- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുകൃതം ഭാഗവത യജ്ഞ സമിതിയുടെ കരം പിടിച്ച് 10 യുവതികൾ സുമംഗലികളായി
കൊച്ചി: നാമജപ മന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ കൊട്ടും കുരവയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ സുകൃതം ഭാഗവത യജ്ഞ സമിതിയുടെ കരം പിടിച്ച് 10 യുവതികൾ കൂടി സുമംഗലികളായി.എറണാകുളത്തപ്പൻ മൈതാനിയിൽ നടന്നുവരുന്ന സുകൃതം ഭാഗവത സപ്താഹാമൃതത്തിന്റെ ഭാഗമായി ഭാഗവത യജ്ഞ സമിതിയുടെ നേതൃത്വത്തിൽ നടന്ന സമൂഹ വിവാഹത്തിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പത്തു യുവതികൾ കൂടി വരന്മാരുടെ കൈപിടിച്ച് ഇന്നലെ വൈവാഹിക ജീവിതത്തിലേക്ക് പ്രവേശിച്ചത്.
ആതിര-വിശാഖ്,അഞ്ചുഷ-പ്രശോഭ്,അനശ്വര-സുധീഷ്,ഹരിഷ്്മ-മനു,പ്ത്മപ്രിയ-രാഹുൽ,സുനിത-അനിഷ്,മേഘ-പവിൽ,നിത്യ-ബൈജു,അഹല്യ-അഖിൽ,കരിഷ്മ-ജ്യോതിഷ് എന്നിവരാണ് ഇന്നലെ വിവാഹിതരായത്.എറണാകുളം ശിവേക്ഷേത്രത്തിൽ രാവിലെ ഒമ്പതിനും പത്തിനുമിടയിലായിരുന്നു വിവാഹം.മാതാപിതാക്കളുടെയും ബന്ധുക്കളുടെയുമൊപ്പം എത്തിയ വധൂവരന്മാരെ സുകൃതം ഭാഗവത യജ്ഞ സമിതി പ്രസിഡന്റെ ജസ്റ്റിസ് പി.എൻ രവീന്ദ്രൻ,ജനറൽ സെക്രട്ടറി പി.വി അതികായൻ എന്നിവർ ചേർന്നു ക്ഷേത്ര സന്നിധിയിലേക്ക് സ്വീകരിച്ചു.തുടർന്ന് ക്ഷേത്രം മേൽശാന്തിയുടെ കാർമ്മികത്വത്തിൽ നടന്ന ചടങ്ങിൽ തങ്ങളുടെ വധുവിന്റെ കഴുത്തിൽ വരന്മാർ താലി ചാർത്തി. ശേഷം വധൂവരന്മാർ പരസ്പരം തുളസിമാല അണിയിച്ചു.
താലികെട്ടിനു ശേഷം ഹനുമാൻ കോവിലിൽ എത്തിയ വധൂവരന്മാർക്ക് പാലും പ്രസാദവും നൽകി അനുഗ്രഹിച്ചു.തുടർന്ന് വാദ്യ മേളങ്ങളുടെ അകമ്പടിയോടെ വധൂവരന്മാരെ സുകൃതം ഭാഗവത സപ്താഹാമൃതവേദിയിലേക്ക് ആനയിച്ചു.പുഷ്പ വൃഷ്ടിയോടെയാണ് ഭക്തജനങ്ങൾ വധൂവരന്മാരെ വേദിയിലേക്ക് സ്വീകരിച്ചത്. സ്വാമി ഉദിത് ചൈതന്യയുടെ കാർമ്മികത്വത്തിൽ വേദിയിൽ വെച്ച് വരന്മാർ തങ്ങളുടെ വധുവിന് പുടവ നൽകി.തുടർന്ന് പരസ്പരം മാല ചാർത്തുകയും മോതിരം അണിയിക്കുകയും വരന്മാർ വധുവിന്റെ നെറുകയിൽ സിന്ദൂരം തൊടുവിക്കുകയും ചെയ്തു. വധുവിനെ വളയണിക്കുന്ന ചടങ്ങും നടന്നു. പിതാവും യജ്ഞസമിതി ജനറൽ സെക്രട്ടറി പി.വി അതികായനും രക്ഷിതാവും ചേർന്ന് വധുവിന്റെ കരം പിടിച്ച് വരന്മാരെ ഏൽപ്പിച്ചു.തുടർന്ന് യജ്ഞ സമിതിയുടെ നേതൃത്വത്തിൽ ഉപഹാരം നൽകി വധൂവരന്മാരെ ആദരിച്ചു. ബദരീനാഥ് എച്ച്.എച്ച് റാവൽ മഹാരാജ് ബ്രഹ്‌മശ്രീ ചന്ദ്രമന ഈശ്വര പ്രസാദ് നമ്പൂതിരി,മാതാവ് സുഭദ്ര അന്തർജ്ജനം എന്നിവർ മുഖ്യ അതിഥികളായിരുന്നു.
വിവാഹ ചടങ്ങുകൾക്കും ശേഷം നടന്ന യോഗത്തിൽ സുകൃതം ഭാഗവത യജ്ഞ സമിതി പ്രസിഡന്റ് ജസ്റ്റിസ് പി.എൻ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു.ഹൈബി ഈഡൻ എംപി,യജ്ഞ സമിതി ജനറൽ സെക്രട്ടറി പി.വി അതികായൻ,ശ്രീകുമാരി രാമചന്ദ്രൻ,സുനിൽ ഇല്ലം,കെ.ജി വേണുഗോപാൽ, ടി.ആർ സദാനന്ദഭട്ട്, അജേഷ്,ശിവരാമകൃഷ്ണ സ്വാമി,രമ.കെ നായർ,മിനി വേണുഗോപാൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസാദമൂട്ടും ഉണ്ടായിരുന്നു.ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇന്നലെ സുകൃതം ഭാഗവത സപ്താഹാമൃത വേദി സന്ദർശിക്കാനെത്തിയിരുന്നു.
ഭാഗവത യജ്ഞ സമിതിയുടെ നേതൃത്വത്തിൽ ഇത് പത്താം വർഷമാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്.ഇന്നലെ നടന്ന വിവാഹത്തോടെ 78 പേരുടെ വിവാഹമാണ് ഇതുവരെ സമിതി മുൻകൈ എടുത്ത് നടത്തിയത്.2012 ലാണ് യജ്ഞസമിതിയുടെ നേതൃത്വത്തിൽ സമൂഹ വിവാഹത്തിന് തുടക്കം കുറിക്കുന്നത്.ആദ്യ വർഷം മൂന്നും രണ്ടാം വർഷം അഞ്ചും യുവതികളുടെ വിവാഹമാണ് നടത്തിയത്. 2015 മുതലാണ് പത്തുപേരായി ഉയർന്നത്.സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള യുവതികളെയാണ് വിവാഹത്തിനായി സഹായിക്കുന്നത്.ഇതിനായി കേരളത്തിലങ്ങോളമിങ്ങോളം സമിതി ഭാരവാഹികൾ സഞ്ചരിച്ച് നിരവധി പരിശോധനകൾക്കും അന്വേഷണങ്ങളും നടത്തി അതാത് ദേശത്തെ പഞ്ചായത്ത് അംഗം ഉൾപ്പെടെയുള്ളവരുടെ സഹായത്തോടെയാണ് അർഹരായവരെ കണ്ടെത്തുന്നത്.യുവതികളുടെ വീട്ടുകാരാണ് വരന്മാരെ കണ്ടെത്തുന്നത്.