- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യത്യസ്ത മാപ്പുകളിറക്കി ബഫർസോണിൽ സർക്കാർ സങ്കീർണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നിൽ ഗൂഢാലോചന: അഡ്വ.വി സി. സെബാസ്റ്റ്യൻ
കോട്ടയം:മൂന്നാംതവണയും വ്യത്യസ്ത മാപ്പുകളിറക്കി സംസ്ഥാന സർക്കാർ ബഫർസോൺ വിഷയത്തിൽ കൂടുതൽ സങ്കീർണ്ണത സൃഷ്ടിക്കുന്നതിന്റെ പിന്നിൽ വനവൽക്കരണ ഗൂഢാലോചനയും കോടതിയെ തെറ്റിദ്ധരിപ്പിക്കുക എന്ന ഗൂഢലക്ഷ്യവുമാണെന്ന് വ്യക്തമെന്ന് ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവലിയർ അഡ്വ.വി സി,സെബാസ്റ്റ്യൻ.
സുപ്രീംകോടതി 2022 ജൂൺ 3ലെ വിധിന്യായത്തിലൊരിടത്തും റവന്യൂ ഭൂമിയിൽ ബഫർസോൺ വേണമെന്ന് പറഞ്ഞിട്ടില്ല. വിധിക്കടിസ്ഥാനമായ രാജസ്ഥാനിലെ ജാമുരാംഗർ വന്യജീവി സങ്കേതത്തിനു ചുറ്റുമായി ഉപജീവനപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ 500 മീറ്ററായി ചുരുക്കാമെന്നും കോടതി ചൂണ്ടിക്കാട്ടുമ്പോൾ ബഫർസോൺ പൂജ്യമായി നിജപ്പെടുത്തുന്ന സാധ്യതകൾ വ്യക്തമാക്കുന്നുണ്ട്. സുപ്രീംകോടതി വിധിയിലൂടെ ബഫർസോൺ യാഥാർത്ഥ്യമാണെന്നിരിക്കെ അതിൽ നിന്ന് ഇളവ് ലഭിക്കാൻ ജനവാസമേഖലകളും നിർമ്മാണങ്ങളും ഉൾക്കൊള്ളിച്ചുള്ള രേഖാമൂലമുള്ള റിപ്പോർട്ടാണ് സംസ്ഥാനം സി.ഇ.സി.വഴി കോടതിയിൽ സമർപ്പിക്കേണ്ടത്.
ഉപഗ്രഹ സർവ്വേയെക്കുറിച്ചുള്ള സുപ്രീംകോടതി പരാമർശം വനത്തിനുള്ളിലെ ഫിസിക്കൽ സർവ്വേയുടെ പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണെന്നും വ്യക്തമാണ്. ഇന്ത്യയിലെ വന്യജീവി സങ്കേതങ്ങൾ മിക്കവയും വനത്തിനുള്ളിലായിരിക്കുമ്പോൾ വനാതിർത്തിക്കുള്ളിൽ ബഫർസോൺ നിജപ്പെടുത്തുന്നതിൽ യാതൊരു തടസ്സവും അപാകതയുമില്ല. ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിർത്തിക്കുള്ളിൽ കേരളത്തിലൊരിടത്തും നിർമ്മാണങ്ങളോ ജനവാസമോ കെട്ടിടങ്ങളോ ഇല്ലാത്തതുകൊണ്ട് സർക്കാർ ഇപ്പോൾ നടത്തുന്ന പ്രക്രിയകൾ പോലും അടിസ്ഥാനമില്ലാത്തതാണ്. വനാതിർത്തി വിട്ടുള്ള ബഫർസോൺ അംഗീകരിക്കാനാവില്ലെന്നിരിക്കെ നിർദ്ദിഷ്ഠമാപ്പിലെ നിർമ്മാണങ്ങൾ മാത്രമല്ല ജനങ്ങളുടെ ജീവനോപാധികൾ, സാമ്പത്തികരംഗം, കൃഷികൾ തുടങ്ങിയവയുൾക്കൊള്ളുന്ന സാമൂഹ്യ ആഘാതപഠനമാണ് നടത്തേണ്ടത്. സുപ്രീംകോടതി ഉത്തരവിലെ നിർദ്ദേശങ്ങൾ മറികടന്ന് കർഷകഭൂമി കൈയേറി ജനദ്രോഹനടപടികളിലേയ്ക്ക് വനംവകുപ്പ് കടക്കുമ്പോൾ സ്വന്തം കിടപ്പാടം നഷ്ടപ്പെടുന്ന പ്രദേശവാസികൾ വൈകാരികമായി പ്രതികരിക്കും. ചിലപ്പോൾ നിയമംപോലും കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകും. സർക്കാർ സംവിധാനങ്ങൾ സമചിത്തതയോടെ ബഫർസോൺ വിഷയത്തെ സമീപിക്കാതെ ജനങ്ങളെ കള്ളക്കേസിൽ കുടുക്കി ജയിലിലടയ്ക്കാനാണ് ശ്രമമെങ്കിൽ ശക്തമായ പ്രതിഷേധ പ്രതികരണങ്ങൾ നേരിടേണ്ടിവരുമെന്നും വനവിസ്തൃതി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന വനംവകുപ്പിൽ നിന്നും, വിദഗ്ധസമിതിയിൽ നിന്നും പ്രദേശവാസികൾക്ക് നീതി കിട്ടില്ലെന്നും വി സി.സെബാസ്റ്റ്യൻ പറഞ്ഞു.