കൊച്ചി: (30.12.22) ഭാഗവത യജ്ഞസമിതിയുടെ നേതൃത്വത്തിൽ എറണാകുളത്തപ്പൻ മൈതാനിയിൽ നടന്നുവരുന്ന സുകൃതം ഭാഗവത സപ്താഹാമൃതത്തിന്റെ ഭാഗമായി വീൽ ചെയറുകളും കാൻസർ രോഗികളായ കുട്ടികൾക്കുള്ള ചികിൽസാ ധനസഹായ വിതരണവും നടന്നു. കാൻസർ രോഗബാധിതരായ 15 കുട്ടികൾക്കാണ് ധനസഹായം നൽകിയത്.10 പേർക്ക് വീൽ ചെയറുകളും വിതരണം ചെയ്തു.യജ്ഞവേദിയിൽ നടന്ന ചടങ്ങിൽ കാൻസർ രോഗ വിദഗ്ദൻ ഡോ.വി.പി ഗംഗാധരനും സ്വാമി ഉദിത് ചൈതന്യയും ചലച്ചിത്ര തിരക്കഥാകൃത്ത് എസ്.എൻ സ്വാമിയും ചേർന്ന് സഹായവിതരണം നിർവ്വഹിച്ചു.കാൻസർ രോഗബാധിതരായ കുട്ടികൾക്കുവേണ്ടി മാതാപിതാക്കൾ ധനസഹായം ഏറ്റുവാങ്ങി.ആലംബഹീനരെയും രോഗബാധിതരെയും സഹായിക്കാൻ സമൂഹത്തിൽ ധാരാളം പേർ ഉണ്ടെന്നും അവർക്കാവശ്യമായ പിന്തുണ നൽകുകയാണ് ഓരോരുത്തരുടെയും കടമയെന്ന് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ സ്വാമി ഉദിത് ചൈതന്യ പറഞ്ഞു.അങ്ങനെയെങ്കിൽ ഏത് അബോധാവസ്ഥയിൽ നിന്നും ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാൻ സാധിക്കും.സഹവർത്തിത്വമാണ് വേണ്ടത്.കൂട്ടായ്മ വളരെ പ്രധാനമാണ്.കൂട്ടായ്മകൊണ്ടാണ് മഹത്തായ കാര്യങ്ങൾ നടക്കുന്നത്.കൂട്ടായ്മയുണ്ടെങ്കിൽ ലോകത്തിൽ ദുഃഖങ്ങൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.മാനസികമായ പ്രശ്‌നങ്ങളാണ് ഏതു രോഗത്തിന്റെയും തുടക്കമെന്ന് ചലച്ചിത്ര തിരക്കഥാകൃത്ത് എസ്.എൻ സ്വാമി പറഞ്ഞു.ഇത്തരത്തിൽ ബാധിക്കുന്ന രോഗം ശാരീരികമായ അവസ്ഥയിൽ കണ്ടുപിടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സുകൃതം ഭാഗവത യജ്ഞസമിതി രക്ഷാധികാരി ജി.സതീഷ്‌കുമാർ അധ്യക്ഷത വഹിച്ചു.ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജസ്റ്റിസ് പി.എൻ രവീന്ദ്രൻ,ബിജെപി സംസ്ഥാന ജനൽ സെക്രട്ടറി സി.കൃഷ്ണകുമാർ,വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് വി.ശ്രീകുമാർ,യജ്ഞസമിതി പ്രസിഡന്റ് ജസ്റ്റിസ് പി.എൻ രവീന്ദ്രൻ, ജനറൽ സെക്രട്ടറി പി.വി അതികായൻ,സുനിൽ ഇല്ലം,അജി പുല്ലാട്ട്,ഹേമ ദയാനന്ദൻ തുടങ്ങിയവർ സംസാരിച്ചു.

സുകൃതം ഭാഗവത സപ്താഹാമൃതം ഇന്ന് സമാപിക്കും : സുകൃതം ഭാഗവത പുരസ്‌ക്കാരം വേണുഗോപാൽ സി. ഗോവിന്ദിന്

കൊച്ചി: (30.12.22) ഭാഗവത യജ്ഞസമിതി ഏർപ്പെടുത്തിയ പത്താമത് സുകൃതം ഭാഗവത പുരസ്‌ക്കാരം വേണുഗോപാൽ.സി ഗോവിന്ദ് അർഹനായി.വർഷങ്ങളായി ആധ്യാത്മിക,സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്ന വേണുഗോപാൽ സി.ഗോവിന്ദ് കേരളത്തിലെ അറിയപ്പെടുന്ന ചാർട്ടേഡ് അക്കൗണ്ടന്റു കൂടിയാണ്. വേണുഗോപാൽ സി.ഗോവിന്ദിന്റെ പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിലാണ് ഈ വർഷത്തെ സുകൃതം ഭാഗവത പുരസ്‌ക്കാരത്തിന് അദ്ദേഹത്തെ അർഹനാക്കിയതെന്ന് ഭാഗവത യജ്ഞസമിതി ജനറൽ സെക്രട്ടറി പി.വി അതികായൻ പറഞ്ഞു. ഇന്ന് (31.12.2022) രാവിലെ 11.30 ന് എറണാകുളത്തപ്പൻ മൈതാനിയിൽ നടക്കുന്ന സുകൃതം ഭാഗവത സപ്താഹാമൃത സമാപന സമ്മേളനത്തിൽ കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പുരസ്‌കാര വിതരണം നിർവ്വഹിക്കും. പത്മശ്രീ പി.പരമേശ്വർ,മെട്രോമാൻ ഇ.ശ്രീധരൻ,ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.രാധാകൃഷ്ണൻ ഉൾപ്പെടെയുള്ള പ്രമുഖ വ്യക്തികളാണ് മുൻകാലങ്ങളിൽ സുകൃതം ഭാഗവത പുരസ്‌ക്കാരത്തിന് അർഹരായത്. ഭാഗവത യജ്ഞസമിതി രക്ഷാധികാരി ജസ്റ്റിസ് എം.രാമചന്ദ്രൻ അധ്യക്ഷത വഹിക്കും.ഭാരതീയ വിദ്യാഭവൻ ഡയറക്ടർ ഇ.രാമൻകുട്ടി പുരസ്‌ക്കാര ജേതാവിനെ പരിചയപ്പെടുത്തും. സാഹിത്യകാരൻ സി.രാധാകൃഷ്ണൻ,ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണൻ,ജസ്റ്റിസ് പി.എൻ രവീന്ദ്രൻ ഉൾപ്പെടെ പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും.സമാപന സമ്മേളനത്തിനു ശേഷം യജ്ഞപ്രസാദ വിതരണം നടക്കും. തുടർന്ന് ഗൗരിശങ്കര കലാലയത്തിന്റെ ഭക്തിഗാനാമൃതവും ഉണ്ടായിരിക്കും.