കൊച്ചി: വിവിധ കലകളിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരന്മാർക്ക് ആദരമൊരുക്കി സുകൃതം ഭാഗവത യജ്ഞസമിതി.എറണാകുളത്തപ്പൻ മൈതാനിയിൽ നടന്നു വരുന്ന പത്താമത് സുകൃതം ഭാഗവത സപ്താഹാമൃതത്തിന്റെ ഭാഗമായിട്ടാണ് യജ്ഞസമിതിയുടെ നേതൃത്വത്തിൽ കലാകാരന്മാരെ ആദരിച്ചത്.നോക്കുവിദ്യ പാവകളി കലാകാരി പത്മശ്രീ പങ്കജാക്ഷിയമ്മ,ബ്ലാവേലി വായനക്കാരനായ ഹരിദാസ് പട്ടിമറ്റം, വിദ്യാർത്ഥിയും സോപാന സംഗീത ഗായകനുമായ പി.ഡി പരമേശ്വരൻ,വാസ്തുശാസ്ത്ര വിദഗ്ദനും നൃത്ത സംഗീത സംവിധായകനുമായ എം.കെ ഗോപിനാഥൻ,കവിയും എഴുത്തുകാരനുമായ അയ്മനം രവീന്ദ്രൻ,ഗായകൻ കെ.വി സുന്ദരമണി,കഥാപ്രസംഗകനും ഗായകനുമായ കൊച്ചിൻ രാജൻ,സംഗീതജ്ഞൻ ആലപ്പുഴ നാദം ഗിരീഷ്‌കുമാർ,വീഡിയോ എഡിറ്റർ സുനിൽകുമാർ എന്നിവരെയാണ് ആദരിച്ചത്.ചലച്ചിത്ര സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി,സ്വാമി ഉദിത് ചൈതന്യ എന്നിവർ ചേർന്ന് ഇവർക്ക് മെമന്റോയും പൊന്നാടയും നൽകി.

സുകൃതം ഭാഗവത യജ്ഞസമിതി ഭരണസമിതിയംഗം ശ്രീകുമാരി രാമചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.ചലച്ചിത്ര സംവിധായകനും വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന അധ്യക്ഷനുമായ വിജി തമ്പി മുഖ്യപ്രഭാഷണം നടത്തി.പൊതുസമൂഹത്തിൽ അധികം അറിയപ്പെടാതെ കലയെ ഉപാസിച്ചു ജീവിക്കുന്ന കലാകാരന്മാരെ ആദരിക്കാൻ തീരുമാനിച്ച സുകൃതം ഭാഗവത യജ്ഞസമിതിയെ അഭിനന്ദിക്കുന്നതായി വിജി തമ്പി പറഞ്ഞു.വൈവിധ്യമാർന്ന കലാരൂപങ്ങളാൽ സമ്പുഷ്ടമാണ് കേരളം.പക്ഷേ ഇന്ന് ആ കലാരൂപങ്ങൾ പലതും വേരറ്റുകൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും വിജി തമ്പി പറഞ്ഞു. ക്ഷേത്രങ്ങളിൽ പോലും ക്ഷേത്രകലകളെ വേണ്ട രീതിയിൽ പ്രോൽസാഹിപ്പിക്കുന്നില്ലെന്നും വിജി തമ്പി പറഞ്ഞു.ജസ്റ്റിസ് പി.എൻ രവീന്ദ്രൻ,സ്വാമി ഉദിത് ചൈതന്യ,ഭാഗവത സപ്താഹാചാര്യ ശോഭന രവീന്ദ്രൻ, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ് ഷൈജു, പി.വി അതികായൻ,കെ.ജി വേണുഗോപാൽ,സുനിൽ ഇല്ലം തുടങ്ങിയവർ സംസാരിച്ചു.

ഇന്ന് (28.12.22) രാവിലെ ആറു മുതൽ സ്വാമി ഉദിത് ചൈതന്യയുടെ നേതൃത്വത്തിൽ ധ്യാനം,വിഷ്ണുസഹസ്രനാമം,ഭാഗവത പാരായണം എന്നിവ നടക്കും.എട്ടിന് സ്‌കൂൾ,കോളേജ് വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക പൂജയായ വിദ്യാഗോപാല മന്ത്രാർച്ചന നടക്കും.തുടർന്ന് 2020-21 വർഷത്തിൽ സുകൃതം കലാമാമാങ്കത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നടക്കും.11.30 ന് കുലപതി കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ആചാര്യശ്രീ രാജേഷിന്റെ പ്രഭാഷണം നടക്കും.സുകൃതം ഭാഗവത യജ്ഞസമിതി വൈസ് ചെയർമാൻ ജസ്റ്റിസ് ആർ.ഭാസ്‌കരൻ അധ്യക്ഷത വഹിക്കും.മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ,എൻ.എസ്.എസ് ഡയറക്ടർ ബോർഡ് അംഗം എം.എം ഗോവിന്ദൻ കുട്ടി മാസ്റ്റർ എന്നിവർ സംസാരിക്കും.രാത്രി ഏഴിന് തൃപ്പൂണിത്തുറ ഇല്ലം കലാകേന്ദ്രം രഞ്ജിത് അവതരിപ്പിക്കുന്ന പൂതനാമോഷം,ചലച്ചിത്ര,സീരിയൽ താരം മാധവ് സുനിലും സംഘവും അവതരിപ്പിക്കുന്ന ധീരസമീരേ യമുനാ തീരേ എന്ന നൃത്ത രൂപകവും അരങ്ങേറും.