കൊച്ചി: കാഴ്ച പരിമിതരുടെ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി പ്രവർത്തിക്കുന്ന ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരളയുടെ 10ാം വാർഷികം ആഘോഷിച്ചു. ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യക്ക് കീഴിലുള്ള അംഗീകൃത അസോസിയേഷനായ ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ് കേരള 2012ലാണ് രൂപീകരിച്ചത്. ലോക ബ്ലൈൻഡ് ക്രിക്കറ്റ് കൗൺസിസിന്റെ അംഗീകാരവും അസോസിയേഷനുണ്ട്. കാഴ്ചപരിമിതിയുള്ള കുറച്ചുപേരുടെ കഠിന പ്രയത്‌നത്തിന്റെ ഭാഗമായാണ് 2012ൽ അസോസിയേഷൻ ആരംഭിക്കുന്നത്.

മികച്ച പ്രവർത്തനത്തിലൂടെ 2020ലെ മികച്ച ക്രിക്കറ്റ് അസോസിയേഷനുള്ള ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ ഇന്ത്യയുടെ പുരസ്‌കാരവും കേരള അസോസിയേഷനെ തേടിയെത്തി. കാഴ്ച പരിമിതിയുള്ളവർക്കിടയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സാഹചര്യവും സൗകര്യവുമൊരുക്കുക എന്നതാണ് അസോസിയേഷന്റെ പ്രധാന പ്രവർത്തനം. ഇതിന്റെ ഭാഗമായി കാഴ്ചപരിമിതിയുള്ളവർക്കുവേണ്ടിയുള്ള സ്‌കൂളുകളിൽ ക്രിക്കറ്റ് പരിശീലനത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കുന്നതിനോടൊപ്പം അടിസ്ഥാന തലം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളും ടൂർണമെന്റുകളും സംഘടിപ്പിക്കുന്നുമുണ്ട്. അസോസിയേഷന്റെ നേതൃത്വത്തിലാണ് കാഴ്ച പരിമിതിയുള്ളവരുടെ സംസ്ഥാന പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകളെ തെരഞ്ഞെടുത്തു പരിശീലിപ്പിക്കുന്നത്. ക്രിക്കറ്റ് കളിക്കുന്നതിലൂടെ കാഴ്ച പരിമിതിയുള്ളവർക്ക് വരുമാനം ലഭിക്കുന്നതിനുള്ള സാഹചര്യമൊരുക്കുക എന്ന വലിയ ലക്ഷ്യവും അസോസിയേഷനുണ്ട്. അസോസിയേഷന്റെ നേതൃത്വത്തിൽ ആലുവയിൽ പ്രവർത്തിക്കുന്ന സിഎബികെ സെന്റർ ഫോർ എക്‌സലൻസിൽ കാഴ്ച പരിമിതർക്ക് മികച്ച ക്രിക്കറ്റ് പരിശീലനത്തിനുള്ള സൗകര്യെമാരുക്കിയിട്ടുണ്ട്. 2019ൽ കേരളത്തിന്റെ ആദ്യ വനിതാ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനു രൂപം നൽകുന്നതിലും അസോസിയേഷൻ പ്രധാന പങ്കുവഹിച്ചു.

രാജ്യത്താദ്യമായി കാഴ്ച പരിമിതിയുള്ളവർക്കുവേണ്ടിയുള്ള ക്രിക്കറ്റ് അക്കാദമി ആരംഭിച്ചതും കേരള അസോസിയേഷനു കീഴിലാണ്. കാഴ്ചപരിമിതയുള്ളവർക്കു വേണ്ടിയുള്ള സ്‌കൂളുകളിൽ കഴിഞ്ഞ 10 വർഷമായി അസോസിയേഷന്റെ നേതൃത്വത്തിൽ ക്രിക്കറ്റ് പരിശീലന പരിപാടികൾ സംഘടിപ്പിച്ചുവരുന്നു. ഇക്കാലയളവിൽ ദേശീയ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിലേക്ക് 10ലേറെ താരങ്ങളെ സംഭാവന നൽകാനും കേരള അസോസിയേഷനു സാധിച്ചു. ഇന്ത്യയുടെ ലോകകപ്പ് വിജയങ്ങളിൽ ഈ താരങ്ങളുടെ പ്രകടനം നിർണായകമായിരുന്നു. കോവിഡ് സമയത്ത് 150ഓളം താരങ്ങൾക്ക് മൂന്നു മാസത്തോളം തൂടർച്ചയായി സാമ്പത്തിക സഹായം ലഭ്യമാക്കാനും അസോസിയേഷനു സാധിച്ചു. 2018ലെ പ്രളയ സമയത്ത് വാർഷിക ഗ്രാൻഡ് തുകയായ 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്തും ക്രിക്കറ്റ് അസോസിയേഷൻ ഫോർ ബ്ലൈൻഡ് ഇൻ കേരള മാതൃകയായി. ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ ജിനീഷ് പി , ജനറൽ സെക്രട്ടറി രജനീഷ് ഹെന്റി , യു എസ് ടെക്നോളജി സെൻട്രൽ ഹെഡ് സുനിൽ ബാലകൃഷ്ണൻ, സി എസ് ആർ ഹെഡ് പ്രശാന്ത് സുബ്രമണ്യൻ, സി എ ബി കെ സീനിയർ റൊട്ടേറിയൻ അഡൈ്വസറി ബോർഡ് മെമ്പർ എബ്രഹാം ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പും യുഎസ് ടിയും ആണ് ബ്ലൈൻഡ് ക്രിക്കറ്റ് കേരളയുടെ പ്രധാന സ്പോൺസർമാർ.