിമകളാകാതെ ബഫർസോണിലെ ദുഃഖദുരിതങ്ങളെന്താണെന്ന് പഠിക്കാൻ തയ്യാറാകണം. കൊച്ചിനഗരത്തിലെ മംഗളവനത്തിനു ചുറ്റും ഒരു നീതിയും മലയോരജനതയ്ക്ക് കാട്ടുനീതിയും കേരള മണ്ണിൽ വിലപ്പോവില്ലെന്നും മറ്റു സംസ്ഥാനങ്ങളിലേതുപോലെ കേരളത്തിലും സീറോ ബഫർസോൺ അഥവാ ബഫർസോൺ വനാതിർത്തിക്കുള്ളിൽ എന്ന നിലപാട് പ്രഖ്യാപിച്ച് സുപ്രീം കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ തയ്യാറാകണമെന്നും വി സി.സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.