പാലാ: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ലഹരി-മയക്കു മരുന്നു വ്യാപനത്തിനും എതിരെതാലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ സിന്ധുമോൾ ജേക്കബിന്റെ നേതൃത്വത്തിൽ നടത്തുന്ന വിളംബര ജാഥയ്ക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മേവിടയിൽ സമാപിച്ചു.

കേരളത്തിലെ മുഴുവൻ ഗ്രന്ഥശാലകളെയും ബന്ധപ്പെടുത്തി ഡിസംബർ 22 മുതൽ 30 വരെ നടത്തുന്ന രണ്ട് ജാഥകളിൽ സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ക്യാപ്റ്റനായുള്ള ദക്ഷിണ മേഖലാ ജാഥ 28-ന് രാവിലെ 9-ന് പാലാ ടൗണിൽ എത്തുന്നതിന്റെ മുന്നോടിയായുള്ള താലൂക്ക് ഗ്രന്ഥശാലാ തല വിളംബര യാത്ര കഴിഞ്ഞ മൂന്നു ദിവസമായി താലൂക്കിലെ വിവിധ മേഖലകളിൽ പര്യടനം നടത്തിവരികയായിരുന്നു.

21-ന് രാവിലെ രാമപുരം ജംങ്ഷനിൽ നിന്ന് ആരംഭിച്ച മൂന്നാം ദിന യാത്രയുടെ ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു.കെ.ജോർജ് നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി പൊരുന്നക്കോട്ട് മുഖ്യ പ്രഭാഷണം നടത്തി.

കൂടപ്പുലം ജംങ്ഷനിൽ നൽകിയ സ്വീകരണ പരിപാടിയിൽ എസ്.എൻ.ലൈബ്രറി പ്രസിഡന്റ് സുകുമാരൻ അദ്ധ്യക്ഷനായി.

വലവൂരിൽ ജോർജ് വേരനാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സ്വീകരണയോഗം പ്രൊഫ. കെ.പി.ജോസഫ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ ആർ.കെ.വള്ളീച്ചിറ, ജോർജ് പുളിങ്കാട്, സക്കറിയാസ് വലവൂർ എന്നിവർ രചിച്ച സ്വന്തം പുസ്തകങ്ങൾ ഡോ സിന്ധുമോൾക്ക് കൈമാറി.

താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസീസ്, വിളംബര യാത്രാ സ്ഥിരാംഗങ്ങളും ലൈബ്രറി കൗൺസിൽ അംഗങ്ങളുമായ കെ.എസ്.രാജു, കെ.ആർ.പ്രഭാകരൻ, ഡി.അനിൽകുമാർ, കെ.ജെ.ജോൺ, മോഹനൻ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

ഗ്രന്ഥശാലാ ഭാരവാഹികളും നിരവധി സാംസ്‌കാരിക-സാമൂഹ്യ പ്രവർത്തകരും സ്വീകരണങ്ങളിൽ പങ്കെടുത്തു.