തിരുവനന്തപുരത്ത് ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ഡിഫറന്റ് ആർട്സ് സെന്ററിൽ പരിശീലനം നേടുന്ന ഭിന്നശേഷി കുട്ടികൾക്കൊപ്പമുള്ള ക്രിസ്മസ് ആഘോഷത്തെക്കുറിച്ച് ഹൃദയസ്പർശിയായ ഫേസ്‌ബുക്ക് കുറിപ്പുമായി ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ. 'കേക്കും മിഠായികളും പ്രാർത്ഥനയും മാത്രമേ എന്റെ കൈകളിലുണ്ടായിരുന്നുള്ളൂ. പക്ഷേ അവരെനിക്ക് തിരിച്ച് എക്കാലത്തേക്കും ഓർത്തിരിക്കാനായി മധുരതരമായ ഒരു സായാഹ്നം തന്നെ സമ്മാനിച്ചു.'-ബാവ കുറിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളിൽ ദൈവത്തിന്റെ ഇന്ദ്രജാലമുണ്ടെന്നും അവർ ദൈവത്തിന്റെ മക്കളാണെന്നും ഫേസ്‌ബുക്ക് കുറിപ്പിൽ അദ്ദേഹം പറയുന്നു.

കാതോലിക്കാബാവയുടെ കുറിപ്പിന്റെ പൂർണരൂപം:
നാടെങ്ങും ക്രിസ്മസ് കാലത്തിന്റെ നക്ഷത്രത്തിളക്കമാണ്. നഷ്ടമായ ആഘോഷനിമിഷങ്ങൾ മനുഷ്യരാശിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു. ഒരുപാട് ക്രിസ്മസ് ചടങ്ങുകളിലേക്ക് ക്ഷണം ലഭിക്കുന്നുണ്ട്. അലങ്കാരങ്ങളും ആർഭാടങ്ങളും ക്രിസ്മസിന്റെ യഥാർഥസന്ദേശത്തെ മറയ്ക്കരുത് എന്നതാണ് ഈയുള്ളവന്റ കാഴ്ചപ്പാട്. അതുകൊണ്ട് ആരുമില്ലാത്തവരുടെ കൂടെ ക്രിസ്മസ് സന്തോഷം പങ്കിടാനാണ് ശ്രമിക്കുന്നത്. അവർക്ക് നമ്മളല്ലേ തുണ നിൽക്കേണ്ടത്? തിരുവനന്തപുരത്ത് ശ്രീ.ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ക്രിസ്മസ് ആഘോഷത്തിലേക്ക് ക്ഷണം കിട്ടിയപ്പോൾ അതുകൊണ്ടുതന്നെ ഹൃദയപൂർവ്വം സ്വീകരിച്ചു. ഇന്നലെ അവിടത്തെ ഡിഫറന്റ് ആർട്സ് സെന്ററിൽ പരിശീലനം നേടുന്ന ഭിന്നശേഷികുട്ടികൾക്കൊപ്പം ചെലവിട്ട നിമിഷങ്ങൾ ഈശ്വരസാന്നിധ്യത്തെ അനുഭവിപ്പിക്കുന്നതായി.

ദൈവത്തിന്റെ മാന്ത്രികതയാണ് മനുഷ്യജീവിതം. അവിടുന്ന് വഴിചുഴറ്റി പലതുംസൃഷ്ടിക്കുന്നു,മായ്ക്കുന്നു,മറയ്ക്കുന്നു,വീണ്ടും പ്രത്യക്ഷമാക്കുന്നു. ആ ജാലവിദ്യക്കിടയിൽ നമ്മൾ വെറും ഉപകരണങ്ങൾ മാത്രം. ഭിന്നശേഷിക്കാരായ കുട്ടികളിൽ ദൈവത്തിന്റെ ഇന്ദ്രജാലമുണ്ട് എന്ന് വേണം വിശ്വസിക്കേണ്ടത്. നമുക്കില്ലാത്ത ഒരുപാട് ശേഷികൾ അവർക്കുണ്ട്. അവർ നമ്മളേക്കാൾ മിടുക്കരാണ്. ആ കുട്ടികൾ ഒരിക്കലും ദൈവത്തിന് പറ്റിയ തെറ്റല്ല. മറിച്ച് ദൈവത്തിന്റെ സ്വന്തം മക്കളാണ്. പക്ഷേ പലപ്പോഴും ഭിന്നശേഷിയുള്ള കുട്ടികൾ സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്നു. ഇവിടെയാണ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് വലിയൊരു വിസ്മയമായി മാറുന്നത്. ഭിന്നശേഷികുട്ടികൾക്ക് വേണ്ടിയുള്ള അവിടത്തെ ഡിഫറന്റ് ആർട്സ് സെന്റർ തികച്ചും മാതൃകാപരമായ സംരംഭമാണ്. ഇന്നലെ അവിടത്തെ കുട്ടികളുടെ ഗാനാലാപനവും ചിത്രരചനയും നൃത്തവും വൃന്ദവാദ്യവും ആസ്വദിക്കുമ്പോൾ ഓർത്തുപോയത് ദൈവം എത്രമനോഹരമായാണ് അവരിൽ അവിടുന്നിന്റെ മാന്ത്രികത നിറച്ചുവെച്ചിരിക്കുന്നത് എന്നാണ്. കേക്കും മിഠായികളും പ്രാർത്ഥനയും മാത്രമേ എന്റെ കൈകളിലുണ്ടായിരുന്നുള്ളൂ. പക്ഷേ അവരെനിക്ക് തിരിച്ച് എക്കാലത്തേക്കും ഓർത്തിരിക്കാനായി മധുരതരമായ ഒരു സായാഹ്നം തന്നെ സമ്മാനിച്ചു. ഞങ്ങൾ ഒരുമിച്ച് കേക്കുമുറിച്ചു,പാട്ടുപാടി,സന്തോഷിച്ചു. ചിലരൊക്കെ എന്നെ കെട്ടിപ്പിടിച്ചു. വേറെ ചിലർ കൈകളിൽവിടാതെ പിടിച്ചു. അപ്പോൾ ഞാൻ ദൈവത്തിന്റെ സ്പർശം അനുഭവിച്ചു.

ഡിഫറന്റ് ആർട്സ് സെന്റർ എന്ന ശ്രേഷ്ഠദൗത്യത്തിനും അതിനുവേണ്ടി സമർപ്പിച്ച ജീവിതത്തിനും ശ്രീ.മുതുകാടിനോട് വലിയൊരു നന്ദി പറയുന്നു. മാജിക് പ്ലാനറ്റിനൊപ്പം ചേർന്ന് ഈ ക്രിസ്മസ് വിരുന്ന് മനോഹരമാക്കിയ സഭയിലെ മുതിർന്ന വൈദികൻ ഫാ.തോമസ് കുര്യൻ മരോട്ടിപ്പുഴ,എം.ജി.എം.ഗ്രൂപ്പ് വൈസ് ചെയർമാൻ ജാബ്സൺ വർഗീസ്,നിധിൻ ചിറത്തിലാട്ട് എന്നിവരെ അഭിനന്ദിക്കുന്നു.പാർശ്വവത്കരിക്കപ്പെട്ടവരുടെ പക്ഷത്തേക്ക് വന്നുചേർന്ന ആനന്ദത്തെയാണ് ക്രിസ്മസ് അനുസ്മരിക്കുന്നത്. ആ അർഥത്തിൽ മാജിക് പ്ലാനറ്റ് സമ്മാനിച്ചത് പരമമായ ആനന്ദം തന്നെയാണ്.